59 ചൈനീസ് ആപ്പുകള്‍ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവും തമിഴ്നാട്ടിലെ ലോക്സഭാ എംപിയുമായ മാണിക്കം ടാഗോര്‍. ഒപ്പം ഇ-പേയ്മെന്റ് ആപ്പായ പേടിഎമ്മും നിരോധിക്കണമെന്ന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. പേടിഎമ്മില്‍ വലിയ തോതില്‍ ചൈനീസ് നിക്ഷേപമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിക്കിപീഡിയയിലെ പേടിഎമ്മിന്റെ നിക്ഷേപക വിവരങ്ങളുടെ സ്‌ക്രീന്‍ ഷോട്ടടക്കം ചേര്‍ത്താണ് ട്വിറ്ററിലൂടെ പ്രധാനമന്ത്രിയോട് ഇക്കാര്യം മാണിക്കം ആവശ്യപ്പെട്ടിരിക്കുന്നത്.
ചൈനീസ് കമ്പനികളായ ആന്റ് ഫിനാന്‍ഷ്യല്‍സ്, ആലിബാബ എന്നിവര്‍ക്ക് പേടിഎമ്മില്‍ യഥാക്രമം 29.71%, 7.18% നിക്ഷേപമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ചില ചൈനീസ് ആപ്പുകള്‍ നിരോധിക്കാനുള്ള സര്‍ക്കാരിന്റെ നീക്കം സ്വാഗതം ചെയ്യുന്നു. ഇപ്പോള്‍ മോദി തന്റെ 56 ഇഞ്ച് നെഞ്ച് കാണിച്ച് വന്‍ ചൈനീസ് നിക്ഷേപമുള്ള പേടിഎം നിരോധിക്കണം’ മാണിക്കം ട്വീറ്റ് ചെയ്തു.
ചൈനീസ് ബഹുരാഷ്ട്ര കമ്പനിയായ ആലിബാബയുടെ അനുബന്ധ കമ്പനി തന്നെയാണ് ആന്റ് ഫിനാന്‍ഷ്യല്‍സും. ആലിബാബയടക്കമുള്ള ചൈനീസ് കമ്പനികളില്‍ 2015-19 കാലയളവില്‍ 5.5 ബില്യണ്‍ യുഎസ് ഡോളര്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിച്ചിട്ടുണ്ട്.
follow us: PATHRAM ONLINE
Leave a Comment