യുഎഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണ കടത്ത് ആരംഭിച്ചിട്ട് ഒരു വര്‍ഷം; മുന്‍ ജീവനക്കാരിക്കും പങ്ക്

തിരുവനന്തപുരം: ദുബായില്‍നിന്ന് യുഎഇ കോണ്‍സുലേറ്റിന്റെ പേരിലുള്ള ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണ കടത്തല്‍ ആരംഭിച്ചിട്ട് ഒരു വര്‍ഷത്തിലേറെയായെന്നു കസ്റ്റംസ്. ഡിപ്ലോമാറ്റിക് ബാഗേജില്‍നിന്ന് 13.5 കോടി രൂപ വിലമതിക്കുന്ന 30 കിലോ സ്വര്‍ണം പിടികൂടിയ സംഭവത്തില്‍ കോണ്‍സുലേറ്റിലെ മുന്‍ ഉദ്യോഗസ്ഥനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. കൊച്ചി യൂണിറ്റില്‍ ഇയാളെ ചോദ്യം ചെയ്യുകയാണ്. ഇയാള്‍ കുറ്റമേറ്റതായാണു ലഭിക്കുന്ന വിവരം. കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരിക്കു സ്വര്‍ണക്കടത്തിലുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്.

കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു. നാലു ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിവരങ്ങള്‍ കസ്റ്റംസ് ശേഖരിച്ചു. ഉദ്യോഗസ്ഥര്‍ക്കു നയതന്ത്രപരിരക്ഷ ഉള്ളതിനാല്‍ തുടര്‍ നടപടികള്‍ സംബന്ധിച്ച് കസ്റ്റംസ് നിയമോപദേശം തേടി. കേരളത്തില്‍ ഒറ്റത്തവണ നടത്തിയ ഏറ്റവും വലിയ സ്വര്‍ണവേട്ടയാണ് ഇന്നലത്തേത്. ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണം പിടികൂടുന്നതും കേരളത്തില്‍ ആദ്യം. 2019 മേയ് 13ന് 25 കിലോ സ്വര്‍ണം ഡിആര്‍ഐ പിടികൂടിയിരുന്നു.

നയതന്ത്ര പരിരക്ഷ ഉള്ളതിനാല്‍ യുഎഇ കോണ്‍സുലേറ്റിലേക്കുള്ള ഡിപ്ലോമാറ്റിക് ബാഗേജ് സാധാരണ പരിശോധിക്കാറില്ല. കസ്റ്റംസ് കമ്മിഷണര്‍ക്ക് ലഭിച്ച കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പരിശോധനയ്ക്കു മുന്‍പ് കേന്ദ്രത്തിന്റെ അനുമതി തേടിയിരുന്നു. അവിടെനിന്ന് അനുമതി ലഭിച്ചശേഷം കോണ്‍സുലേറ്റിലെ പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് പരിശോധന നടത്തി സ്വര്‍ണം കണ്ടെത്തിയത്. ശുചിമുറി ഉപകരണങ്ങള്‍ അടങ്ങുന്ന പെട്ടിയിലായിരുന്നു സ്വര്‍ണം.

തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ഉദ്യോഗസ്ഥന്റെ പങ്ക് വ്യക്തമാകുന്നത്. യുഎഇയില്‍ നിന്ന് ഭക്ഷണ സാധനങ്ങള്‍ എത്തിക്കാന്‍ ഇയാള്‍ കരാര്‍ എടുത്തിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് കോണ്‍സുലേറ്റില്‍നിന്ന് പുറത്താക്കിയെങ്കിലും സ്വാധീനം ഉപയോഗിച്ച് കരാര്‍ നേടിയെടുക്കുകയായിരുന്നു. മുന്‍ ജീവനക്കാരി സ്വപ്ന സുരേഷും ഇക്കാര്യത്തില്‍ സഹായിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

പൂങ്കുളത്തെ വീട്ടില്‍ പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരോടു കോണ്‍സുലേറ്റിലെ പ്രോട്ടോകോള്‍ ഓഫിസറാണെന്നാണ് ഇയാള്‍ പറഞ്ഞത്. അന്വേഷണത്തില്‍ ഇയാളെ കോണ്‍സുലേറ്റില്‍നിന്നു പുറത്താക്കിയിരുന്നതായി മനസിലായി. തിരുവനന്തപുരത്ത് കോണ്‍സുലേറ്റ് ആരംഭിച്ചപ്പോള്‍ തന്നെ ഇയാള്‍ ജീവനക്കാരനായി ചേര്‍ന്നിരുന്നു. ചോദ്യം ചെയ്യലില്‍ നേരത്തെയും സ്വര്‍ണക്കടത്ത് നടന്നതിന്റെ സൂചനകളാണു കസ്റ്റംസിനു ലഭിച്ചത്. സ്വര്‍ണക്കടത്തിന് കോണ്‍സുലേറ്റിന്റെ വ്യാജ തിരിച്ചറിയല്‍ ഐഡികള്‍ നിര്‍മിച്ചതായും വ്യക്തമായി.

ഒരാഴ്ച മുന്‍പാണു കാര്‍ഗോയില്‍ സ്വര്‍ണം എത്തുന്ന വിവരം കസ്റ്റംസിന് ലഭിച്ചത്. ഡിപ്ലോമാറ്റിക് കാര്‍ഗോ ആയതിനാല്‍ കരുതലോടെയായിരുന്നു നീക്കം. കസ്റ്റംസ് കമ്മിഷണര്‍ വിവരം കേന്ദ്രത്തെ അറിയിച്ചു. വിദേശകാര്യ മന്ത്രാലയത്തില്‍നിന്ന് അനുമതി ലഭിച്ചതോടെ കോണ്‍സുലേറ്റ് അധികൃതരുടെ സാന്നിധ്യത്തിലാണ് പെട്ടി പൊട്ടിച്ചത്.

നയതന്ത്ര പരിരക്ഷ ഉള്ളതിനാല്‍ സാധാരണ ഡിപ്ലോമാറ്റിക് ബാഗേജുകള്‍ പരിശോധിക്കാറില്ല. ഇതാണു സ്വര്‍ണക്കടത്തുകാര്‍ മുതലെടുത്തതും. കോണ്‍സുലേറ്റിലെ ജീവനക്കാര്‍ അവരുടെ രാജ്യത്തുനിന്നും വിവിധ സാധനങ്ങള്‍ നാട്ടിലെത്തിക്കാറുണ്ട്. സംശയകരമായ സാഹചര്യം ഉണ്ടായാലും ബാഗേജുകള്‍ പലപ്പോഴും പരിശോധിക്കാറില്ല.

സ്വര്‍ണം കണ്ടെത്താനായില്ലെങ്കില്‍ രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെ ബാധിക്കാം. കൃത്യമായ വിവരം കസ്റ്റംസ് കമ്മിഷണര്‍ക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബാഗേജ് പരിശോധിച്ചതും സ്വര്‍ണം പിടികൂടിയതും. നയതന്ത്രപരിരക്ഷ ഉള്ളതിനാല്‍ അന്വേഷണത്തിനും തടസമുണ്ടെന്ന് അധികൃതര്‍ പറയുന്നു. ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനോ വീടുകളില്‍ തിരച്ചില്‍ നടത്താനോ പരിമിതികളുണ്ട്‌.

follow us: PATHRAM ONLINE LATEST NEWS

pathram:
Leave a Comment