ഫോര്‍മുല വണ്‍ കാറോട്ട മത്സരങ്ങളുടെ മുന്‍ മേധാവി ബെര്‍ണി എക്ലസ്‌റ്റോണ്‍ 89–ാം വയസ്സില്‍ വീണ്ടും പിതാവായി. ബെര്‍ണിയുടെ ഭാര്യ നാല്‍പത്തിനാലുകാരി ഫാബിയാന ഫ്‌ലോസിയാണ് കഴിഞ്ഞ ദിവസം ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിന് എയ്‌സ് എന്ന് പേരിട്ടതായി എക്ലസ്‌റ്റോണിന്റെ വക്താവ് വ്യക്തമാക്കി. കോടീശ്വരനായ ബെര്‍ണിയുടെ ആദ്യത്തെ ആണ്‍കുഞ്ഞും മൂന്നാം ഭാര്യയായ ഫാബിയാന ഫ്‌ലോസിയില്‍ പിറക്കുന്ന ആദ്യ കുഞ്ഞുമാണ് എയ്‌സ്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ഇന്റര്‍ലേക്കനിലാണ് ഫ്‌ലോസി കുഞ്ഞിന് ജന്മം നല്‍കിയത്.
അതേസമയം, ആദ്യത്തെ രണ്ടു വിവാഹങ്ങളിലായി ബെര്‍ണിക്ക് മൂന്നു പെണ്‍മക്കളുണ്ട്. ആദ്യ ഭാര്യ ഇവി ബാംഫോര്‍ഡില്‍ ജനിച്ച മൂത്ത മകള്‍ ദെബോറയ്ക്ക് ഇപ്പോള്‍ 65 വയസ്സുണ്ട്. രണ്ടാം ഭാര്യയായ സ്ലാവിസ റാഡിച്ചില്‍ ജനിച്ച മുപ്പത്താറുകാരിയായ ടമാര, മുപ്പത്തൊന്നുകാരി പെട്ര എന്നിവരാണ് ബെര്‍ണിയുടെ മറ്റു മക്കള്‍. ഈ മൂന്നു പേരിലുമായി ബെര്‍ണിക്ക് അഞ്ചു കൊച്ചുമക്കളുമുണ്ട്. കൊച്ചുമക്കളില്‍ ഒരാള്‍ക്കു കൂടി കുഞ്ഞു ജനിച്ചതോടെ സന്തതി പരമ്പരയില്‍ നാലു തലമുറകളായി.
2017 ല്‍ പുറത്താക്കപ്പെടുന്നതുവരെ 40 വര്‍ഷത്തോളം കാലം ഫോര്‍മുല വണ്‍ അധ്യക്ഷനായിരുന്നു ബെര്‍ണി. രണ്ടാമത്തെ വിവാഹമോചനത്തിനുശേഷം 2012 ലാണ് ബെര്‍ണി ഫാബിയാന ഫ്‌ലോസിയെ ജീവിതസഖിയാക്കിയത്. 2016ല്‍ ഫ്‌ലോസിയുടെ മാതാവിനെ വന്‍തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബ്രസീലില്‍വച്ച് അക്രമികള്‍ തട്ടിക്കൊണ്ടു പോയിരുന്നു.
ഫോര്‍മുല വണ്ണിനെ ഇന്നു കാണുന്ന തലത്തിലേക്ക് വളര്‍ത്തിയെടുത്ത ഭരണകര്‍ത്താവായാണ് ബെര്‍ണി അറിയപ്പെടുന്നത്. കാറോട്ട രംഗത്ത് ഇപ്പോഴും വന്‍ സ്വാധീനശക്തിയായ ബെര്‍ണി, അടുത്തിടെ വര്‍ണവെറിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശം വിവാദമായിരുന്നു.
follow us: PATHRAM ONLINE
Leave a Comment