എട്ട് പേരുടെ മരണം: വികാസ് ദുബെയെ കൊന്നുകളയണമെന്ന് അമ്മ

ലഖ്‌നൗ: കാണ്‍പുരില്‍ ഡിഎസ്പി ഉള്‍പ്പെടെ എട്ട് പോലീസുകാരുടെ മരണത്തിന് കാരണക്കാരനായ മകനെ കൊന്നുകളയണമെന്ന് അമ്മ. വികാസ് ദുബെയെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചാലും കൊന്നുകളയണമെന്ന് മാതാവ് സരളാദേവി പറഞ്ഞു. ദുബെയ്ക്ക് കഠിനമായ ശിക്ഷ തന്നെ ലഭിക്കണമെന്നും അവര്‍ പറഞ്ഞു.

അവന്‍ പോലീസിന് കീഴടങ്ങുകയാണ് വേണ്ടത്, അതിന് തയ്യാറാവുന്നില്ലെങ്കില്‍ ഏറ്റുമുട്ടലിലൂടെ പോലീസ് അവനെ കൊല്ലണം, പോലീസിന് അവനെ പിടികൂടാന്‍ സാധിച്ചാലും കൊന്നു കളയണം, കഠിനമായ ശിക്ഷ തന്നെ അവന് നല്‍കണമെന്നും സരളാദേവി പറഞ്ഞു.

നിരപരാധികളായ പോലീസുകാരെ കൊന്നതിലൂടെ അത്രയും വലിയ ക്രൂരതയാണ് ദുബെ ചെയ്തതെന്നും ഒളിവില്‍ നിന്ന് പുറത്തു വരുന്നതാണ് ദുബെയ്ക്ക് നല്ലതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയപ്രവര്‍ത്തകരുമായുള്ള സഹവാസത്തെ തുടര്‍ന്നാണ് ദുബെ കുറ്റകൃത്യങ്ങള്‍ ചെയ്യാനാരംഭിച്ചതെന്നും അവര്‍ പറഞ്ഞു.

എംഎല്‍എയാവാനാണ് മുന്‍മന്ത്രി സന്തോഷ് ശുക്ലയെ ദുബെ വെടിവെച്ചു കൊലപ്പെടുത്തിയതെന്നും സരളാദേവി പറഞ്ഞു. ദുബെയെ കണ്ടിട്ട് നാല് മാസത്തോളമായെന്നും മകന്‍ കാരണം കുടുംബത്തിനും ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇളയമകന്റെ കൂടെ ലഖ്‌നൗവിലാണ് സരളാദേവി താമസിക്കുന്നത്.പിടികിട്ടാപ്പുള്ളിയായ ദുബെയെ പിടികൂടാനെത്തിയ പോലീസുകാര്‍ക്ക് നേരെ ദുബെയുടെ അനുയായികള്‍ വെള്ളിയാഴ്ച നടത്തിയ വെടിവെയ്പിലാണ് എട്ട് പോലീസുകാര്‍ കൊല്ലപ്പെട്ടത്. ദുബെയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 50,000 രൂപ പ്രതിഫലം നല്‍കുമെന്ന് കാന്‍പുരില്‍ ഐജി മോഹിത് അഗര്‍വാള്‍ പ്രഖ്യാപിച്ചു. മരിച്ച പോലീസുകാരുടെ കുടുംബത്തിന് ഒരു കോടി രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു

follow us pathramonlie

pathram:
Leave a Comment