തൂത്തുക്കുടി ലോക്കപ്പിലെ ക്രൂരത പുറം ലോകം അറിഞ്ഞത് സ്റ്റേഷനിലെ വനിതാ കോണ്‍സ്റ്റബിള്‍ രേവതി വഴി.. മേലുദ്യോഗസ്ഥര്‍ പകവീട്ടുമെന്ന ആശങ്ക

ചെന്നൈ: മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നോടു വിരോധം തീര്‍ക്കുമോയെന്ന് ആശങ്കയുണ്ടെന്നു തൂത്തുക്കുടി ഇരട്ട കസ്റ്റഡി മരണത്തില്‍ നിര്‍ണായ മൊഴി നല്‍കിയ സാത്താന്‍കുളം പൊലീസ് സ്റ്റേഷനിലെ വനിതാ കോണ്‍സ്റ്റബിള്‍ രേവതി. എല്ലാ കാര്യങ്ങളും മജിസ്‌ട്രേറ്റിനെ അറിയിച്ചതായും തന്നെയും കുടുംബത്തെയും അനാവശ്യമായി പ്രശ്‌നത്തിലേക്ക് വലിച്ചിഴക്കരുതെന്നും രേവതി അഭ്യര്‍ഥിച്ചു.

ജൂണ്‍ 19ന് രാത്രി അറസ്റ്റിലായ ജയരാജ് മകന്‍ ബെന്നിക്‌സ് എന്നിവരെ 20നു പുലര്‍ച്ചെ വരെ പൊലീസ് മര്‍ദിച്ചതായാണു രേവതി മജിസ്‌ട്രേട്ടിനു മൊഴി നല്‍കിയത്. ലാത്തിയിലും, മേശപ്പുറത്തും രക്തം ഉണ്ടായിരുന്നെന്ന രേവതിയുടെ സാക്ഷിമൊഴി കേസില്‍ നിര്‍ണായകമാകും. മൊഴിയുടെ അടിസ്ഥാനത്തില്‍ സ്റ്റേഷനിലെ ലാത്തികള്‍ മജിസ്‌ട്രേട്ട് കസ്റ്റഡിയില്‍ എടുത്തിരുന്നു.

മൊഴിയുടെ പ്രാധാന്യം കണക്കിലെടുത്ത് രേവതിക്ക് സുരക്ഷ നല്‍കണമെന്ന്് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് നിര്‍ദേശിച്ചു. പൊലീസ് സുരക്ഷ വേണമെന്നും ഒരു മാസത്തെ അവധി അനുവദിക്കണമെന്നും ആവശ്യപ്പെട്ടു രേവതി തൂത്തുക്കുടി കലക്ടര്‍ക്ക് നിവേദനം നല്‍കിയിരുന്നു. സുരക്ഷ ഒരുക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചെന്നും 2 കോസ്റ്റബിള്‍മാരെ സുരക്ഷയ്ക്കായി നിയോഗിച്ചെന്നും കലക്ടര്‍ സന്ദീപ് നന്ദൂരി പറഞ്ഞു. അവധി ലഭിച്ചെന്നു ഉറപ്പാക്കും. അന്വേഷണത്തില്‍ സാത്തന്‍കുളം സ്റ്റേഷനിലെ പൊലീസുകാര്‍ സഹകരിക്കാതിരുന്നപ്പോള്‍ മൊഴി നല്‍കാന്‍ തയാറായ രേവതിയെ അഭിനന്ദിച്ചു സിനിമാ താരങ്ങളടക്കം രംഗത്തെത്തിയിരുന്നു.

അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ കോവില്‍പെട്ടി മജിസ്‌ട്രേറ്റിനെ അപമാനിച്ചതിന് കോടതിയലക്ഷ്യ നടപടി നേരിടുന്ന തൂത്തുക്കുടി മുന്‍ എഡിഎസ്പി ഡി.കുമാര്‍, മുന്‍ ഡിഎസ്പി സി.പ്രതാപന്‍ എന്നിവരെ പുതിയ പദവികളില്‍ നിയമിച്ചു. കോടതി രൂക്ഷ വിമര്‍ശനം നടത്തിയതിനു പിന്നാലെ ഇരുവരെയും റിസര്‍വ് പട്ടികയിലേക്കു മാറ്റിയിരുന്നു.

സിബിസിഐഡി 10 സംഘങ്ങളായി തിരിഞ്ഞാണു അന്വേഷണം നടത്തുന്നത്. ഐജി ശങ്കര്‍, അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിസിപി അനില്‍കുമാര്‍ എന്നിവര്‍ നേരിട്ടാണു നടപടിക്രമങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. സാത്താന്‍കുളത്തിലെ വ്യാപാരികള്‍, ജയരാജിന്റെയും ബെനിക്‌സിന്റെയും ബന്ധുക്കള്‍, സുഹൃത്തുക്കള്‍, സാത്താന്‍കുളം സ്റ്റേഷനിലെ പൊലീസുകാര്‍ എന്നിവരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.

FOLLOW US: pathram online

pathram:
Leave a Comment