അച്ഛന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞിന്‌ പുതു ജീവന്‍: കണ്ണു തുറന്നു, പാലുകുടിച്ചു

കൊച്ചി: പിതാവിന്റെ ക്രൂരതയില്‍ മരണവക്കിലെത്തിയ പിഞ്ചു കുഞ്ഞ് ശസ്ത്രക്രിയയ്ക്കു ശേഷം ജീവിതത്തിലേയ്ക്ക് തിരിച്ചു വരുന്നുതിന്റെ ലക്ഷണങ്ങള്‍ പ്രകടമാക്കി. ഇന്ന് രാവിലെ കുഞ്ഞ് പാലു കുടിച്ചതായി കോലഞ്ചേരി മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് മെഡിക്കല്‍ കോളജ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. സോജന്‍ ഐപ്പ് അറിയിച്ചു.

കുഞ്ഞ് കൈകാലുകള്‍ അനക്കിയതും കണ്‍പോളകള്‍ ചലിപ്പിച്ചതും മികച്ച പ്രതികരണമായാണ് കാണുന്നതെന്നും അദ്ദേഹം അറിയിച്ചു. ശസ്ത്രക്രിയ കഴിഞ്ഞ് 48 മണിക്കൂറിനു ശേഷമെ കൃത്യമായ പുരോഗതി വിലയിരുത്താനാവൂ എന്നിരുന്നാലും 24 മണിക്കൂറിനുള്ളില്‍ തന്നെ കുഞ്ഞ് ജീവിതത്തിലേയ്ക്ക് തിരിച്ചു വരുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടമാക്കുന്നുണ്ടെന്നാണ് ഡോക്ടര്‍ സംഘം വിലയിരുത്തുന്നത്.

സ്വന്തം പിതാവിന്റെ ക്രൂരതയില്‍ തലയ്‌ക്കേറ്റ ക്ഷതത്തെ തുടര്‍ന്ന് തലയോട്ടിയിലും തലച്ചോറിനും ഇടയിലുണ്ടായ രക്തസ്രാവം നീക്കം ചെയ്യുന്നതിനായിരുന്നു ഇന്നലെ ശസ്ത്രക്രിയ നടത്തിയത്. രാവിലെ ഒമ്പതര മുതല്‍ മൂന്നു മണിക്കൂറിലേറെ നീണ്ട ശസ്ത്രക്രിയ വിജയകരമെന്നാണ് ഡോക്ടര്‍മാര്‍ ഇന്നലെ പറഞ്ഞത്.

തുടര്‍ന്നാണ് തീവ്ര പരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റിയത്. ശസ്ത്രക്രിയയ്ക്കു ശേഷം കണ്ണിനു ചലനമുണ്ടായത് ശുഭസൂചനയാണെന്നായിരുന്നു ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. കുഞ്ഞിനൊപ്പം നേപ്പാള്‍ സ്വദേശിനിയായ അമ്മയും ആശുപത്രിയിലുണ്ട്. ഭാഷ അറിയാത്തതിന്റെ ബുദ്ധിമുട്ടും ഇവര്‍ നേരിടുന്നുണ്ട്.

അങ്കമാലി പാലിയേക്കര ജോസ്പുരത്ത് വാടയ്ക്കു താമസിക്കുന്ന കണ്ണൂര്‍ ചാത്തനാട്ട് ഷൈജു തോമസാണ് (40) രണ്ടു മാസം മാത്രം പ്രായമുള്ള മകളെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇയാള്‍ റിമാന്‍ഡിലാണ്. കഴിഞ്ഞ 18നു രാത്രിയായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യയുടെയും സഹോദരിയുടെയും മറ്റും മൊഴി പൊലീസ് എടുത്തിട്ടുണ്ട്. ഇയാള്‍ നന്നായി മദ്യപിക്കുമായിരുന്നെന്ന് മൊഴിയിലുണ്ട്.

follow us pathram online

pathram:
Leave a Comment