ഒളിവിലിരുന്ന് സ്വപ്‌നയുടെ കുമ്പസാരം; ആത്മഹത്യാ ഭീഷണി

ആത്മഹത്യാ ഭീഷണി മുഴക്കിക്കൊണ്ട് സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് തിരയുന്ന സ്വപ്ന സുരേഷ്. തനിക്ക് സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്നും ഭയംകൊണ്ടുമാണ് മാറിനില്‍ക്കുന്നത് എന്നുമുള്ള ശബ്ദരേഖ എവിടെയെന്നു വ്യക്തമാക്കാതെയാണ് മാധ്യമങ്ങളിലൂടെ പുറത്തു വിട്ടിരിക്കുന്നത്. ജോലിയുടെ ഭാഗമായി ഒരുപാട് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ മന്ത്രിമാര്‍, പ്രതിപക്ഷം തുടങ്ങി എല്ലാവരുമായി ഇടപെട്ടിട്ടുണ്ടെന്നും അതെല്ലാം തികച്ചും ഔദ്യോഗികമാണ്. ബാഗേജ് വിട്ടു നല്‍കാന്‍ വിളിച്ചത് ഔദ്യോഗികമായാണെന്നും ഇവര്‍ പറയുന്നു.

ഞാന്‍ സ്വപ്ന സുരേഷ് എന്ന് സ്വയം പരിചയപ്പെടുത്തി തുടങ്ങുന്ന ഓഡിയോയില്‍ നേരത്തെ ചെയ്തിരുന്ന ജോലിയെക്കുറിച്ചും ഇപ്പോഴത്തെ ജോലിയെക്കുറിച്ചും എല്ലാം വിശദീകരിക്കുന്നുണ്ട്. ‘മാധ്യമങ്ങളില്‍ ഇപ്പോള്‍ താനൊരു കള്ളക്കടത്തുകാരിയും ക്രിമിനലുമായിട്ടുണ്ട്. എല്ലാവരോടും പറയാനുള്ളത് നയതന്ത്ര ബാഗേജിലൂടെ കള്ളക്കടത്തു നടത്തിയ ഒരു പ്രതി, ഉത്തരവാദിയായ ആളാണ് താനെന്നാണ് എല്ലാവരും പറയുന്നത്. ഞാനങ്ങനെ ചെയ്തിട്ടില്ല. ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണം വന്നതില്‍ ഒരു പങ്കുമില്ല. യുഎഇയില്‍ നിന്നു വന്ന ബാഗേജ് ക്ലിയറാകാന്‍ താമസിച്ചപ്പോള്‍ കോണ്‍സലിലെ ഡിപ്ലോമാറ്റ് കാര്‍ഗോ വന്നതിന്റെ അടുത്ത ദിവസം വിളിച്ച് എന്റെ കാര്‍ഗോ ഇതുവരെ വന്നില്ല, എന്താണ് ഇത്ര താമസം, ഒന്ന് അന്വേഷിക്കുമോ എന്ന് ചോദിച്ചു. അതനുസരിച്ചാണ് കസ്റ്റംസിലെ അസിസ്റ്റന്റ് കമ്മിഷണറെ വിളിക്കുന്നത്. അദ്ദേഹം അത് കൈകാര്യം ചെയ്യാം എന്ന് സമ്മതിക്കുകയും ചെയ്തതാണ്.

അവിടെ ജോലി ചെയ്യുന്ന സമയത്ത് കാര്‍ഗോ, ഫിനാന്‍സ് ഇത്തരം കാര്യങ്ങളിലൊന്നും ജോലി ചെയ്തിട്ടില്ല. കോണ്‍സലറുടെ സെക്രട്ടറിയായാണ് ജോലി ചെയ്തത്. പഴ്‌സനല്‍ കാര്യങ്ങള്‍ക്കായി ഒരിക്കലും ആരോടും സംസാരിച്ചിട്ടില്ല. ഇപ്പോള്‍ അവിടെ ഔദ്യോഗികമായി ജോലിക്കാരിയല്ല. കഴിഞ്ഞ ഞായറാഴ്ച വരെ അവിടെയുണ്ടായിരുന്ന ഒഴിപ്പിക്കല്‍ ഉള്‍പ്പടെ രഹസ്യ, ഭരണപരമായ കാര്യങ്ങളിലെല്ലാം ഇടപെടുകയും ആവശ്യപ്പെട്ട കാര്യങ്ങളില്‍ സഹായിക്കുകയും ചെയ്തിട്ടുണ്ട്. സ്‌പേസ് പാര്‍ക്കില്‍ കരാര്‍ ജോലിക്കാരിയായി ഇരുന്ന് എന്തിനാണ് കോണ്‍സുലേറ്റിലെ കാര്യങ്ങള്‍ ചെയ്യുന്നതെന്ന് ചോദിച്ചേക്കാം. ഞാന്‍ യുഎഇയില്‍ ജനിച്ചു വളര്‍ന്നതിന്റെ സ്‌നേഹം കൊണ്ടാണത്.

ഈ സംഭവത്തില്‍ എന്റെ ആകെക്കൂടിയുള്ള ഇടപെടല്‍ അസി. കമ്മിഷണറെ വിളിച്ച് സംസാരിച്ചതാണ്. ഞാനെന്ന സ്ത്രീയെ ഫ്രെയിം ചെയ്ത് എന്നെ ഞാനല്ലാതെ ആക്കി ആത്മഹത്യയുടെ വക്കിലെത്തിച്ചത് ചിലര്‍ക്ക് തിരഞ്ഞെടുപ്പില്‍ സ്വാധീനിക്കാനാണ്. ഇതിലുണ്ടാകുന്ന ദ്രോഹം എന്റെ കുടുംബത്തിലെ മൂന്നു പേര്‍ക്ക് മാത്രമാണ്. ഒരു സ്പീക്കറിനെയോ പറയുന്ന ഒരു ഉന്നതനെയൊ ആരെയും ബാധിക്കാന്‍ പോകുന്നില്ല. അറ്റ കൈക്ക് ഞാനും എന്റെ കുടുംബവും ആത്മഹത്യ ചെയ്തിരിക്കും. അതിന് ഉത്തരവാദി നിങ്ങള്‍ ഓരോരുത്തരും ആയിരിക്കും

മന്ത്രിമാരും പ്രതിപക്ഷ നേതാക്കളുമായുള്ളവരുമായും സംസാരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുമായും ഉന്നത നേതാക്കളുമായും ബന്ധപ്പെട്ടത് ഔദ്യോഗികമായി മാത്രമാണ്. മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ വീടുകളില്‍ പോയിട്ടില്ല. ഞാന്‍ മുഖ്യന്മാരുടെ കൂടെ ക്ലബ്ബുകളില്‍ കയറിയിറങ്ങി എന്നു പറഞ്ഞാല്‍ ആരെയും ബാധിക്കില്ല. അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുമില്ല. വിഷയം മാറി പോകേണ്ടതില്ല. സ്വര്‍ണക്കള്ളക്കടത്തിനു പിന്നില്‍ ആരെന്ന് കണ്ടു പിടിക്കൂകയാണ് വേണ്ടതെ’ന്നും അവര്‍ പറയുന്നു.

FOLLOW US: PATHRAM ONLINE

pathram:
Related Post
Leave a Comment