ഇതെഴുതുമ്പോള്‍ ഞാന്‍ കോവിഡ് രോഗിയാണ്. എന്റെ ദുബായ് ഓഫിസില്‍ ഏറെക്കുറെ എല്ലാവരും രോഗബാധിതരാണ്. അല്ലാത്തവര്‍ ഓരോരുത്തരായി രോഗബാധിതരായിക്കൊണ്ടിരിക്കുന്നു. രോഗബാധിതരുടെ എണ്ണം കൂടിയപ്പോള്‍, കാര്യമായ പ്രശ്‌നങ്ങളൊന്നും ഇല്ലെങ്കിലും ജൂണ്‍ 13ന് ഞാനും ഒന്നു പരിശോധിപ്പിച്ചു. ഫലം വന്നു കോവിഡ് പോസിറ്റീവ്. പിന്നെ 14 ദിവസം ക്വാറന്റീന്‍. ഇപ്പോള്‍ ഒരാഴ്ച പിന്നിട്ടു. കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ല. വീട്ടില്‍ തന്നെ വിശ്രമിക്കുന്നു. രോഗക്കിടക്കയില്‍നിന്നുള്ള കുറിപ്പ് എന്നാണു തലവാചകമെങ്കിലും ഞാന്‍ കിടക്കയിലല്ല; എന്റെ ദിനചര്യകള്‍ക്കോ ജോലിക്കോ മാറ്റമൊന്നുമില്ല. ഓഫിസില്‍ പോകാതെ എല്ലാം വീട്ടിലിരുന്നു ചെയ്യുന്നു എന്നു മാത്രം
വ്യക്തിസുരക്ഷാ കിറ്റിന്റെ (പിപിഇ കിറ്റ്) ഗള്‍ഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ വിതരണക്കാരാണ് ഞങ്ങള്‍. ഇത് ഏറ്റവും തിരക്കുപിടിച്ചതും വിലപിടിപ്പുള്ളതുമായ സമയം. ബിസിനസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വീട്ടിലിരുന്നാണെങ്കിലും ചെയ്യുന്നു. ഭാര്യയും മക്കളും നാട്ടിലാണ്. എല്ലാ ദിവസവും വിഡിയോ കോള്‍. രോഗം ഭേദമായ ശേഷം മറ്റുള്ളവരോട് പറയാമെന്നായിരുന്നു ധാരണ.
ഇതിനിടയില്‍ ഷാര്‍ജയിലെ ബന്ധു ഓഫിസ് കാര്യത്തിനു വിളിച്ചപ്പോള്‍ ‘ഞാന്‍ ഓഫിസില്‍ ഇല്ല; കോവിഡ് ബാധിച്ചു വിശ്രമത്തിലാണ്’ എന്നു പറഞ്ഞുപോയി. അദ്ദേഹത്തിന്റെ കമ്പനിയില്‍ ഒരു യുവാവ് രണ്ടുമാസം മുന്‍പാണ് കോവിഡ് ബാധിച്ചു മരിച്ചത്. എന്റെ അഭ്യുദയകാംക്ഷിയായ അദ്ദേഹം, എല്ലാവരുടെയും പ്രാര്‍ഥന ലഭിക്കാനായി എന്റെ പിതാവും ബന്ധുക്കളും ഉള്‍പ്പെടെ പലരെയും വിവരം അറിയിച്ചു. വീട്ടിലും നാട്ടിലുമെല്ലാം അറിഞ്ഞു. പിന്നെ ഫോണ്‍ കോളുകളുടെ പ്രവാഹം. പലരും വിളിച്ചു പൊട്ടിക്കരയുന്നു. ചിലര്‍ക്ക്, ഞങ്ങളോട് എന്തേ പറയാതിരുന്നത് എന്ന പരിഭവം. ഫോണ്‍കോളുകള്‍ കൂടിക്കൂടി വന്നപ്പോള്‍ ഞാനും ആകെ സ്‌ട്രെസ്സിന് അടിപ്പെട്ടു. വിളിച്ചവര്‍ പലരും പല മരുന്നുകളും പറഞ്ഞുതന്നു. സുന്നാമക്കി മുതല്‍ കരിഞ്ചീരകം വരെ. പെരുംജീരകവും ഉലുവയും പലവിധ ഫലവര്‍ഗങ്ങളും അക്കൂട്ടത്തിലുണ്ട്. എല്ലാവര്‍ക്കും പറയാനുള്ളത് ഒരേ ഒരു കാര്യം ‘നിനക്കു വേണ്ടി ഞങ്ങള്‍ എന്തും ചെയ്യും’. എന്തും ചെയ്യലാണ് ഈ കാണുന്നതെല്ലാം
ഇതിലും ഭീകരമാണ് ഗള്‍ഫിലും നാട്ടിലുമുള്ള പല കോവിഡ് ബാധിതരുടെയും അവസ്ഥ. ഗള്‍ഫിലെ പ്രവാസികള്‍ മിക്കവരും ഒറ്റയ്ക്ക് ആയിരിക്കും. കോവിഡ് ആണെന്നു കേള്‍ക്കുന്നതോടെ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ഇങ്ങനെ ‘സ്‌നേഹിക്കുമ്പോള്‍’ അവരുടെ മനസ്സില്‍ ഒരു ഫിയര്‍ സൈക്കോസിസ് രൂപപ്പെടുകയാണ്. പല കോവിഡ് മരണങ്ങളും ഹൃദയാഘാതം കാരണമാണ്. പലരും വലിയ മാനസിക സമ്മര്‍ദത്തിലാണ്.
ദോഹയിലെ ഹമദ് ആശുപത്രിയില്‍ കോവിഡ് ചികിത്സാവിഭാഗത്തിലുള്ള ഡോ. ഇര്‍ഫാന്‍ എന്റെ ബന്ധുവാണ്. ചുമ, തലവേദന, പനി തുടങ്ങി ഒരു ലക്ഷണവും ഇല്ലാത്തതിനാല്‍ ഒരു മരുന്നും വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. നല്ല ഭക്ഷണം കഴിക്കുക, നന്നായി ഉറങ്ങുക. കോവിഡ് വന്നു പോവുകയാണ് ഏറ്റവും നല്ലത്. ദോഹയും ദുബായും സ്വയം ആര്‍ജിത പ്രതിരോധത്തിലേക്ക് (ഹെര്‍ഡ് ഇമ്യൂണിറ്റി) എത്തിയിരിക്കുന്നു. ഇതെഴുതുമ്പോള്‍ യുഎഇയില്‍ 44,925 പേരില്‍ രോഗം സ്ഥിരീകരിച്ചു; 32,415 പേര്‍ രോഗമുക്തരായി. 72.15% ആണ് രോഗമുക്തി നിരക്ക്. 302 പേര്‍ മരണമടഞ്ഞു. മരണനിരക്ക് വെറും 0.67%. ഇതില്‍ത്തന്നെ ചെറിയൊരു ശതമാനമെങ്കിലും മേല്‍പ്പറഞ്ഞ ഫിയര്‍ സൈക്കോസിസ് കാരണം മരണപ്പെട്ടതായിരിക്കാം.< ഗള്‍ഫിലുള്ള പല രോഗികളെയും ഹോസ്പിറ്റലിലേക്കു മാറ്റാന്‍ സഹായം തേടി കേരളത്തില്‍നിന്ന് 100 ഫോണ്‍കോള്‍ എങ്കിലും 3 മാസത്തിനിടയില്‍ എനിക്കു ലഭിച്ചിട്ടുണ്ട്. അവരെയെല്ലാം അപ്പോള്‍ത്തന്നെ ബന്ധപ്പെട്ടിട്ടുമുണ്ട്. എന്റെ കമ്പനിയുടെ പിആര്‍ഒ കുഞ്ഞുമുഹമ്മദ്, മുഖ്യമന്ത്രിയുടെ ടാസ്‌ക് ഫോഴ്‌സ് അംഗമാണ്. അദ്ദേഹം വഴിയും മറ്റു സംഘടനകള്‍ വഴിയും പ്രവാസികള്‍ക്ക് പിന്തുണ നല്‍കി. നേരിട്ടു സംസാരിച്ച പല രോഗബാധിതര്‍ക്കും കാര്യമായ ബുദ്ധിമുട്ടുകളില്ലായിരുന്നു. അവരുടെയൊക്കെ പ്രശ്‌നം ഒറ്റപ്പെടലും മാനസികവേവലാതികളും നാട്ടില്‍ നിന്നുള്ള കൂട്ടക്കരച്ചില്‍ ഫോണ്‍ കോളുകളും നാട്ടില്‍ എപ്പോള്‍ എത്തുമെന്ന ആധിയുമായിരുന്നു. ഒരുപക്ഷേ നാട്ടിലേക്ക് അത്യാവശ്യത്തിന് വിമാനം ഉണ്ടായിരുന്നുവെങ്കില്‍ ഒട്ടേറെ പേരുടെ ജീവിതം രക്ഷിക്കാമായിരുന്നു. കുടുംബം ഒപ്പമില്ല, രോഗം കൂടി വരുമ്പോള്‍ കൂടുതല്‍ ഒറ്റപ്പെടല്‍, ഐസലേഷന്‍ കൂടിയായാല്‍ ഒറ്റപ്പെടലിന്റെ പാരമ്യം. ഇതെല്ലാം ഒരുപാടുപേരെ വിഷാദത്തിലേക്ക് തള്ളിവിട്ടിട്ടുണ്ട്. എത്ര ധൈര്യമുള്ളവരും ഉലഞ്ഞുപോവുകയാണ്. ഒരു സുഹൃത്തിനെക്കുറിച്ചു പ്രത്യേകം പറയണം. റഫീഖ് എന്ന കാസര്‍കോട്ടുകാരന്‍. ബിസിനസുകാരന്‍. രോഗവിവരം കേട്ടറിഞ്ഞ ദിവസം മുതല്‍ ആരും ആവശ്യപ്പെടുകയോ പറയുകയോ ചെയ്യാതെ എനിക്കുള്ള ഭക്ഷണം വീട്ടില്‍ എത്തിച്ചു തരും. എപ്പോള്‍ വരുമ്പോഴും പോസിറ്റീവ് എനര്‍ജി മുഖത്ത് വച്ചിട്ടാണ് പോവുക. രോഗത്തെക്കുറിച്ച് ഒന്നും ചോദിക്കില്ല. ബിസിനസ് മാത്രം സംസാരിക്കും കുറച്ച് അകലത്തില്‍ നിന്നുകൊണ്ട്. സത്യം പറഞ്ഞാല്‍ ലോകമാകെയുള്ള കോവിഡ് ബാധിതരോട് എനിക്കിപ്പോള്‍ സഹതാപമാണ്. ഒരുപാടു പേരുടെ അസുഖം വളരെ പെട്ടെന്ന് മാറുമായിരുന്നു. ഭയം ഒന്നു മാത്രമാണ് അവരില്‍ പലരെയും പെട്ടെന്നു മരണത്തിലേക്കു നയിച്ചത്. ഞാന്‍ മനസ്സിലാക്കിയിടത്തോളം സ്വയം ആര്‍ജിത പ്രതിരോധം കോവിഡിന്റെ കാര്യത്തിലും ഉണ്ട്. എത്ര കാലത്തേക്ക് പ്രതിരോധം നിലനില്‍ക്കും എന്നത് ഗവേഷണം ചെയ്തുകൊണ്ടിരിക്കുകയാണ്. ദുബായ് പോലുള്ള ചെറിയ മേഖലകള്‍ക്ക് ഏറ്റവും നല്ലത് സ്വയം ആര്‍ജിത പ്രതിരോധശേഷിയിലേക്ക് നീങ്ങുന്നതാണ്. ഔദ്യോഗികമായി രേഖപ്പെടുത്തിയ കണക്കുകളെക്കാള്‍ എത്രയോ അധികമാണ് അറിയാതെ വന്നുപോയ രോഗികളുടെയും സ്വയം വിശ്രമിച്ചവരുടെയും എണ്ണം. യുഎഇ ജനസംഖ്യയുടെ പകുതിയിലേറെ പേര്‍ക്ക് ഇപ്പോള്‍ തന്നെ രോഗം വന്നുപോയിട്ടുണ്ടാകാം. ദുബായിലെ എല്ലാ മാളുകളും പ്രായഭേദമന്യേ എല്ലാവര്‍ക്കും തുറന്നു കൊടുത്തിരിക്കുകയാണിപ്പോള്‍. ബീച്ചുകളും കളിസ്ഥലങ്ങളും തുറന്നു. രോഗത്തെക്കുറിച്ചും രോഗം വന്നാല്‍ എന്തു ചെയ്യണം എന്നതിനെ കുറിച്ചും നമുക്കെല്ലാം നല്ല ബോധ്യമുണ്ട്. എന്നാല്‍, രോഗിയായി കഴിയുന്നവര്‍ക്കു നല്‍കേണ്ട മാനസിക പിന്തുണയെക്കുറിച്ച് പലര്‍ക്കും യാതൊരു ധാരണയുമില്ല. ദയവായി അവരെ ആരും കൊല്ലാക്കൊല ചെയ്യരുത്. ഒരു പ്രശ്‌നവുമില്ലാതെ ബഹുഭൂരിപക്ഷം ആളുകളും ഇതിനെ അതിജീവിച്ച് മുന്നോട്ടു വരിക തന്നെ ചെയ്യും. ദുബായിലെ സിആന്‍ഡ്എച്ച് ഗ്ലോബല്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ് സിഇഒയും മാനേജിങ് ഡയറക്ടറുമാണ് ലേഖകന്‍
Leave a Comment