ജിയോ മുകേഷ് അംബാനിയെ കൊണ്ടെത്തിച്ചത് ലോകത്തെ ശതകോടീശ്വരന്മാരുടെ പട്ടികയിലെ ആദ്യ പത്തില്‍

ഡല്‍ഹി: ലോകത്തെ ശതകോടീശ്വരന്മാരുടെ പട്ടികയിലെ ആദ്യ പത്തില്‍ ഇടംപിടിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി. ധനകാര്യ സ്ഥാപനമായ ബ്ലൂംബര്‍ഗ് സൂചികയുടെ കണക്കുകള്‍ പ്രകാരം 4.9 ലക്ഷം കോടി രൂപയാണ് (64.6 ബില്യണ്‍ ഡോളര്‍) മുകേഷ് അംബാനിയുടെ ആസ്തി. ഇതോടെ ഒറാക്കിള്‍ കോര്‍പ് മേധാവി ലാറി എറിസണ്‍, ലോകത്തിലെ ഏറ്റവും വലിയ ധനികയായ ഫ്രാന്‍സിന്റെ ഫ്രാങ്കോയിസ് ബെറ്റന്‍കോര്‍ട്ട് മേയേഴ്‌സ് എന്നിവരെ പിന്തള്ളി അംബാനി ഒമ്പതാം സ്ഥാനത്തെത്തി. പട്ടികയിലെ ഒരേയൊരു ഏഷ്യാക്കാരനാണ് മുകേഷ് അംബാനി.

റിലയന്‍സിന്റെ 42% ഓഹരി സ്വന്തമായുള്ള അംബാനിക്ക്, കമ്പനിയുടെ ഡിജിറ്റല്‍ വിഭാഗമായ ജിയോ പ്ലാറ്റ്‌ഫോംസിലേക്കുള്ള വിദേശനിക്ഷേപങ്ങളാണ് നേട്ടമായത്. 11 ആഗോള നിക്ഷേപകരില്‍നിന്ന് 1.15 ലക്ഷം കോടി രൂപയാണ് ജിയോ പ്ലാറ്റ്‌ഫോംസ് സമാഹരിച്ചത്. കഴിഞ്ഞ ദിവസം, റിലയന്‍സ് ഇന്‍ഡസ്ട്രീസ് കടബാധ്യതയില്ലാത്ത കമ്പനിയായി മാറിയെന്ന് മുകേഷ് അംബാനി പ്രഖ്യാപിച്ചതോടെ കമ്പനിയുടെ വിപണിമൂല്യം 11 ലക്ഷം കോടി രൂപ കടന്ന് റെക്കോര്‍ഡിട്ടിരുന്നു. 2021 മാര്‍ച്ചിനുമുന്‍പ് ബാധ്യതകളെല്ലാം തീര്‍ക്കുമെന്ന് മുകേഷ് അംബാനി 2019 ഓഗസ്റ്റില്‍ ഓഹരിയുടമകള്‍ക്കു വാഗ്ദാനം നല്‍കിയിരുന്നു.

ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസാണു ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്‍. 160.1 ബില്യണ്‍ ഡോളറാണ് ആസ്തി. രണ്ടാം സ്ഥാനം മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിന് (108.6 ബില്യണ്‍ ഡോളര്‍). എല്‍വിഎംഎച്ച് ചെയര്‍മാനും സിഇഒയുമായ ബെര്‍ണാഡ് അര്‍നോള്‍ട്ട് (102.8 ബില്യണ്‍ ഡോളര്‍), ഫെയ്‌സ്ബുക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് (87.9 ബില്യണ്‍ ഡോളര്‍), വാരന്‍ ബഫെറ്റ് (71.4 ബില്യണ്‍ ഡോളര്‍) എന്നിവരാണ് തുടര്‍സ്ഥാനങ്ങളില്‍. ആദ്യ 100 സ്ഥാനങ്ങളില്‍ ഇന്ത്യയില്‍ നിന്ന് അംബാനിയെ കൂടാതെ ഡിമാര്‍ട്ട് ഹൈപ്പര്‍മാര്‍ക്കറ്റുകളുടെ സ്ഥാപകനായ രാധാകിഷന്‍ ദമാനി മാത്രമാണുള്ളത്. 16.2 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള അദ്ദേഹം 82ാം സ്ഥാനത്താണ്

FOLLOW US: pathram online

pathram:
Leave a Comment