മകന്‍ മരിച്ചു; മരുമകളെ വിവാഹം ചെയ്ത് ഭര്‍തൃപിതാവ്

ബിലാസ്പുര്‍: മരിച്ച മകന്റെ ഭാര്യയെ വിവാഹം ചെയ്ത് ഭര്‍തൃപിതാവ്. കൃഷ്ണസിങ് രാജ്പുത് എന്ന മധ്യവയസ്‌കനാണ് മകന്റെ വിധവയായ ആരതി എന്ന 22കാരി യുവതിയെ വിവാഹം ചെയ്തത്. ഛത്തീസ്ഗഡിലെ ബിലാസ്പുരിലാണ് യുവതിയുടേയും സമുദായാംഗങ്ങളുടേയും സമ്മതത്തോടെ വിവാഹം നടന്നത്.

2016 ലായിരുന്നു അന്ന് 18 വയസുകാരിയായിരുന്ന ആരതിയും കൃഷ്ണസിങിന്റെ മകനായ ഗൗതം സിങും തമ്മിലുള്ള വിവാഹം. രണ്ട് വര്‍ഷം കഴിഞ്ഞ് 2018ല്‍ ഗൗതം മരണമടഞ്ഞു. തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി ഭര്‍തൃപിതാവിന്റെ സംരക്ഷണയില്‍ കഴിഞ്ഞുവരികയായിരുന്നു യുവതി. പിന്നീട് വിധവകളുടെ പുനര്‍വിവാഹം നടത്തുന്നതില്‍ എതിര്‍പ്പില്ലാത്ത ഇവരുള്‍പ്പെട്ട രാജ്പുത് ക്ഷത്രിയ മഹാസഭ യുവതിയുടെ ഭാവി ജീവിതത്തില്‍ ആശങ്ക അറിയിച്ച് രംഗത്തെത്തിയിരുന്നു. തുടര്‍ന്നുള്ള ചര്‍ച്ചകളിലാണ് വിവാഹക്കാര്യത്തില്‍ തീരുമാനമായത്.

ആരതിയുടെ വിവാഹം നടത്താന്‍ ആലോചനകള്‍ ആരംഭിക്കുകയും ഇതിനായി സംഘടന പ്രസിഡന്റ് ഹോരി സിങ് ദൗദിന്റെ നേതൃത്വത്തില്‍ ചര്‍ച്ചയും നടത്തിയിരുന്നു. ഈ ചര്‍ച്ചയ്ക്കിടെ ആരതിയെ വിവാഹം ചെയ്യാന്‍ തയ്യാറാണെന്ന് ഭര്‍തൃപിതാവായ കൃഷ്ണ സിങ് അറിയിച്ചു. ആരതിയും സമ്മതം അറിയിച്ചതോടെ സംഘടന അംഗങ്ങളുടെ നേതൃത്വത്തില്‍ ആചാരപൂര്‍വം വിവാഹച്ചടങ്ങുകള്‍ നടത്തുകയായിരുന്നു.

കൊവിഡ് പശ്ചാത്തലത്തില്‍ പ്രോട്ടോക്കോള്‍ പാലിച്ച് അടുത്ത ബന്ധുക്കളും സംഘടനയിലെ ചില അംഗങ്ങളും മാത്രമാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്.

follow us: PATHRAM ONLINE LATEST NEWS

pathram:
Related Post
Leave a Comment