തിരുവനന്തപുരം: മൃതദേഹങ്ങള്‍ കോവിഡ് പരിശോധന നടത്തി വിട്ടുകൊടുക്കുന്നതില്‍ ദിവസങ്ങളുടെ കാലതാമസം തുടരുന്നു. വെഞ്ഞാറമൂട് മരിച്ച ദമ്പതികളുടെ മൃതദേഹങ്ങള്‍ അഞ്ചു ദിവസമായിട്ടും വിട്ടുകിട്ടിയില്ല. തിരുവനന്തപുരം ജയ്‌നഗര്‍ സ്വദേശി സൂസി സ്റ്റീഫന്റെ മൃതദേഹം വിട്ടുകൊടുക്കാന്‍ അഞ്ചുദിവസം വൈകിയ വാര്‍ത്തയെത്തുടര്‍ന്നു മൃതദേഹങ്ങളുടെ കോവിഡ് പരിശോധനയ്ക്കു മുന്‍ഗണന നല്‍കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനു തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പുല്ലുവിലയാണ്. വിഷം ഉള്ളില്‍ചെന്ന നിലയില്‍ ആശുപത്രിയിലെത്തിച്ച വെഞ്ഞാറമൂട് സ്വദേശികളായ ദമ്പതികള്‍ മരിച്ചത് ഒന്നാം തീയതി വൈകിട്ടോടെയാണ്. കോവിഡ് ടെസ്റ്റിനു ശേഷമേ പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെ നടത്താനാകൂ. ദമ്പതികളുടെ അപ്രതീക്ഷിത വിയോഗത്തില്‍ നീറുന്ന ഉറ്റ ബന്ധുക്കള്‍ കാത്തിരിപ്പ് തുടങ്ങിയിട്ട് അഞ്ചു ദിവസമാകുന്നു.
കഴിഞ്ഞ 18ന് മരിച്ച തിരുവനന്തപുരം ജയ്‌നഗര്‍ സ്വദേശി സൂസി സ്റ്റീഫന്റെ മൃതദേഹം മെഡിക്കല്‍ കോളജില്‍നിന്നു വിട്ടുകിട്ടിയത് അഞ്ചാം ദിവസമായിരുന്നു. വഞ്ചിയൂര്‍ സ്വദേശി വി.രമേശന്റെ സംസ്‌കാരം നടന്നതും അഞ്ചാം ദിവസം. ബന്ധുക്കളുടെ ദയനീയാവസ്ഥ ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്നാണു മുഖ്യമന്ത്രി വിഷയത്തിലിടപെട്ടത്. കൂടിയാല്‍ 6 മണിക്കൂര്‍ മതി കോവിഡ് ഫലമറിയാന്‍. നെഗറ്റീവ് ആണെങ്കില്‍ അപ്പോള്‍ തന്നെ മൃതദേഹം വിട്ടുകൊടുക്കാം.
ഇനി പോസിറ്റീവ് ആയാലും വീണ്ടും പരിശോധന നടത്തി ഉറപ്പിക്കാന്‍ ഇത്രയധികം സമയമെടുക്കുന്നതു നീതീകരിക്കാനാകില്ല. മെഡിക്കല്‍ കോളജിലും ശ്രീചിത്രയിലുമാണു തിരുവനന്തപുരം ജില്ലക്കാരുടെ പരിശോധന നടക്കുന്നത്. 400ല്‍ താഴെ പരിശോധനകളേ ഒരു ദിവസം നടത്താനാകൂ. ഫലമറിയാന്‍ രണ്ടു ദിവസത്തിലേറെ താമസം നേരിടുന്നുണ്ട്. കൂടുതല്‍ ലാബുകള്‍ സജ്ജമാക്കാന്‍ സാധിക്കുമെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
follow us pathramonline
Leave a Comment