ഉറവിടം അറിയാത്ത കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; തിരുവനന്തപുരം നഗരത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി നഗരസഭ

തിരുവനന്തപുരം: ഉറവിടം അറിയാത്ത കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ തിരുവനന്തപുരം നഗരത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നഗരസഭ. തിരുവനന്തപുരത്ത് ഇന്ന് ഒമ്പതുകേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ നാലു കേസുകളുടെ ഉറവിടം കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

ബാലരാമപുരം സ്വദേശി, തുമ്പ സ്വദേശി, സാഫല്യം കോപ്ലക്സിലെ ജീവനക്കാരനായ അസം സ്വദേശി, വഞ്ചിയൂര്‍ കുന്നുംപുറത്ത് ലോട്ടറി വില്‍പനക്കാരനായ 45-കാരന്‍ എന്നിവരുടെ രോഗത്തിന്റെ ഉറവിടമാണ് കണ്ടെത്താന്‍ സാധിക്കാത്തത്. അസം സ്വദേശി ജോലിചെയ്തിരുന്ന പാളയത്തെ സാഫല്യം കോംപ്ലക്സ് ഏഴുദിവസത്തേക്ക് അടച്ചിടാന്‍ നഗരസഭ തീരുമാനിച്ചതായി മേയര്‍ കെ. ശ്രീകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സാഫല്യം കോംപ്ലക്സിന്റെ പരിസരത്തുള്ള പാളയം മാര്‍ക്കറ്റിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. മാര്‍ക്കറ്റിന്റെ മുന്‍വശത്തെ ഗേറ്റ് മാത്രമേ തല്‍ക്കാലം തുറക്കുകയുള്ളൂ. പുറകിലുള്ള ഗേറ്റ് അടയ്ക്കും. നഗരസഭ ആരോഗ്യവിഭാഗത്തിന്റെ കൗണ്ടര്‍ പാളയം മാര്‍ക്കറ്റിന്റെ മുന്നില്‍ സ്ഥാപിക്കും. വളരെ കുറച്ച് ആളുകളെ മാത്രമേ കടത്തിവിടുകയുള്ളൂ.

നഗരത്തിലെ മുഴുവന്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, അക്ഷയ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്തും. വഞ്ചിയൂര്‍, കുന്നുംപുറം മേഖല കണ്ടെയ്ന്‍മെന്റ് സോണായി മാറാനുള്ള തീരുമാനം വരാന്‍ പോവുകയാണ്. അതിന്റെ ഭാഗമായുള്ള ലോക്ക്ഡൗണ്‍ ഉണ്ടാകുമെന്നും മേയര്‍ പറഞ്ഞു.

തിരുവനന്തപുരം നഗരത്തില്‍ പൊതുജനങ്ങള്‍ എത്തിച്ചേരാന്‍ സാധ്യതയുള്ള ഓഫീസുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള തീരുമാനം എടുക്കാന്‍ ബന്ധപ്പെട്ടവരോട് അഭ്യര്‍ഥിക്കുകയാണെന്നും മേയര്‍ പറഞ്ഞു. ബസ് സ്റ്റോപ്പുകളില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് പോലീസ് അടക്കമുള്ള സംവിധാനങ്ങളോട് ആവശ്യപ്പെടുമെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.

pathram:
Related Post
Leave a Comment