പുലര്‍ച്ചെ ഓട്ടോയില്‍ കയറിയ വയോധികയെ കെട്ടിയിട്ട് പീഡിപ്പിച്ചു; പണവും സ്വര്‍ണവും അപഹരിച്ചു; സംഭവം കോഴിക്കോട് മുക്കത്ത്‌

കോഴിക്കോട് മുക്കം മുത്തേരിയില്‍ ഓട്ടോയാത്രയ്ക്കിടെ മോഷണത്തിനിരയായ വയോധിക പീഡിപ്പിക്കപ്പെട്ടതായി മൊഴി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് വയോധിക പോലീസിന് നല്‍കിയ മൊഴിയിലാണ് ക്രൂരകൃത്യത്തിന്റെ ചുരുളഴിഞ്ഞത്.

വ്യാഴാഴ്ച രാവിലെ ജോലി സ്ഥലത്തേക്ക് പോകാന്‍, അതുവഴി വന്ന ഓട്ടോറിക്ഷയില്‍ കയറിയ വയോധികയെ തൊട്ടടുത്തുള്ള ക്രഷറിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ കൊണ്ടുപോയി, കൈയും കാലും കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന വയര്‍ ഉപയോഗിച്ച് കൈയും സമീപത്തെ ചെടിയുടെ വള്ളി ഉപയോഗിച്ച് കാലും കെട്ടിയിട്ടാണ് പ്രതി ദേഹോപദ്രവം നടത്തിയതെന്ന് വയോധിക പോലീസിന് മൊഴി നല്‍കിയതായി ബന്ധുക്കള്‍ പറഞ്ഞു.

ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന കത്രിക ഉപയോഗിച്ച് ഇവരുടെ വസ്ത്രങ്ങള്‍ കീറിമുറിക്കുകയും ശബ്ദിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനിടെ വയോധികയുടെ ബോധം നഷ്ടപ്പെട്ടു. ബോധം വന്നപ്പോഴേക്കും പ്രതി ഓട്ടോറിക്ഷയുമായി രക്ഷപ്പെട്ടിരുന്നു. എങ്ങനെയോ കാലിലെ കെട്ടഴിച്ച്, വേദന സഹിച്ച് കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി കുറച്ചകലെ കണ്ട വീട്ടിലെത്തി. കൈയിലെ കെട്ടഴിച്ചുതരാന്‍ വീട്ടുകാരോട് ആവശ്യപ്പെട്ടെങ്കിലും പോലീസ് കേസ് ഭയന്ന് അവര്‍ തയ്യാറായില്ല. ഒടുവില്‍, വീടിന്റെ പിന്നില്‍നിന്ന് ഇറങ്ങിവന്ന സ്ത്രീയാണ് കൈയിലെ കെട്ടഴിച്ചതെന്നും മൊഴിയില്‍ പറയുന്നു. ഈ വീട്ടില്‍ നിന്നിറങ്ങി കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയില്‍ എത്തിയെങ്കിലും ഇവര്‍ക്ക് സ്ഥലം തിരിച്ചറിയാനായില്ല. ഒടുവില്‍ സമീപത്തെ കടക്കാരനോട് ചോദിച്ചപ്പോഴാണ് സ്ഥലം തിരിച്ചറിഞ്ഞതെന്നും മൊഴിയില്‍ പറയുന്നു. മുത്തേരിക്കടുത്തുള്ള കാപ്പുമലയില്‍വെച്ചാണ് പ്രതി ക്രൂരകൃത്യം നടത്തിയത്.

വയോധികയുടെ ഒരു പവന്‍ തൂക്കമുള്ള മാലയും കമ്മലും പണമടങ്ങിയ പഴ്‌സും അപഹരിച്ചാണ് പ്രതിയായ ഓട്ടോഡ്രൈവര്‍ കടന്നുകളഞ്ഞത്. വ്യാഴാഴ്ച രാവിലെ ആറരയോടെയായിരുന്നു സംഭവം. ഓമശ്ശേരിയിലെ സ്വകാര്യഹോട്ടലിലെ ജീവനക്കാരിയായ ഇവര്‍ രാവിലെ പണിക്ക് പോകവേ, മുത്തേരിയില്‍നിന്ന് അതുവഴി വന്ന ഓട്ടോറിക്ഷയ്ക്ക് കൈകാണിച്ച് കയറുകയായിരുന്നു.

ചോരയൊലിക്കുന്ന ശരീരവും കീറിയ വസ്ത്രങ്ങളുമായി വയോധിക തിരികെ വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം നാട്ടുകാരും അയല്‍വാസികളും അറിയുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള ഇവരുടെ നില തൃപ്തികരമാണ്. തലയ്ക്കുള്ളില്‍ രക്തം കട്ടകെട്ടിയിട്ടുണ്ട്. ചെവിയിലൂടെ രക്തസ്രാവമുണ്ടായിരുന്നു.

FOLLOW US: pathram online

pathram:
Related Post
Leave a Comment