ഡ്രൈവിങ് ലൈസന്‍സിന് ലേണേഴ്‌സ് ടെസ്റ്റ് രാത്രി ഏഴിനും 12നും ഇടയില്‍; വിശദ വിവരങ്ങള്‍ ഇതാ…

ഡ്രൈവിങ് ലൈസന്‍സിന് ലേണേഴ്‌സ് ടെസ്റ്റ് ഇനി വീട്ടിലിരുന്ന് തന്നെ പൂര്‍ത്തിയാക്കാം.. രാത്രി ഏഴിനും പന്ത്രണ്ടിനുമിടയില്‍ ഓണ്‍ലൈനായാണ് ടെസ്റ്റ്. അതും അപേക്ഷകന്‍ തിരഞ്ഞെടുക്കുന്ന ദിവസം തന്നെ. അപേക്ഷ സ്വീകരിച്ചാല്‍ അപേക്ഷകന്‍ തിരഞ്ഞെടുത്ത തീയതിയില്‍ വൈകീട്ട് ആറിനകം ഒറ്റത്തവണ ഉപയോഗിക്കാവുന്ന പാസ്‌വേഡ് എസ്.എം.എസ്. ആയി നല്‍കും. ഇത് അന്ന് രാത്രി 12 വരെയേ ഉപയോഗിക്കാനാവൂ.

പാസ്‌വേഡ് അതേപോലെ തന്നെ രേഖപ്പെടുത്തിയാലേ പരീക്ഷയില്‍ പങ്കെടുക്കാനാവൂ. ഭാഷ തിരഞ്ഞെടുത്ത് സത്യവാങ്ങ്മൂലം അംഗീകരിച്ചാല്‍ ടെസ്റ്റ് ആരംഭിക്കും. 50 ചോദ്യം 30 മിനിറ്റിനകം പൂര്‍ത്തീകരിക്കണം.

30 ശരിയുത്തരങ്ങള്‍ നല്‍കിയാല്‍ പരീക്ഷ ജയിക്കാം. parivahan.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് പരീക്ഷയില്‍ പങ്കെടുക്കേണ്ടത്. പരീക്ഷ പാസായ അപേക്ഷകന് ഇതേ സൈറ്റില്‍നിന്ന് ലേണേഴ്‌സ് പരീക്ഷ പാസായതിന്റെ സാക്ഷ്യപത്രം പ്രിന്റെടുക്കാം.

തോല്‍ക്കുന്നവര്‍ക്ക് 50 രൂപ ഓണ്‍ലൈനില്‍ അടച്ച് മറ്റൊരു തീയതി തിരഞ്ഞെടുത്ത് പരീക്ഷക്കിരിക്കാം. വൈദ്യുതി തകരാറോ, നെറ്റ്‌വര്‍ക്ക് തകരാറോമൂലം പരീക്ഷ ഇടയ്ക്ക് മുടങ്ങിയാല്‍ മറ്റൊരു തീയതിയില്‍ ടെസ്റ്റില്‍ പങ്കെടുക്കണമെന്നും ഗതാഗത കമ്മിഷണര്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങളില്‍ പറയുന്നു.

ഓണ്‍ലൈന്‍ ലേണേഴ്‌സ് ടെസ്റ്റ് അപേക്ഷകര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍

ഓണ്‍ലൈനായി മാത്രം അപേക്ഷകള്‍ സമര്‍പ്പിക്കുക. ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്ത് ടെസ്റ്റ് ഡേറ്റ് തെരഞ്ഞെടുക്കുക
അപേക്ഷയില്‍ പിഴവുകള്‍ ഇല്ലെങ്കില്‍ തെരഞ്ഞെടുത്ത തീയതിയില്‍ വൈകിട്ട് 6 മണിയോടെ പാസ്സ്‌വേര്‍ഡ് എസ്എംഎസ് ആയി ലഭിക്കും.
അപേക്ഷയില്‍ പിഴവുകള്‍ ഉള്ളവര്‍ക്ക്, ടെസ്റ്റ്ദിവസം നാല് മണിക്ക് മുന്‍പായി അപേക്ഷ നിരസിച്ചതിന്റെ എസ്എംഎസ് ലഭിക്കും.
പിഴവുകള്‍ ആറ് മണിക്ക് മുന്‍പായി തന്നെ തീര്‍ക്കാന്‍ അവസരം ലഭിക്കുന്നതാണ്. ഇല്ലെങ്കില്‍ മറ്റൊരു ദിവസം തിരഞ്ഞെടുക്കാം.
ആറുമണിയ്ക്ക് പാസ്‌വേര്‍ഡ് ലഭിച്ചവര്‍ക്ക് ഏഴ് മണിയോടെ ഓണ്‍ലൈനായി ടെസ്റ്റില്‍ പങ്കെടുക്കാവുന്നതാണ്. അന്നേദിവസം 12 മണി വരെ മാത്രമേ ഈ പാസ്സ് വേര്‍ഡിന് കാലാവധി ഉണ്ടായിരിക്കുകയുള്ളു.
പ്രത്യേക ശ്രദ്ധയ്ക്ക്:

ടെസ്റ്റിന് മുന്‍പായി നിങ്ങളുടെ മൊബൈല്‍ ഡാറ്റാ/ഇന്റനെറ്റ്‌സിഗ്‌നല്‍ സ്‌ട്രെങ്ത് ആവശ്യമായ റേഞ്ചിലാണെന്ന് ഉറപ്പുവരുത്തുക. ഇതിന് ശേഷം മാത്രം ടെസ്റ്റിലേക്ക് കടക്കുക.
ടെസ്റ്റിനിടയ്ക്ക് ഫോണ്‍ കോളുകള്‍ അറ്റന്റ് ചെയ്യാതിരിക്കുക. അങ്ങനെ വന്നാല്‍ ഇന്റര്‍നെറ്റ് കട്ടായി ടെസ്റ്റില്‍നിന്നും പുറത്താക്കപ്പെടാവുന്നതാണ്.

പരീക്ഷ എഴുതാന്‍ ചെയ്യേണ്ടത്..:

1. parivahan.gov.in വെബ്ബ് സൈറ്റില്‍ കയറുക
2. Online Service-ല്‍ License related Services സെലക്ട് ചെയ്യുക
3. അടുത്ത സ്‌ക്രീനില്‍ സ്റ്റേറ്റ് ‘Kerala’ തെരഞ്ഞടുക്കുക
4. തുറന്നുവരുന്ന സ്‌ക്രീനില്‍, ഇടതു വശത്ത് 12-ാമത്തെ മെനു LL Test (STALL)-ല്‍ Online LL Test (STALL) ക്ലിക് ചെയ്യുക.
5. തുടര്‍ന്നു വരുന്ന സ്‌ക്രീനില്‍ LL application number, Date of Birth (dd-mm-yyyy), മൊബൈലില്‍ ലഭിച്ച പാസ്സ് വേര്‍ഡ് (sms-ല്‍ വന്ന അതേ ഫോര്‍മാറ്റില്‍ Capital letter-കള്‍ Capital Bയും small letter കള്‍ small letter കള്‍ ആയും) എന്നിവ ടൈപ്പ് ചെയ്ത് ലോഗിന്‍ ചെയ്യുക
6. ഭാഷ തെരഞ്ഞെടുത്ത് സത്യവാങ്മൂലം അംഗീകരിച്ച് ടെസ്റ്റ് ആരംഭിക്കാവുന്നതാണ്.
7. 50 ചോദ്യങ്ങള്‍ക്ക് 30 മിനിട്ട് സമയം കൊണ്ട് പൂര്‍ത്തീകരിക്കേണ്ടതാണ്.
8. കുറഞ്ഞത് 30 ചോദ്യങ്ങള്‍ക്ക് ശരിയുത്തരം നല്‍കിയാല്‍ മാത്രമേ പരീക്ഷ പാസ്സാവുകയുള്ളു.
9. പാസ്സായവര്‍ക്ക് ലേണേഴ്‌സ് ലൈസന്‍സ് പ്രിന്റ് എടുത്ത് സൂക്ഷിക്കാവുന്നതാണ്. Print License details >> Print Learners license എന്ന മെനുവില്‍ ക്ലിക്ക് ചെയ്തും LL പ്രിന്റ് എടുക്കാവുന്നതാണ്.

follow us: PATHRAM ONLINE

pathram:
Leave a Comment