ചൈന വിരുദ്ധ വികാരം: 5,000 കോടിയുടെ കരാര്‍ മരവിപ്പിച്ച് മഹാരാഷ്ട്ര

മുംബൈ: അതിര്‍ത്തി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ചൈന വിരുദ്ധ വികാരം രാജ്യമാകെ അലയടിക്കുന്നു. മഹാരാഷ്ട്രയില്‍ ശിവസേനയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സര്‍ക്കാര്‍ ചൈനീസ് കമ്പനികളുമായി ഒപ്പുവച്ച 5,000 കോടി രൂപയുടെ മൂന്നു കരാറുകള്‍ താല്‍ക്കാലികമായി മരവിപ്പിക്കാന്‍ തീരുമാനിച്ചു. മാഗ്‌നറ്റിക് മഹാരാഷ്ട്ര 2.0 നിക്ഷേപസംഗമത്തിന്റെ ഭാഗമായി ഒപ്പുവച്ച കരാറുകളാണ് മരവിപ്പിക്കാന്‍ ഉദ്ധവ് സര്‍ക്കാര്‍ തീരുമാനിച്ചത്.

കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച ചെയ്തതിനുശേഷമാണ് തീരുമാനം എടുത്തതെന്നു സംസ്ഥാന വ്യവസായ മന്ത്രി സുഭാഷ് ദേശായ് പറഞ്ഞു. അതിര്‍ത്തി സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ ജവാന്മാര്‍ വീരമൃത്യു വരിക്കുന്നതിനു മുന്‍പ് ഒപ്പുവച്ച കരാറുകളാണിത്. ചൈനീസ് കമ്പനികളുമായി കൂടുതല്‍ കരാറുകള്‍ ഒപ്പുവയ്ക്കരുതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചതായും സുഭാഷ് ദേശായ് പറഞ്ഞു. പുണെയിലെ തലേഗാവില്‍ ഓട്ടോമൊബീല്‍ പ്ലാന്റ് നിര്‍മാണത്തിനുള്ള 3,770 കോടി രൂപയുടെ കരാറാണ് ഇതില്‍ ഒന്ന്. മാഗ്‌നറ്റിക് മഹാരാഷ്ട്ര 2.0 നിക്ഷേപസംഗമത്തിന്റെ ഭാഗമായി സിംഗപ്പുര്‍, ദക്ഷിണ കൊറിയ, ചൈന, അമേരിക്ക എന്നീ രാജ്യങ്ങളിലെ കമ്പനികളുമായാണ് കരാറുകള്‍ ഒപ്പുവച്ചിരുന്നത്.

വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സില്‍ ചൈനയെ രൂക്ഷഭാഷയിലാണു മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിമര്‍ശിച്ചത്. വഞ്ചനാ മനോഭാവമാണ് ചൈനയുടേതെന്ന് ഉദ്ധവ് പറഞ്ഞു. ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നുവെന്നും അതു ബലഹീനതയായി കരുതരുതെന്നും ഉദ്ധവ് പറഞ്ഞു. പ്രധാനമന്ത്രിക്കും സൈന്യത്തിനും വീരമൃത്യു വരിച്ച ധീരജവാന്മാരുടെ കുടുംബത്തിനൊപ്പമാണെന്നും ഉദ്ധവ് പറഞ്ഞു.

അതിനിടെ ചൈനീസ് മുതല്‍മുടക്കില്‍ പ്രവര്‍ത്തിക്കുന്ന ആപ്പുകള്‍ക്കെതിരെ ഉപയോക്താക്കളില്‍നിന്നു രൂക്ഷപ്രതികരണമാണ് ഉണ്ടാകുന്നത്. പല പ്രമുഖ ആപ്പുകളുടെയും റേറ്റിങ് കുറഞ്ഞു. നിരവധി ആളുകള്‍ ഇത്തരം ആപ്പുകള്‍ ഒഴിവാക്കിക്കൊണ്ടിരിക്കുകയാണ്. ചൈനീസ് ഇന്റര്‍നെറ്റ് വമ്പന്മാരായ ടെന്‍സെന്റ്, അലിബാബ തുടങ്ങിയ കമ്പനികള്‍ നിക്ഷേപിച്ചിരിക്കുന്ന ആപ്പുകള്‍ക്കെതിരെയാണ് രൂക്ഷപ്രതികരണം. ചൈനീസ് നിര്‍മിത ഫോണുകളും ബഹിഷ്‌കരണ ഭീഷണി നേരിടുന്നുണ്ട്. മാര്‍ച്ച്പാദ അവസാനത്തില്‍ ചൈനീസ് മൊബൈല്‍ കമ്പനികളാണ് ഇന്ത്യന്‍ വിപണിയില്‍ 73 ശതമാനവും വിറ്റഴിഞ്ഞിരിക്കുന്നത്‌

pathram:
Related Post
Leave a Comment