സ്വപ്‌നയുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം; ഉന്നത ബന്ധങ്ങളുടെ തെളിവുകള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചു

തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസില്‍ കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷിന്റെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ഉന്നത ബന്ധങ്ങളുടെ തെളിവുകള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചു. കോണ്‍സുലേറ്റിലെയും സംസ്ഥാന സര്‍ക്കാരിലെയും ഉദ്യോഗസ്ഥരെ സ്വപ്ന നിരന്തരം ബന്ധപ്പെട്ടിരുന്നതായാണ് അന്വേഷണ ഏജന്‍സികള്‍ പറയുന്നത്. ചില ഉദ്യോഗസ്ഥരുടെ നമ്പരിലേക്കു ദിവസം പത്തിലേറെ തവണ കോളുകള്‍ പോയിട്ടുണ്ട്. ജോലിയുടെ ഭാഗമായാണോ മറ്റെന്തെങ്കിലും ബന്ധങ്ങളുടെ പേരിലാണോ ഫോണ്‍ വിളികളെന്ന് പരിശോധിക്കും.

കോണ്‍സുലേറ്റിലെ ചില ഉദ്യോഗസ്ഥര്‍ക്കു സ്വപ്നയുമായുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്. കോണ്‍സുലേറ്റ് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് കസ്റ്റംസിന് പരിമിതികളുള്ളതിനാല്‍ ഐബിയുടേയും റോയുടേയും സഹായവും ലഭിക്കുന്നുണ്ട്. രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്നതിനാല്‍ കരുതലോടെയാണ് നീക്കം. ഡിപ്ലോമാറ്റിക് ബാഗേജ് പരിശോധിക്കരുതെന്ന് കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥന്‍ കസ്റ്റംസിനോട് ആവശ്യപ്പെട്ടതിനെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

2019 മേയ് 13ന് 25 കിലോ സ്വര്‍ണം ഡിആര്‍ഐ പിടികൂടിയ സംഭവത്തിലെ പ്രതികള്‍ക്ക് ഇപ്പോള്‍ പിടിയിലായ സരിത്തുമായും ഒളിവിലുള്ള സ്വപ്നയുമായും ബന്ധമുണ്ടോയെന്ന കാര്യം ഡിആര്‍ഐ പരിശോധിക്കും. നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ നടന്ന വിരുന്നുകളില്‍ ഇവര്‍ ഒരുമിച്ചു പങ്കെടുത്തതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് അന്വേഷണം. 25 കിലോ സ്വര്‍ണം പിടികൂടിയ കേസില്‍ കസ്റ്റംസ് സൂപ്രണ്ട് അടക്കമുള്ളവര്‍ അറസ്റ്റിലായിരുന്നു. കേസ് സിബിഐയും അന്വേഷിക്കുന്നുണ്ട്.

ആവശ്യമെങ്കില്‍ ഐടി വകുപ്പിലെ ഉദ്യോഗസ്ഥരില്‍നിന്നു വിവരങ്ങള്‍ ശേഖരിക്കുമെന്ന് കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കുന്നു. സരിത്തും സ്വപ്നയും വിദേശത്തേക്കു നടത്തിയ യാത്രകളെക്കുറിച്ചും കോണ്‍സുലേറ്റില്‍നിന്ന് ഇവര്‍ പുറത്തായ കാരണങ്ങളെക്കുറിച്ചും അന്വേഷണം നടക്കും. പുറത്തായിട്ടും സരിത്തിന് കോണ്‍സുലേറ്റിലെ ബാഗേജിന്റെ കരാര്‍ എങ്ങനെ ലഭിച്ചുവെന്ന് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്. കോണ്‍സുലേറ്റില്‍നിന്നു പുറത്തായിട്ടും, െ്രെകംബ്രാഞ്ച് കേസില്‍ പ്രതിയായിട്ടും സ്വപ്നയ്ക്ക് ഐടി വകുപ്പില്‍ എങ്ങനെ ജോലി ലഭിച്ചു എന്നതിനെക്കുറിച്ചും പരിശോധന ആരംഭിച്ചു.

Follow us: pathram online

pathram:
Related Post
Leave a Comment