കൊല്‍ക്കത്ത: അസാധാരണ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന കോവിഡ് രോഗികളുടെ എണ്ണം കൊല്‍ക്കത്തയില്‍ ദിനംപ്രതി വര്‍ധിക്കുന്നതായി നഗരത്തിലെ ഡോക്ടര്‍മാര്‍. കൂടുതല്‍ രോഗലക്ഷണങ്ങള്‍ ഉള്‍പ്പെടുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം ജൂണ്‍ 12ന് കോവിഡ് രോഗലക്ഷണങ്ങളുടെ പട്ടിക വികസിപ്പിച്ചിരുന്നു. പേശിവേദന, അതിസാരം, രുചിയും മണവും തിരിച്ചറിയാനുള്ള കഴിവു നഷ്ടപ്പെടല്‍ തുടങ്ങിയവ പുതിയ ലക്ഷണങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു.
ഇത്തരം അസാധാരണ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ചില രോഗികള്‍ കോവിഡ് രോഗമുക്തി നേടി കൊല്‍ക്കത്തയിലെ ആശുപത്രികള്‍ വിട്ടതായി ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ രണ്ട് ജീവനക്കാരും ബിഹാറില്‍ നിന്നുള്ള രോഗിയും ഇതില്‍ ഉല്‍പ്പെടുന്നു. ഇവരാരും കോവിഡിന്റെ പ്രാഥമിക ലക്ഷണമായ ശ്വസനേന്ദ്രിയ സംബന്ധമായ പ്രശ്‌നങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ല. ഇത് പ്രാഥമിക രോഗനിര്‍ണയത്തില്‍ ബുദ്ധിമുട്ടുണ്ടാക്കി. ഈ മൂന്നില്‍ ഒരാള്‍ക്ക് പനി പോലും ഉണ്ടായില്ല. പക്ഷേ, മൂന്ന് പേര്‍ക്കും ഒരാഴ്ചത്തേക്ക് അതിസാരം ഉണ്ടായിരുന്നു. ഒരാള്‍ക്ക് രുചിയും മണവും തിരിച്ചറിയാനുള്ള കഴിവു നഷ്ടമാവുകയും ചെയ്തു.
രോഗലക്ഷണമുള്ളവരില്‍ 3 ശതമാനത്തിനാണ് രക്തത്തില്‍ ഓക്‌സിജന്റെ സാന്നിധ്യമില്ലാതെ വെന്റിലേഷന്‍ ഉപയോഗിക്കേണ്ടി വരുന്നതെന്ന് എഎംആര്‍ഐ ആശുപത്രിയിലെ കണ്‍സല്‍റ്റന്റ് ദേബാശിഷ് സാഹ പറയുന്നു. വിറയല്‍, ചുമ, ശ്വാസംമുട്ടല്‍ തുടങ്ങിയവയാണ് ഈ രോഗികളിലെ പ്രാഥമിക ലക്ഷണങ്ങള്‍. എന്നാല്‍ കോവിഡുമായി പ്രത്യക്ഷത്തില്‍ ബന്ധമില്ലെന്ന് തോന്നുന്ന അതിസാരം, ഛര്‍ദ്ദി, ചര്‍മത്തിലെ തിണര്‍പ്പ് തുടങ്ങിയവും ഇപ്പോള്‍ പ്രത്യക്ഷമാകാന്‍ തുടങ്ങിയിട്ടുണ്ട്.
കോവിഡ് സ്ഥിരീകരിച്ച, ബിഹാറില്‍ നിന്നുള്ള 55 കാരി പാര്‍കിന്‍സണ്‍സ് രോഗത്തിന് ചികിത്സയിലായിരുന്നു. ഇവര്‍ക്ക് ചെറിയ, വരണ്ട ചുമയുണ്ടായിരുന്നെങ്കിലും മറ്റ് സാധാരണ കോവിഡ് ലക്ഷണങ്ങളില്ലായിരുന്നു. എന്നാല്‍ അതിസാരം, രുചിയും മണവും തിരിച്ചറിയാനുള്ള കഴിവു നഷ്ടമാകല്‍ തുടങ്ങിയവ ഉണ്ടായിരുന്നു.
ചില രോഗികള്‍ക്ക് ചുമയും തൊണ്ടവേദനയും ശ്വാസം മുട്ടലും ഉണ്ടാകുന്നതിനു മുന്‍പുതന്നെ വയര്‍വേദന, മനംപുരട്ടല്‍, ഛര്‍ദ്ദി, അതിസാരം തുടങ്ങിയവ കാണപ്പെട്ടിട്ടുണ്ടെന്ന് ബെല്ലെ വു ക്ലിനിക്ക് ഇന്റേണല്‍ മെഡിസിന്‍ കണ്‍സല്‍റ്റന്റ് രാഹുല്‍ ജെയിന്‍ പറയുന്നു. ഇത്തരം അസാധാരണ ലക്ഷണങ്ങള്‍ കോവിഡ് ആണെന്ന സംശയം തന്നെ ചിലപ്പോള്‍ ഡോക്ടര്‍മാര്‍ക്ക് തോന്നിക്കില്ലെന്നതിനാല്‍ രോഗനിര്‍ണയം വൈകുന്നു. അപ്പോഴേക്കും ഇവര്‍ മറ്റുള്ളവരിലേക്ക് രോഗം പകര്‍ത്താനുള്ള സാധ്യതയും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
Leave a Comment