ആലുവ മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിക്കും ഭാര്യയ്ക്കും കോവിഡ്

ആലുവ: മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിക്കും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. ചൂര്‍ണിക്കര സ്വദേശികളാണ് ഇവര്‍. കൊച്ചിയിലും ആലുവയിലും സമൂഹ വ്യാപനഭീതി നിലനില്‍ക്കുന്നതിനിടെയാണ് ദമ്പതികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

അതേസമയം കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചതിനെ തുടര്‍ന്നു 2 ദിവസം മുന്‍പ് അടച്ചിട്ട മാര്‍ക്കറ്റ് ഇന്നു മുതല്‍ താല്‍ക്കാലികമായി തുറക്കാന്‍ മന്ത്രി വി.എസ്. സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നു. പുലര്‍ച്ചെ 2 മുതല്‍ 9.30 വരെയാണ് പ്രവര്‍ത്തന സമയം. മാര്‍ക്കറ്റിന്റെ നിയന്ത്രണം ഇന്‍സ്‌പെക്ടര്‍ എന്‍. സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് ഏറ്റെടുത്തു.

കോവിഡിന്റെ സമൂഹ വ്യാപന സാധ്യത നിലവിലുണ്ടെങ്കിലും ജനങ്ങള്‍ക്ക് അത്യാവശ്യ സാധനങ്ങള്‍ മുടങ്ങാതിരിക്കാന്‍ വേണ്ടിയാണ് കര്‍ശന നിബന്ധനകളോടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. എറണാകുളം ജില്ലയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ച 25 പേരില്‍ 17 പേര്‍ക്കും കോവിഡ് പകര്‍ന്നത് സമ്പര്‍ക്കത്തിലൂടെയാണ്.

ഇതില്‍ 2 പേരുടെ രോഗത്തിന്റെ ഉറവിടം അറിയില്ല. ആലുവ സ്വദേശിയായ വൈദികന്‍ (39), കുട്ടമശേരി സ്വദേശിയായ കെട്ടിട നിര്‍മാണ കരാറുകാരന്‍ (49) എന്നിവര്‍ക്കാണ് ഉറവിടമറിയാതെ കോവിഡ് സ്ഥിരീകരിച്ചത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്കു രോഗം സ്ഥിരീകരിച്ചതും (25) സമ്പര്‍ക്ക വ്യാപനം ഏറ്റവും ഉയര്‍ന്നതും (17) ഇന്നലെയാണ്.

Follow us: pathram online

pathram:
Related Post
Leave a Comment