ജില്ലയിലെ സ്ഥിതി അതീവ ഗുരുതരം ; കൊച്ചി ട്രിപ്പിള്‍ ലോക്ഡൗണിലേക്ക്, മുന്നറിയിപ്പുകള്‍ ഉണ്ടാവില്ലെന്ന് മന്ത്രി

കൊച്ചി: എറണാകുളം ജില്ലയില്‍ വേണ്ടി വന്നാല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നടപ്പാക്കുമെന്ന് മന്ത്രി വി. എസ്. സുനില്‍ കുമാര്‍. മുന്നറിയിപ്പുകള്‍ ഇല്ലാതെയായിരിക്കും ലോക്ഡൗണ്‍ പ്രഖ്യാപനം. കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് നിലവിലുള്ള തീരുമാനം. രോഗവ്യാപനം വേഗത്തിലായ സാഹചര്യത്തിലാണ് ഇത്തരത്തില്‍ നടപടി ആലോചിക്കുന്നത്. ജില്ലയിലെ സ്ഥിതി അതീവ ഗുരുതരമെന്നും മന്ത്രി വ്യക്തമാക്കി.

കൊച്ചിയില്‍ ആശുപത്രികളില്‍ ഉള്‍പ്പടെ കോവിഡ് 19 റിപ്പോര്‍ട് ചെയ്തതോടെ കോവിഡ് രോഗ വ്യാപനം കൂടുതലുള്ള നിശ്ചിത പ്രദേശത്തെ ക്ലസ്റ്റര്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കിയിരുന്നു. സമൂഹ വ്യാപന സാധ്യതകള്‍ പൂര്‍ണമായും തടയുകയും എന്നാല്‍ ജനജീവിതം ദുസ്സഹമാകാതിരിക്കുകയും ലക്ഷ്യമിട്ടാണ് ക്ലസ്റ്റര്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ വേര്‍തിരിക്കുന്നത്. ക്ലസ്റ്റര്‍ സോണുകളിലുള്ള മുഴുവന്‍ പേരെയും രോഗ പരിശോധനയ്ക്ക് വിധേയരാക്കും. ക്ലസ്റ്ററുകളില്‍ ട്രിപ്പില്‍ ലോക്ഡൗണ്‍ പോലെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനമെന്നും അധികൃതര്‍ വിശദീകരിച്ചിക്കുന്നു.

കഴിഞ്ഞ ദിവസം എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിയ ചെല്ലാനം സ്വദേശിക്ക് കോവിഡ് പോസിറ്റീവായതോടെ ആശുപത്രിയിലെ ഹൃദ്രോഗ, ജനറല്‍ മെഡിസിന്‍ വിഭാഗങ്ങള്‍ അടച്ചിടേണ്ടി വന്നിരിക്കുകയാണ്. ജില്ലയില്‍ കളമശേരി മെഡിക്കല്‍ കോളജ് കോവിഡ് കേന്ദ്രമായതോടെ മറ്റ് രോഗങ്ങള്‍ക്ക് സാധാരണക്കാര്‍ ചികിത്സ തേടി എത്തിയിരുന്നത് ഇവിടെയാണ്. ജനറല്‍ ആശുപത്രിയിലെ പ്രധാന വിഭാഗങ്ങള്‍ അടച്ചിടേണ്ടി വന്നതോടെ ഇവിടെയുള്ള രോഗികളുടെ ചികിത്സ കൂടുതല്‍ ദുസ്സഹമാകുന്ന സാഹചര്യമാണ്. കഴിഞ്ഞ ദിവസം ജില്ലയിലെ മൂന്ന് സ്വകാര്യ ആശുപത്രികളില്‍ കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവിടങ്ങളിലും ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍ പോയിട്ടുണ്ട്. ഇത് സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളെയും ബാധിച്ചിട്ടുണ്ട്.

ഇന്നലെ ജില്ലയില്‍ പുതിയതായി അഞ്ച് വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയത്. ഇതോടെ ആകെ കണ്ടെയ്ന്‍മെന്റ് സോണുകളുടെ എണ്ണം 21 ആയി. കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിലും ഇളവുകള്‍ ഉള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രതയോടെ പെരുമാറണമെന്നാണ് കലക്ടറുടെ നിര്‍ദേശം. ആളുകള്‍ സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും ബ്രേക്ക് ദ് ചെയിന്‍ നിര്‍ദേശങ്ങള്‍ പാലിക്കുകയും ചെയ്യണം.

ആരോഗ്യ വകുപ്പിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും വാര്‍ഡ് തലത്തില്‍ സോഷ്യല്‍ ഡിസ്റ്റന്‍സിങ് എന്‍ഫോഴ്‌സ്‌മെന്റ് ടീം രൂപീകരിക്കണമെന്നും കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പഞ്ചായത്ത് തല ഉദ്യോഗസ്ഥരും രണ്ട് വൊളന്റിയര്‍മാരും ടീമില്‍ ഉണ്ടാവണം. ടീമിന്റെ രൂപീകരണത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാര്‍ നേതൃത്വം നല്‍കണമെന്നും നിര്‍ദേശമുണ്ട്.

FOLLOW US: pathram online

pathram:
Related Post
Leave a Comment