കടല്‍ക്കൊലകേസ്: ഇന്ത്യയ്ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് അന്താരാഷ്ട്ര കോടതി

ന്യൂഡല്‍ഹി: കേരളതീരത്ത് 2012-ല്‍ രണ്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവെച്ചുകൊന്ന സംഭവത്തില്‍ അന്താരാഷ്ട്ര കോടതി വിധിപ്രഖ്യാപിച്ചു. സംഭവത്തില്‍ ഇന്ത്യയ്ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് കോടതി വിധിച്ചതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഇറ്റാലിയന്‍ കപ്പലിലെ നാവികര്‍ അടക്കമുള്ള ജീവനക്കാര്‍ മുഖേന ഇന്ത്യയ്ക്കുണ്ടായ ജീവനാശം, വസ്തുവകകള്‍ക്ക് സംഭവിച്ച നഷ്ടം, ധാര്‍മിക ക്ഷതം തുടങ്ങിയവയ്ക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ ഇന്ത്യയ്ക്ക് അര്‍ഹതയുണ്ട്. നഷ്ടപരിഹാരം എന്തായിരിക്കണം എന്നത് സംബന്ധിച്ച് ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്ത് തീരുമാനിക്കുകയും കരാര്‍ ഉണ്ടാക്കുകയും വേണമെന്നും കോടതി വ്യക്തമാക്കി.

കടലില്‍ ഇന്ത്യയുടെ യാത്രാസ്വാതന്ത്ര്യം ഇറ്റാലിയന്‍ നാവികര്‍ ലംഘിച്ചതായി കോടതി കണ്ടെത്തി. നാവികര്‍ക്കെതിരെ ഇന്ത്യയെടുത്ത നടപടി കോടതി ശരിവെച്ചു. നാവികരെ തടഞ്ഞുവച്ചതിന് നഷ്ടപരിഹാരം നല്‍കണമെന്ന ഇറ്റലിയുടെ അവകാശവാദം കോടതി തള്ളിയതായും വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

2012 ഫെബ്രുവരി 15-നാണ് കേരളതീരത്ത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ മീന്‍പിടിക്കുകയായിരുന്ന ബോട്ടിന് നേരെ ഇറ്റാലിയുടെ ചരക്ക് കപ്പലായ എന്‍ റിക ലെക്‌സിയില്‍ സുരക്ഷയ്ക്ക് നിയോഗിച്ചിരുന്ന നാവികര്‍ വെടിയുതിര്‍ത്തത്. സംഭവത്തില്‍ നീണ്ടകര സ്വദേശികളായ സെലസ്റ്റിന്‍ വാലന്റൈന്‍, രാജേഷ് പിങ്കി എന്നീ രണ്ട് മീന്‍പിടുത്തക്കാര്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് തന്ത്രപരമായി കൊച്ചിയിലെത്തിച്ച കപ്പലില്‍നിന്ന് നാവികരെ അറസ്റ്റ് ചെയ്യുകയായിരുന്നു. കടല്‍ക്കൊള്ളക്കാരെന്ന് തെറ്റിദ്ധരിച്ചാണ് വെടിവെച്ചതെന്നാണ് ഇറ്റലിയുടെ ഔദ്യോഗിക ഭാഷ്യം.

pathram:
Related Post
Leave a Comment