അവര്‍ എന്തിനാണ് ഒളിക്കുന്നതെന്ന് അറിയില്ല; ഏത് മാളത്തില്‍ പോയി ഒളിച്ചാലും പിടിക്കും കസ്റ്റംസ്

കൊച്ചി : സ്വര്‍ണക്കടത്തു കേസിന്റെ സൂത്രധാരയാണെന്നു കരുതുന്ന സ്വപ്‌ന സുരേഷിനെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കുമെന്നു കസ്റ്റംസ് അധികൃതര്‍. ഒളിവില്‍ കഴിയുന്ന യുഎഇ കോണ്‍സുലേറ്റ് മുന്‍ ഉദ്യോഗസ്ഥയായ ഇവര്‍ രാജ്യത്തിനു പുറത്തുകടക്കില്ലെന്ന് ഉറപ്പിക്കാനാണു നടപടി.

സ്വപ്‌നയുടെ നീക്കങ്ങളെക്കുറിച്ച് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നു മുതിര്‍ന്ന കസ്റ്റംസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. അവര്‍ എന്തിനാണ് ഒളിക്കുന്നതെന്ന് അറിയില്ല. അത് അവരെ കൂടുതല്‍ കുഴപ്പത്തിലാക്കുകയേ ഉള്ളൂ. എന്തായാലും അവരെ പിടികൂടുമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അറിയുന്ന നാലു പേരെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചിട്ടുണ്ട്.

ജൂണ്‍ 30ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ ഡിപ്ലോമാറ്റിക് ബാഗേജില്‍നിന്നാണ് 13.5 കോടി രൂപ വിലമതിക്കുന്ന 30 കിലോഗ്രാം സ്വര്‍ണം പിടിച്ചത്. തുടര്‍ന്നു യുഎഇ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിത്തിനെ അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തതില്‍നിന്നാണ് കോണ്‍സുലേറ്റ് മുന്‍ ജീവനക്കാരിയായ സ്വപ്‌നയുടെ ഇടപെടല്‍ വ്യക്തമായത്.

ദുബായില്‍നിന്ന് യുഎഇ കോണ്‍സുലേറ്റിന്റെ പേരിലുള്ള ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണക്കടത്ത് ആരംഭിച്ചിട്ട് ഒരു വര്‍ഷത്തിലേറെയായെന്നാണു കസ്റ്റംസ് കരുതുന്നത്. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു. നാല് ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിവരങ്ങള്‍ കസ്റ്റംസ് ശേഖരിച്ചു. ഉദ്യോഗസ്ഥര്‍ക്കു നയതന്ത്ര പരിരക്ഷ ഉള്ളതിനാല്‍ തുടര്‍ നടപടികള്‍ സംബന്ധിച്ച് കസ്റ്റംസ് നിയമോപദേശം തേടിയിരുന്നു.

കേരളത്തില്‍ ഒറ്റത്തവണ നടത്തിയ ഏറ്റവും വലിയ സ്വര്‍ണവേട്ടയാണ് തിരുവനന്തപുരത്ത് നടന്നത്. ഡിപ്ലോമാറ്റിക് ബാഗേജില്‍നിന്നു സ്വര്‍ണം പിടികൂടുന്നതും കേരളത്തില്‍ ആദ്യം. 2019 മേയ് 13ന് 25 കിലോ സ്വര്‍ണം ഡിആര്‍ഐ പിടികൂടിയിരുന്നു.

FOLLOW US: pathram online

pathram:
Related Post
Leave a Comment