സ്വര്‍ണ്ണക്കടത്ത് കേസില്‍ വന്‍ വഴിത്തിരിവ്; സ്വപ്‌നയ്ക്ക് പകരം പിടിയിലായത് സൗമ്യ; സ്പീക്കര്‍ ഉദ്ഘാടനം ചെയ്ത വര്‍ക്ക് ഷോപ്പ് ഉടമ ഒളിവില്‍

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസില്‍ വഴിത്തിരിവ്. പ്രതിയായ സരിത്തിന്റെ കൂട്ടാളി സന്ദീപ് നായരുടെ ഭാര്യ കസ്റ്റഡിയില്‍. ഇവരെ നിലവില്‍ കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്. സ്വര്‍ണം കസ്റ്റംസ് പിടിച്ചവിവരം പുറത്തുവന്നതുമുതല്‍ സന്ദീപ് ഒളിവിലാണ്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടാവുമെന്നാണ് സൂചന.

സന്ദീപ് നായരുടെ ഭാര്യ സൗമ്യയെയാണ് കസ്റ്റഡിയിലെടുത്ത് ഇപ്പോള്‍ ചോദ്യം ചെയ്യുന്നത്. വിപുലമായ റാക്കറ്റാണ് സ്വര്‍ണ്ണക്കടത്തിന് പിന്നിലെന്നാണ് കസ്റ്റംസ് കരുതുന്നത്. സന്ദീപ് നായരെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിലാണ് കസ്റ്റംസ്.

കേസിലെ മുഖ്യകണ്ണിയായ സ്വപ്ന സുരേഷ് ഒളിവിലാണ്. സ്വപ്നയെ കണ്ടെത്താന്‍ വിപുലമായ പരിശോധനകള്‍ നടത്തിയിരുന്നു.

നേരത്തെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ കസ്റ്റംസ് ഉദ്യോഗസ്ഥനുമായി ഈ സംഘത്തിന് ബന്ധുമുണ്ടെന്ന സംശയവും കസ്റ്റംസ് പങ്കുവെക്കുന്നു.

സ്വപ്‌നയുമായി ബന്ധമുള്ള ചില കേന്ദ്രങ്ങള്‍ കൊച്ചിയിലെ അഭിഭാഷകരുമായി ബന്ധപ്പെട്ടു എന്ന വിവരം ലഭിച്ചിട്ടുണ്ട്. കീഴടങ്ങാനുള്ള സൂചനകളാണ് പുറത്തുവരുന്നത്. അമ്പലമുക്കിലെ ഫ്‌ലാറ്റില്‍ ഏതാണ്ട് ആറ് മണിക്കൂര്‍ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. ചില രേഖകളും പെന്‍ഡ്രൈവും ലാപ്‌ടോപ്പും കണ്ടെത്തിയിരുന്നു.

കാര്‍ബണ്‍ ഡോക്ടര്‍ എന്ന വര്‍ക് ഷോപ്പിന്റെ ഉടമയാണ് സന്ദീപ് നായര്‍. വര്‍ക് ഷോപ്പിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പങ്കെടുത്തത് വിവാദമായിരുന്നു.

അതേസമയം യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥ എന്ന നിലയില്‍ മാത്രമാണ് സ്വപ്‌ന സുരേഷിനെ അറിയുന്നതെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. സ്വപ്‌ന സുരേഷ് മുഖേന താന്‍ കട ഉദ്ഘാടനം നടത്തിയെന്ന നിലയിലുള്ള ആരോപണങ്ങള്‍ ദൗര്‍ഭാഗ്യകരമെന്നും അദ്ദേഹം പറഞ്ഞു.

യുഎഇ കോണ്‍സുലേറ്റ് സെക്രട്ടറി എന്ന നിലയിലാണ് ഞങ്ങളെല്ലാവരുമായി ബന്ധപ്പെട്ടിരുന്നത്. സര്‍ക്കാര്‍ പ്രതിനിധികളെ ആഘോഷച്ചടങ്ങുകള്‍ക്കും മറ്റും ക്ഷണിക്കുന്നത് അവരാണ്. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മലയാളി ഉദ്യോഗസ്ഥ എന്ന നിലയില്‍ അവരുമായി ഇടപെട്ടിരുന്നു. അങ്ങനെയാണ് അവരുമായി പരിചയമെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

ഒരു സ്റ്റാര്‍ട്ട് അപ്പ് സ്ഥാപനം ഉദ്ഘാടനം ചെയ്യുന്നതിന് അവര്‍ തന്നെ ക്ഷണിച്ചിരുന്നു. അവരുടെ ബന്ധുവിന്റെ കട എന്നു പറഞ്ഞാണ് ക്ഷണിച്ചത്. വളരെ നിര്‍ബന്ധിച്ചപ്പോഴാണ് ഉദ്ഘാടനച്ചടങ്ങിന് പോയത്. ഇതിന് ഇപ്പോഴത്തെ സംഭവവുമായി ഒരുതരത്തിലുള്ള ബന്ധവുമില്ലെന്നും ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് യുക്തിരഹിതമാണെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ലോക കേരള സഭയുമായി ബന്ധപ്പെട്ട് ഇവര്‍ക്ക് പങ്കുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വപ്ന സുരേഷുമായി ഒരു അപരിചിതത്വവുമില്ല. കറയുള്ള കണ്ണുകൊണ്ട് നോക്കുന്നവര്‍ക്ക് പലതും തോന്നും. പത്തു വയസ്സുമുതല്‍ വിദ്യാര്‍ഥി യുവജന പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചുവന്ന ആളാണ് താന്‍. ഏതുകാലത്താണ് നമ്മള്‍ ജീവിക്കുന്നത്? ഷേക് ഹാന്‍ഡ് കൊടുക്കുന്നതും ഒന്നു തട്ടുന്നതും വലിയ പ്രശ്‌നമായി ആരെങ്കിലും കാണാറുണ്ടോ എന്നും ശ്രീരാമകൃഷ്ണന്‍ ചോദിച്ചു.

ഇതുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്ത് പോലുള്ള സംഭവങ്ങള്‍ ഉണ്ടെന്ന് അറിയില്ലായിരുന്നു. സാധാരണഗതിയില്‍ ഒരു ഡിപ്ലോമാറ്റിന്റെ പശ്ചാത്തലം ആരും അന്വേഷിക്കാറില്ല. ഇപ്പോഴത്തെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം അടക്കം എല്ലാ തരത്തിലുള്ള അന്വേഷണവും സ്വാഗതം ചെയ്യുന്നതായും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

FOLLOW US: pathram online

pathram:
Leave a Comment