ആരോപണങ്ങള്‍ എല്ലാം നിഷേധിച്ച് സ്വപ്‌ന സുരേഷ്: സ്വര്‍ണക്കടത്ത് കേസുമായി ബന്ധമില്ല, ബാഗില്‍ എന്താണ് ഉള്ളതെന്ന് അരിയില്ല

കൊച്ചി: തനിക്കെതിരെ ഉയര്‍ന്നിട്ടുള്ള സ്വര്‍ണക്കടത്ത് ആരോപണങ്ങള്‍ നിഷേധിച്ച് നയതന്ത്ര ബാഗേജ് സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷ്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയിലാണ് കേസുമായി തനിക്കു യാതൊരു ബന്ധവുമില്ലെന്നും അന്വേഷണ ഏജന്‍സിയോട് വെളിപ്പടുത്താന്‍ തന്റെ പക്കല്‍ വിവരങ്ങളില്ലാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ടിരിക്കുന്നത്.

സ്വര്‍ണക്കടത്തുമായി താന്‍ നേരിട്ടോ പരോക്ഷമായോ ബന്ധപ്പെട്ടിട്ടില്ല. ഒരു ഘട്ടത്തിലും ഏതെങ്കിലും ഉദ്യോഗസ്ഥരെ സ്വാധീനിക്കാനോ സ്വര്‍ണം കടത്തനാനോ ശ്രമിച്ചിട്ടില്ല. കോണ്‍സല്‍ ജനറലിന്റെ ചുമതലയുള്ള റാഷിദ് ഖാമിസ് അല്‍ ഷെയിമെയിലി പറഞ്ഞതനുസരിച്ചാണ് നയതന്ത്രപാഴ്‌സല്‍ വിട്ടുകൊടുക്കാന്‍ കസ്റ്റംസിനോട് ആവശ്യപ്പെട്ടത്. പിന്നീട് അദ്ദേഹം നേരിട്ടെത്തി, പാഴ്‌സല്‍ തന്റേതെന്ന് സമ്മതിച്ചു. പാഴ്‌സല്‍ തിരിച്ചയക്കാനുള്ള കത്ത് തയാറാക്കി നല്‍കാനും ആവശ്യപ്പെട്ടു. സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്നും മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ സ്വപ്ന സുരേഷ് പറഞ്ഞു.

എന്നാല്‍ കോണ്‍സുലേറ്റിനു വേണ്ടി താന്‍ ഇപ്പോഴും ജോലി ചെയ്യുന്നുണ്ടെന്നും ഇവര്‍ ഹര്‍ജിയില്‍ വെളിപ്പെടുത്തുന്നുണ്ട്. താല്‍ക്കാലിക അടിസ്ഥാനത്തില്‍ കോണ്‍സുലേറ്റില്‍ നിന്ന് ആവശ്യപ്പെടുന്നതനുസരിച്ചുള്ള ജോലികളാണ് ചെയ്യുന്നത്. ഇതു പ്രകാരം കഴിഞ്ഞ ജൂണ്‍ 30ന് എത്തിയ കണ്‍സെയിന്‍മെന്റ് കോവിഡ് കാലമായതിനാല്‍ ഡെസ്പാച് ചെയ്തിട്ടില്ലായിരുന്നു. ഇത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈ ഒന്നിനാണ് വിളി വന്നത്. അതു പ്രകാരം അന്വേഷിക്കുക മാത്രമാണ് താന്‍ ചെയ്തിട്ടുള്ളത്. ഇതിനു പുറമേ ബാഗില്‍ എന്താണ് ഉള്ളത് എന്ന് തനിക്ക് അറിയില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് എന്തെങ്കിലും വെളിപ്പെടുത്താന്‍ തനിക്ക് ഇല്ലാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കണം എന്നുമാണ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

രണ്ടു ദിവസം മുമ്പ് സ്വപ്ന സുരേഷിനു വേണ്ടി മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഫയല്‍ ചെയ്തതായി അഭിഭാഷകന്‍ രാജേഷ് കുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഇന്നലെയാണ് അതില്‍ തുടര്‍ നടപടികളായതെന്നും വക്കാലത്തെടുക്കാന്‍ തനിക്ക് സമര്‍ദ്ദം ഉണ്ടായിട്ടില്ല. അവര്‍ എവിടെയാണെന്ന് അറിയില്ല. വക്കാലത്ത് നല്‍കാന്‍ എങ്ങനെ വന്നു എന്ന് പറയാനാവില്ല.

അവരെ നിലവില്‍ കേസില്‍ പ്രതി ചേര്‍ത്തോ എന്നും വ്യക്തമല്ല. ഇത് വ്യക്തമാകുന്നതിനു വേണ്ടിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. അഭിഭാഷകനെന്ന നിലയില്‍ അവരുടെ സ്വകാര്യ കാര്യങ്ങള്‍ അറിയേണ്ട കാര്യം തനിക്കില്ലെന്നും അത് അറിയില്ലെന്നും രാജേഷ് കുമാര്‍ പറഞ്ഞു. നിലവില്‍ സ്വപ്ന സുരേഷ് മാത്രമാണ് തന്നെ വക്കാലത്ത് ഏല്‍പിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment