ന്യൂഡല്‍ഹി: കൊടുംകുറ്റവാളി വികാസ് ദുബെ മധ്യപ്രദേശിലെ ഉജ്ജയ്നില്‍ അറസ്റ്റില്‍. എട്ട് പോലീസുകാരെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ ദുബെയെ ആറ് ദിവസത്തിന് ശേഷമാണ് പോലീസ് സംഘം പിടികൂടിയത്. വ്യാഴാഴ്ച കൂട്ടാളികളായ രണ്ടു പേരെ കൂടി പോലീസ് വധിച്ചതിന് പിന്നാലെയാണ് വികാസ് ദുബെ മധ്യപ്രദേശില്‍ പിടിയിലായത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് തന്നെ പിടികൂടാനെത്തിയ പോലീസ് സംഘത്തെ വികാസ് ദുബെയും കൂട്ടാളികളും ആക്രമിച്ചത്. ഡിഎസ്പി അടക്കം എട്ട് പോലീസുകാരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഈ സംഭവത്തിന് പിന്നാലെ വികാസ് ദുബെ ഒളിവില്‍പോവുകയായിരുന്നു.
ഉത്തര്‍പ്രദേശിലും പുറത്തുമായി വികാസ് ദുബെക്കായി പോലീസ് വ്യാപകമായ തിരച്ചില്‍ നടത്തിവരികയായിരുന്നു. ഇതിനിടെ കൂട്ടാളികളായ ചിലരെ പോലീസ് അറസ്റ്റ് ചെയ്തു. ചിലരെ ഏറ്റുമുട്ടലില്‍ വധിച്ചു. വികാസ് ദുബെയുടെ ഏറ്റവും അടുത്ത കൂട്ടാളിയായ അമര്‍ ദുബെയും കഴിഞ്ഞ ദിവസം പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.
വ്യാഴാഴ്ച രാവിലെയാണ് ദുബെയുടെ സംഘത്തില്‍പ്പെട്ട രണ്ടു പേര്‍ കൂടി കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ ഇട്ടാവയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന രണ്‍ബീര്‍ എന്നയാളെ പോലീസ് വെടിവെച്ച് വീഴ്ത്തുകയായിരുന്നു. പോലീസ് സംഘത്തിന് നേരേ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് രണ്‍ബീറിനെ വെടിവെച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ കാറും ഡബിള്‍ ബാരല്‍ തോക്കും വെടിയുണ്ടകളും പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസം ഫരീദാബാദില്‍ പിടിയിലായ പ്രഭാത് മിശ്ര പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് കൊല്ലപ്പെട്ടത്. ഇയാളെ ഫരീദാബാദില്‍നിന്ന് കാണ്‍പുരിലേക്ക് കൊണ്ടുവരുന്നതിനിടെ പോലീസ് വാഹനത്തിന്റെ ടയര്‍ പഞ്ചറായിരുന്നു. ഇതിനിടെ, പ്രഭാത് മിശ്ര ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിവെച്ച് വീഴ്ത്തിയെന്നാണ് പോലീസ് പറയുന്നത്.
FOLLOW US: pathram online
Leave a Comment