കോട്ടയത്ത് കോവിഡ് രോഗമുക്തി നേടിയ യുവതിക്ക് വീണ്ടും രോഗം

കോട്ടയത്ത് കോവിഡ് രോഗമുക്തി നേടിയ യുവതിക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചു. ജൂണ്‍ 19ന് ഷാര്‍ജയില്‍നിന്ന് കേരളത്തിലെത്തിയ 27 വയസ്സുകാരിയായ പായിപ്പാട് സ്വദേശിനിക്കാണ് വീണ്ടും രോഗം സ്ഥിരീകരിച്ചത്.

മേയ് 10ന് ഷാര്‍ജയില്‍ വെച്ച് ഇവരുടെ സ്രവം പരിശോധിക്കുകയും രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് മേയ് 28നും ജൂണ്‍ മൂന്നിനും നടത്തിയ പരിശോധനയില്‍ ഫലം നെഗറ്റീവ് ആയി.

ജൂണ്‍ 19ന് യുവതി കേരളത്തിലെത്തി. തുടര്‍ന്ന് ഹോം ക്വാറന്റീനിലായിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജൂണ്‍ 30ന് സ്രവം പരിശോധനയ്ക്ക് എടുക്കുകയും ഇന്ന് രോഗം സ്ഥിരീകരിക്കുകയുമായിരുന്നു.

പായിപ്പാട് സ്വദേശിനി ഉള്‍പ്പെടെ ഒമ്പതുപേര്‍ക്കാണ് ഇന്ന് കോട്ടയത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതില്‍ നാലുപേര്‍ ഒരു കുടുംബത്തില്‍നിന്നുള്ളവരാണ്. മുംബൈയില്‍നിന്നെത്തിയ മറിയപ്പള്ളി സ്വദേശി (48), ഇദ്ദേഹത്തിന്റെ ഭാര്യ (36), ഇവരുടെ 12ഉം ഏഴും വയസ്സുള്ള ആണ്‍മക്കള്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മുംബൈയില്‍നിന്ന് വിമാനമാര്‍ഗം ജൂണ്‍ 26നാണ് കുടുംബം നാട്ടിലെത്തിയത്. ഇവര്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു.

FOLLOW US: pathram online

pathram:
Related Post
Leave a Comment