നിത്യാനന്ദയെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പൊലീസ്: കാണാതായ രണ്ടു സഹോദരിമാര്‍ നിത്യാനന്ദയ്‌ക്കൊപ്പം കൈലാസത്തില്‍

അഹമ്മദാബാദ്: വിവാദ ആള്‍ദൈവം നിത്യാനന്ദയെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പൊലീസ്. ആശ്രമത്തില്‍ നിന്നും കാണാതായ രണ്ടു സഹോദരിമാര്‍ നിത്യാനന്ദയ്‌ക്കൊപ്പം കൈലാസത്തിലുണ്ടെന്ന് ഗുജറാത്ത് പൊലീസ് പറയുന്നു. താന്‍ ഒരു കരീബിയന്‍ ദ്വീപ് വാങ്ങിയെന്നും അതിനു കൈലാസം എന്ന് പേരിട്ടെന്നും നിത്യാനന്ദ കഴിഞ്ഞ വര്‍ഷം വെളിപ്പെടുത്തിയിരുന്നു.

നിത്യാനന്ദയ്‌ക്കൊപ്പമുള്ള സഹോദരിമാര്‍ ചട്ണി മ്യൂസിക്കില്‍ (ഇന്ത്യന്‍കരീബിയന്‍ സമൂഹത്തില്‍ പ്രചാരത്തിലുള്ള ഒരു സംഗീതരൂപം) അടക്കം പ്രാവീണ്യം നേടിയതായും ഗുജറാത്ത് പൊലീസ് വെളിപ്പെടുത്തി. ഇവരില്‍ മൂത്തയാള്‍ക്ക് കൈലാസത്തിലെ ഭരണപരമായ കാര്യങ്ങളിലടക്കം പ്രധാന പങ്കുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ പെണ്‍കുട്ടികള്‍ പറയുന്നതും അവരുടെ പിതാവ് നല്‍കിയ പരാതിയും തമ്മില്‍ ധാരാളം പൊരുത്തക്കേടുകളുണ്ടെന്നും പൊലീസ് പറഞ്ഞതായി ഒരു ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

നിത്യാനന്ദയ്‌ക്കെതിരെ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കാന്‍ നീക്കം നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. ഏത് രാജ്യത്തിന്റെ ഉടമ്പടി പ്രകാരമാണ് പെണ്‍കുട്ടികളെ ഇന്ത്യയിലേക്ക് കൈമാറേണ്ടതെന്നു വ്യക്തതയില്ലെന്നും പൊലീസ് പറയുന്നു. 2015 മുതല്‍ നിത്യാനന്ദയുടെ ആശ്രമത്തിലാണ് ഈ പെണ്‍കുട്ടികള്‍ താമസിച്ചിരുന്നത്.

2015 മുതല്‍ നിത്യാനന്ദയുടെ അഹമ്മദാബാദിലെ ആശ്രമത്തിലുള്ള രണ്ട് പെണ്‍മക്കളെ കാണാനില്ലെന്നും തട്ടിക്കൊണ്ടുപോയെന്നും ആരോപിച്ചാണ് ഇവരുടെ പിതാവ് പരാതി നല്‍കിയത്. 2019 നവംബറില്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയും ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ സ്വന്തം അച്ഛനെതിരെ സംസാരിച്ചുകൊണ്ട് പെണ്‍കുട്ടികളുടെ വിഡിയോ പുറത്തുവന്നിരുന്നു.

follow us pathramonline

pathram:
Related Post
Leave a Comment