സംസ്ഥാനത്ത് ഏതു നിമിഷവും സൂപ്പര്‍ സ്‌പ്രെഡ്ഡും തുടര്‍ന്ന് സമൂഹ വ്യാപനവും ഉണ്ടായേക്കാമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അശ്രദ്ധ കാണിച്ചാല്‍ സംസ്ഥാനത്ത് ഏതു നിമിഷവും കോവിഡ് 19-ന്റെ സൂപ്പര്‍ സ്‌പ്രെഡ്ഡും തുടര്‍ന്ന് സമൂഹ വ്യാപനവും ഉണ്ടായേക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് സംഭവിച്ചത് കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ആവര്‍ത്തിക്കാന്‍ പാടില്ല.

സംസ്ഥാന ശരാശരിയെക്കാള്‍ മുകളിലാണ് കൊച്ചിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. ആശങ്ക സൃഷ്ടിക്കുന്നതാണ് ഇത്. അതിനാല്‍ അവിടെ ടെസ്റ്റ് കൂട്ടാനാണ് തീരുമാനം. ബ്രേക്ക് ദി ചെയന്‍, സാമൂഹിക അകലം പാലിക്കല്‍, സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കൈകഴുകല്‍ എന്നീ കാര്യങ്ങളില്‍ ഉപേക്ഷ പാടില്ല. അതീവ ശ്രദ്ധ പുലര്‍ത്തിയാല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പോലുള്ളവ ഏര്‍പ്പെടുത്തുന്നത് ഒഴിവാക്കാം.

അശ്രദ്ധമൂലം സ്വന്തം ജീവന്‍ മാത്രമല്ല പ്രിയപ്പെട്ടവരുടെ ജീവന്‍കൂടിയാണ് അപകടത്തിലാകുന്നതെന്ന് ഓര്‍മ്മവേണം. കോവിഡ് ഭേദമായ രോഗികള്‍ ഏഴു ദിവസം വീട്ടില്‍തന്നെ തുടരുന്നുവെന്ന് രോഗം ഭേദമായ ആളും വീട്ടുകാരും വാര്‍ഡുതല സമിതിയും ഉറപ്പാക്കണം.

കേരളത്തിന് പുറത്തുനിന്ന് തിരിച്ചെത്തി ക്വാറന്റീനില്‍ കഴിയുന്നവരുടെ വീടുകളില്‍ വയനാട് ജില്ലയിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പ്രത്യേക അറിയിപ്പൊന്നും നല്‍കാതെ മിന്നല്‍ സന്ദര്‍ശനം നടത്തുകയുണ്ടായി. നല്ല മാതൃകയാണിത്. ഇതേ മാതൃകയില്‍ മുതിര്‍ന്ന പോലീസ് ഓഫീസര്‍മാര്‍ ക്വാറന്റീനില്‍ കഴിയുന്നവരുടെ വീടുകളില്‍ മിന്നല്‍ സന്ദര്‍ശനം നടത്തും.

വിദേശത്തുനിന്ന് എത്തുന്നവര്‍ വിമാനത്താവളങ്ങളില്‍ പിപിഇ കിറ്റും, കൈയ്യുറയും, മാസ്‌കും അലക്ഷ്യമായി വലിച്ചെറിയുന്നത് ശരിയല്ല. അത്തരക്കാര്‍ക്കെതികെ കര്‍ശന നിയമ നടപടി സ്വീകരിക്കും. ഉപയോഗിച്ചശേഷം അവയെല്ലാം പ്രത്യേക കണ്ടെയ്‌നറുകളില്‍ നിക്ഷേപിക്കണം.

അര്‍ദ്ധ സൈനിക വിഭാഗക്കാര്‍ക്കിടയില്‍ കോവിഡ് പടരുന്നത് സര്‍ക്കാര്‍ ഉത്കണ്ഠയോടെയാണ് കാണുന്നത്. സംസ്ഥാനത്ത് ഇതുവരെ 66 സിഐഎസ്എഫ് ജവാന്മാര്‍ക്കും കരസേനയിലെ 23 സൈനികര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജവാന്മാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ അതത് വിഭാഗങ്ങളില്‍പ്പെട്ട മുതിര്‍ന്ന ഓഫീസര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ സഹായവും കേരള പോലീസ് നല്‍കും.

ക്രിമിനല്‍ കേസുകളിലെ കുറ്റാരോപിതരുടെ കോവിഡ് പരിശോധനാഫലം വൈകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധനാഫലം 48 മണിക്കൂറിനകം ലഭ്യമാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

FOLLOW US: pathram online

pathram:
Related Post
Leave a Comment