മഹാരാഷ്ട്രയില്‍ അതീവ ആശങ്ക, രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നു, ഒറ്റദിവസം 7074 പുതിയ കേസുകള്‍

മുംബൈ: മഹാരാഷ്ട്ര അതീവ ആശങ്കയില്‍. രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നു. 7074 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിത്. അതിനിടെ പൂനെ മേയര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.

ആദ്യമായിട്ടാണ് സംസ്ഥാനത്ത് രോഗികളുടെ എണ്ണം ഏഴായിരം കടക്കുന്നത്. കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തില്‍ നിന്ന് രണ്ട് ലക്ഷം എത്താന്‍ വെറും 22 ദിവസം മാത്രമാണ് എടുത്തത്. രോഗബാധിതരുടെ എണ്ണത്തില്‍ മഹാരാഷ്ട്ര ജര്‍മ്മനിയെ മറികടന്നു. 2,00,064 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. രണ്ടായിരത്തിന് മുകളിലാണ് കഴിഞ്ഞ രണ്ടു ദിവസമായി തനൈയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പോസിറ്റീവ് കേസുകള്‍. മുംബൈയില്‍ 1,163 പേര്‍ക്കും പൂനെയില്‍ 1,502 പേര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു.

ഔറംഗബാദ്, പാല്‍ഘട്ട്, നാസിക്, റായ്ഗഡ്, ജല്‍ഗോണ്‍ തുടങ്ങിയ ജില്ലകളിലും കൊവിഡ് വ്യാപനം രൂക്ഷമാണ്. 295 പേര്‍ കൂടി രോഗം ബാധിച്ച് മരിച്ചു. 48 മണിക്കൂറിനിടെ 124 മരണവും ഡേത്ത് ഓഡിറ്റിലൂടെ 171 മരണവുമാണ് കണക്കുകളില്‍ രേഖപ്പെടുത്തിയത്. 8,671 ആണ് ആകെ മരണസംഖ്യ. സംസ്ഥാനത്തെ മരണനിരക്ക് 4.33 ശതമാനവും രോഗമുക്തിനിരക്ക് 54.02 ശതമാനവുമാണ്. പൂനെയില്‍ രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന മേയര്‍ മുരളീധര്‍ മോഹോലിന് രോഗബാധയേറ്റു. പനിയെ തുടര്‍ന്ന് പൂനെയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

FOLLOW US PATHRAMONLINEpa

pathram:
Leave a Comment