ആറ് റഫാല്‍ യുദ്ധവിമാനങ്ങള്‍ ജൂലായ് 27 ന് ഇന്ത്യയ്ക്ക് കൈമാറിയേക്കുമെന്ന് റിപ്പോര്‍ട്ട്. ആദ്യഘട്ട കൈമാറ്റത്തോടെതന്നെ വ്യോമസേനയുടെ ആക്രമണശേഷി വന്‍തോതില്‍ വര്‍ധിക്കുമെന്ന് വിദഗ്ധര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഇന്ത്യയ്ക്കും ചൈനയ്ക്കുമിടെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയും വ്യോമസേന കടുത്ത ജാഗ്രത പാലിക്കുകയും ചെയ്യുന്നതിനിടെയാണ് അത്യന്താധുനിക യുദ്ധവിമാനങ്ങള്‍ ഇന്ത്യയ്ക്ക് ലഭിക്കുന്നത്.
എതിരാളികള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കുന്നതാവും നീക്കമെന്ന് പേര് വെളിപ്പെടുത്താത്ത സൈനിക വൃത്തങ്ങള്‍ പറഞ്ഞു. വ്യോമസേനയുടെ ഏറ്റവും തന്ത്രപ്രധാന സ്ഥാനത്ത് സ്ഥിതിചെയ്യുന്ന അംബാല എയര്‍ഫോഴ്‌സ് സ്‌റ്റേഷനിലാവും ആദ്യമെത്തുന്ന റഫാല്‍ യുദ്ധവിമാനങ്ങള്‍ സൂക്ഷിക്കുക.
58,000 കോടിക്ക് 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാറില്‍ 2016 സെപ്റ്റംബറിലാണ് ഇന്ത്യയും ഫ്രാന്‍സും ഏര്‍പ്പെട്ടത്. യൂറോപ്യന്‍ മിസൈല്‍ നിര്‍മാതാക്കളായ എംബിഡിഎയുടെ മീറ്റിയോര്‍ എയര്‍ ടു എയര്‍ മിസൈല്‍, സ്‌കാള്‍പ് ക്രൂസ് മിസൈല്‍ എന്നിവ അടക്കമുള്ളവയുമായാണ് റഫാല്‍ യുദ്ധവിമാനങ്ങള്‍ എത്തുന്നത്. യു.കെ, ജര്‍മനി, ഇറ്റലി, ഫ്രാന്‍സ്, സ്‌പെയിന്‍, സ്വീഡന്‍ എന്നീ രാജ്യങ്ങള്‍ നേരിടുന്ന പൊതുവായ വെല്ലുവിളികള്‍ മുന്നില്‍ക്കണ്ട് രൂപകല്‍പ്പന ചെയ്ത മിസൈലാണ് മീറ്റിയോര്‍. ഇന്ത്യയ്ക്കുവേണ്ടി മാത്രം നടത്തിയ പരിഷ്‌കാരങ്ങളും റഫാല്‍ യുദ്ധവിമാനങ്ങളില്‍ ഉണ്ടാവും. ഇസ്രയേല്‍ നിര്‍മ്മിത ഹെല്‍മെറ്റ് മൗണ്ടഡ് ഡിസ്‌പ്ലേ, റഡാര്‍ വാണിങ് റിസീവറുകള്‍, ലോ ബാന്‍ഡ് ജാമറുകള്‍, പത്ത് മണിക്കൂര്‍ ഫ്‌ളൈറ്റ് ഡേറ്റാ റെക്കോര്‍ഡിങ്, ഇന്‍ഫ്രാറെഡ് സെര്‍ച്ച് ആന്‍ഡ് ട്രാക്കിങ് സംവിധാനം തുടങ്ങിയവയാണ് ഇവ.
റഫാല്‍ യുദ്ധവിമാനങ്ങള്‍ ഏറ്റുവാങ്ങുന്നതിനുള്ള തയ്യാറെടുപ്പുകളെല്ലാം വ്യോമസേന നടത്തിയിട്ടുണ്ട്. പൈലറ്റുമാര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയാക്കുകയും അടിസ്ഥാന സൗകര്യങ്ങളെല്ലാം ഒരുക്കുകയും ചെയ്തിട്ടുണ്ട്. പശ്ചിമ ബംഗാളിലെ ഹസിമാര ബെയ്‌സിലാവും റഫാല്‍ യുദ്ധവിമാനങ്ങളുടെ രണ്ടാമത്തെ സ്‌ക്വാഡ്രണ്‍ സൂക്ഷിക്കുക. 400 കോടിയിലേറെ ചെലവഴിച്ചാണ് രണ്ട് വ്യോമതാവളങ്ങളിലും റഫാല്‍ യുദ്ധവിമാനങ്ങള്‍ക്ക് വേണ്ടിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വ്യോമസേന ഒരുക്കിയത്. ഇന്ത്യയ്ക്ക് ലഭിക്കുന്ന 36 റഫാല്‍ വിമാനങ്ങളില്‍ 30 എണ്ണം യുദ്ധവിമാനങ്ങളും ആറെണ്ണം പരിശീലന വിമാനങ്ങളും ആയിരിക്കും.
റഫാല്‍ ഇടപാടില്‍ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. എന്നാല്‍ ആരോപണങ്ങളെല്ലാം കേന്ദ്ര സര്‍ക്കാര്‍ തള്ളുകയാണ് ഉണ്ടായത്.
FOLLOW US: pathram online
Leave a Comment