സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

കാസര്‍കോട് : കര്‍ണാടക ഹുബ്ബള്ളിയില്‍ നിന്ന് നാട്ടിലെത്തിയ വ്യാപാരി മരിച്ചതു കോവിഡ് കാരണമെന്ന് സ്ഥിരീകരണം. മൊഗ്രാല്‍പുത്തുര്‍ കോടക്കുന്നിലെ ഡി.എം. അബ്ദുല്‍ റഹ്മാന്‍ (52) ആണ് മരിച്ചത്. നാട്ടിലേക്കു വരുമ്പോള്‍ തന്നെ പനി ഉണ്ടായിരുന്നതിനാല്‍ തലപ്പാടി അതിര്‍ത്തിയില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെ 5.30നു നേരിട്ട് കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

ഹുബ്ലിയില്‍ നിന്ന് ടാക്‌സിയിലാണ് ഇതേ കടയിലുള്ള മൊഗ്രാല്‍പുത്തുര്‍ സ്വദേശിയടക്കം 4 പേര്‍ തലപ്പാടിയിലെ അതിര്‍ത്തിയിലെത്തിയത്. അവിടെ നിന്ന് മറ്റൊരു കാറില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് ഇന്നലെ രാവിലെ ആറോടെ എത്തി. അത്യാഹിത വിഭാഗത്തിലെത്തിച്ച് പരിശോധിച്ചപ്പോള്‍ മരണം സംഭവിച്ചിരുന്നു. ഹൃദ്രോഗത്തിന് സര്‍ജറി നടത്തിയിരുന്ന അബ്ദുല്‍ റഹ്മാന് പനിയും ഉണ്ടായിരുന്നുവെന്നു പറയുന്നു.

തലപ്പാടി വരെ ഓക്‌സിജന്‍ നല്‍കിയാണ് കാറിലെത്തിച്ചത്. കോവിഡ് പോസിറ്റീവാണെന്ന സുചനയെത്തുടര്‍ന്ന് കാറിലുണ്ടായിരുന്നവരോടും ആശുപത്രിയില്‍ കാണാനെത്തിയ ബന്ധുക്കളോടും ആശുപത്രിയില്‍ അന്നേരം ഡ്യൂട്ടിയിലുണ്ടായിരുന്നവരോടും ക്വാറന്റീനില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. ആശുപത്രി അത്യാഹിത വിഭാഗം അണുവിമുക്തമാക്കി. ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന 3 പേരും കാറിലും ആശുപത്രിയിലും കൂടെയുണ്ടായിരുന്ന ബന്ധുക്കളുമടക്കം 9 പേര്‍ ക്വാറന്റീനില്‍ പോയി.

മമ്മിഞ്ഞിയുടെയും മറിയുമ്മയുടെയും മകനാണ്. ഭാര്യ.റംല. മക്കള്‍: അര്‍ഷിദ, അഫീഫ, ഹിബ, റാഹില്‍. സഹോദരങ്ങള്‍: മൊയ്തിന്‍, അബൂബക്കര്‍, അബ്ദുല്ല, ഷാഫി, അഷ്‌റഫ്, ബീവി, ആയിഷ, നഫീസ, റുഖിയ.

FOLLOW US: pathram online

pathram:
Related Post
Leave a Comment