ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തിനു വേണ്ടി ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചതു പാലാരിവട്ടം സ്വദേശിനിയെന്ന് ഇരകളിലൊരാളായ ആലപ്പുഴ സ്വദേശിനി. പരാതിയും കേസുമായി നടന്നാല്‍, ഭാവി നശിപ്പിക്കുമെന്ന് ഇവര്‍ ഇപ്പോഴും ഭീഷണിപ്പെടുത്തുന്നതായും വെളിപ്പെടുത്തി.
5 വര്‍ഷമായി മോഡലിങ് രംഗത്തുള്ള യുവതി മാര്‍ച്ച് 3നും 11നും ഇടയില്‍ നടന്ന സംഭവങ്ങള്‍, വിവരിക്കുന്നതിങ്ങനെ:
‘പാലാരിവട്ടം സ്വദേശിനിയാണ്, കൊച്ചിയില്‍ ജ്വല്ലറിയുടെ പരസ്യത്തിന്റെ ഷൂട്ടുണ്ടെന്ന് എന്നെ വിളിച്ചു പറഞ്ഞത്. 2 വര്‍ഷമായി ഇവരെ അറിയാം. ഇവന്റ് മാനേജ്‌മെന്റ് രംഗത്തുണ്ടായിരുന്ന ഇവര്‍ ഇപ്പോള്‍ മോഡലിങ് രംഗത്താണു പ്രവര്‍ത്തിക്കുന്നത്.
ഇവരെ വിശ്വസിച്ചാണു ഞാന്‍ ഇറങ്ങിപ്പുറപ്പെട്ടത്. പിറ്റേന്ന് ഉച്ചയോടെ ഷൂട്ട് തീരുമെന്നു പറഞ്ഞിരുന്നു. മാര്‍ച്ച് 3ന് രാത്രി 9ന് വീട്ടില്‍ നിന്നു സ്‌കൂട്ടിയിലാണു യാത്ര തുടങ്ങിയത്. അര്‍ധരാത്രിയോടെ കുണ്ടന്നൂരിലെത്തി. ഇടനിലക്കാരിയെ വിളിച്ചപ്പോള്‍, കൊച്ചിയിലല്ല പാലക്കാട് വടക്കഞ്ചേരിയിലാണ് എത്തേണ്ടതെന്നു പറഞ്ഞു. ഒരു സുഹൃത്തിന്റെ ബൈക്കില്‍ 4ന് പുലര്‍ച്ചെ 2ന് വടക്കഞ്ചേരിയിലെത്തി.
ഇടനിലക്കാരി തന്ന ഫോണ്‍ നമ്പറില്‍ വിളിച്ചപ്പോള്‍, മുറിയില്‍ സ്ത്രീകള്‍ മാത്രമേയുള്ളുവെന്നും ആണുങ്ങളെയും കൂട്ടി വരരുതെന്നും പറഞ്ഞതനുസരിച്ച്, അല്‍പമകലെ ബൈക്ക് നിര്‍ത്തി. നടന്നാണ് ഹോട്ടലിലെത്തിയത്. ഹോട്ടലിലെ ഒരു മുറിയില്‍ 2 പെണ്‍കുട്ടികളും മറ്റൊന്നില്‍ 4 പെണ്‍കുട്ടികളുമുണ്ടായിരുന്നു. ഇവരില്‍ 2 പേര്‍ 3 ആഴ്ചകളായി അവിടെ തടവിലായിരുന്നു. തടവിലാക്കിയ തട്ടിപ്പു സംഘത്തില്‍ 9 പേരാണുണ്ടായിരുന്നത്.
ഷൂട്ടിനെക്കുറിച്ചു ചോദിച്ചപ്പോഴാണ് കറന്‍സി കടത്താണു ജോലിയെന്നു സംഘത്തിലെ റഫീഖ് പറഞ്ഞത്. അവിടെയുണ്ടായിരുന്ന 2 പെണ്‍കുട്ടികളാണു സ്വര്‍ണക്കടത്തിനെപ്പറ്റി പറഞ്ഞത്. പറ്റില്ലെന്നും തിരിച്ചു പോകണമെന്നും പറഞ്ഞപ്പോള്‍, പങ്കെടുത്താലും ഇല്ലെങ്കിലും ഡീല്‍ കഴിയാതെ പുറത്തു പോകാന്‍ പറ്റില്ലെന്നായിരുന്നു റഫീഖിന്റെ മറുപടി.
ചതി മനസ്സിലായപ്പോള്‍, ഇടനിലക്കാരിയെ വിളിച്ചെങ്കിലും തിരിച്ചു പോന്നോളൂ എന്ന മറുപടി മാത്രമാണു ലഭിച്ചത്. 5 ദിവസം ഇങ്ങനെ പോയി. ഒരു ദിവസം മാത്രമാണു ഭക്ഷണം കഴിച്ചത്. അടുത്ത ദിവസം, സമാനരീതിയില്‍ ഹോട്ടലിലെത്തിയ ചില പെണ്‍കുട്ടികളുടെ കാറില്‍ ഞാനടക്കം 6 പേര്‍ രക്ഷപ്പെട്ട് തൃശൂരിലെത്തുകയായിരുന്നു എന്ന് യുവതി പറഞ്ഞു.
follow us: pathram online
Leave a Comment