റോഡ് നിര്‍മാണ പദ്ധതികളില്‍ ചൈനീസ് കമ്പനികളെ അനുവദിക്കില്ലെന്ന് നിതിന്‍ ഗഡ്കരി

ഹൈവേ നിര്‍മാണമടക്കം ഇന്ത്യയിലെ റോഡ് നിര്‍മാണ പദ്ധതികളില്‍ ചൈനീസ് കമ്പനികളെ അനുവദിക്കില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ലഡാക്ക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഗഡ്കരിയുടെ പ്രസ്താവന.

ചെറുകിട, ഇടത്തരം സംരംഭങ്ങളില്‍ ചൈനീസ് നിക്ഷേപകരെ പ്രോത്സാഹിപ്പിക്കില്ല. സംയുക്ത റോഡ് നിര്‍മാണ സംരംഭങ്ങളിലും ചൈനീസ് കമ്പനികളെ അനുവദിക്കില്ല. ചൈനീസ് കമ്പനികളുമായി ചേര്‍ന്നുള്ള കൂട്ടുസംരംഭങ്ങള്‍ക്ക് റോഡ് നിര്‍മാണത്തിന് അനുമതി നല്‍കില്ലെന്നും ഗഡ്കരി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ഹൈവൈ നിര്‍മാണ പദ്ധതികളില്‍ ചൈനീസ് കമ്പനികളെ വിലക്കിക്കൊണ്ടും ഇന്ത്യന്‍ കമ്പനികള്‍ക്കുള്ള യോഗ്യതാ മാനദണ്ഡങ്ങളില്‍ ഇളവു വരുത്തിക്കൊണ്ടുമുള്ള പുതിയ സര്‍ക്കാര്‍ നയം ഉടന്‍ പുറത്തിറങ്ങുമെന്നും മന്ത്രി വ്യക്തമാക്കി. നിലവിലുള്ള പദ്ധതികള്‍ക്കും വരാനിരിക്കുന്ന ടെൻഡറുകള്‍ക്കും പുതിയ തീരുമാനം ബാധകമായിരിക്കും.

വന്‍കിട നിര്‍മാണ പദ്ധതികളില്‍ പങ്കാളികളാകുന്നതിന് ഉതകുന്ന വിധത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് യോഗ്യതാ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ചട്ടങ്ങളില്‍ ഇളവു വരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഹൈവേ സെക്രട്ടറിക്കും നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍മാനും നിര്‍ദേശം നല്‍കിയതായും ഗഡ്കരി പറഞ്ഞു.

FOLLOW US: pathram online

pathram:
Leave a Comment