തിരുവനന്തപുരം: സംസ്ഥാനത്ത് രോഗലക്ഷണങ്ങള്‍ പ്രകടമല്ലാത്ത കൊറോണ വൈറസ് ബാധിതരുണ്ടാകുന്ന കേസുകള്‍ പലയിടത്തായി ഉണ്ടാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗലക്ഷണങ്ങള്‍ പ്രകടമാകാത്ത കേസുകള്‍ വരുന്ന സാഹചര്യത്തില്‍ പൊതുവിടങ്ങളിലേതുപോലെയുള്ള കരുതല്‍ വീടിനുള്ളിലുമുണ്ടാകണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
രോഗലക്ഷണമില്ലാത്ത വിഷയത്തില്‍ വലുതായി ആശങ്കപ്പെടേണ്ടതില്ലെന്നാണ് വിദഗ്ധര്‍ പറയുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ലോകത്തെല്ലായിടത്തും 60 ശതമാനം കോവിഡ് ബാധിതരിലും രോഗലക്ഷണങ്ങള്‍ പ്രകടമാകാതിരിക്കുകയോ അല്ലെങ്കില്‍ ലക്ഷണങ്ങള്‍ വളരെ ലഘുവോ ആണ്. 20 ശതമാനം കേസുകളില്‍ മിതമായ രീതിയില്‍ മാത്രമാണ് രോഗലക്ഷണങ്ങള്‍ കാണുന്നത്. തീവ്രമായ തോതില്‍ ലക്ഷണങ്ങള്‍ കാണിക്കുന്നത് ബാക്കിവരുന്ന 20 ശതമാനം ആളുകളിലാണ്. അവരില്‍ അഞ്ച് ശതമാനത്തില്‍ താഴെ ആളുകളെ മാത്രമാണ് ഐസിയുവില്‍ പ്രവേശിപ്പിക്കേണ്ടി വരുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
രോഗലക്ഷണങ്ങള്‍ പുറത്തുകാണിക്കാത്തവരില്‍ നിന്ന് രോഗപ്പകര്‍ച്ചക്കുള്ള സാധ്യത വളരെ കുറവാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ സംസ്ഥാനത്ത് ഇത് സാരമായ ചില പ്രശ്നങ്ങള്‍ സൃഷ്ടിക്കാനിടയുണ്ടെന്ന ആശങ്ക അദ്ദേഹം പങ്കുവെച്ചു. നിലവില്‍ നമ്മള്‍ വീടിന് പുറത്തിറങ്ങുമ്പോഴാണ് മാസ്‌ക് ധരിക്കുന്നതും ശാരീരിക അകലം പാലിക്കുന്നതും. വീടിനകത്ത് സാധാരണ പോലെയാണ് ഇടപഴകുന്നത്. വൈറസ് ബാധിച്ച്, എന്നാല്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ നിന്ന് പ്രായമേറിയവരിലേക്കും കുട്ടികളിലേക്കും രോഗം പകരുന്നതിന് സാധ്യതയുണ്ട്. ഇത് ഗൗരവമായി കാണണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
follow us: pathram online
Leave a Comment