മൂര്‍ഖന്റെ പത്തിയില്‍ അടിച്ച് വേദനിപ്പിച്ച് ഉത്രയെ കടിപ്പിച്ചു; സൂരജിന്റെ പുതിയ വെളിപ്പെടുത്തലുകള്‍

ഉത്രയെ കടിക്കാന്‍ മൂര്‍ഖനെ സൂരജ് അടിച്ച് വേദനിപ്പിച്ചതായി വെളിപ്പെടുത്തല്‍. ഉത്ര വധക്കേസിലെ പ്രതി ഭര്‍ത്താവ് സൂരജിനെ വനംവകുപ്പ് അധികൃതര്‍ അഞ്ചല്‍ ഏറത്ത് ഉത്രയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് അന്വേഷണ ഉദ്യോഗസ്ഥരോട് ഇക്കാര്യം പറഞ്ഞത്.

ഉത്രയും താനും കിടന്ന മുറിയില്‍ പ്ലാസ്റ്റിക് ടിന്നില്‍ പാമ്പിനെ കൊണ്ടുവന്നതും പാമ്പിനെക്കൊണ്ട് കടിപ്പിച്ച രീതിയും സൂരജ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കാണിച്ചുകൊടുത്തു. മയക്കിക്കിടത്തിയിരുന്ന ഉത്രയുടെ ദേഹത്ത് പാമ്പിനെയിട്ടെന്നും പാമ്പിന്റെ പത്തിയില്‍ അടിച്ച് കടിപ്പിക്കുകയായിരുന്നെന്നും സൂരജ് തെളിവെടുപ്പിനിടെ പറഞ്ഞു. പാമ്പിനെ കൊണ്ടുവന്ന ടിന്‍ പിന്നീട് ഉപേക്ഷിച്ച സ്ഥലവും കാട്ടിക്കൊടുത്തു.

ഞായറാഴ്ച രാവിലെ പത്തരയ്ക്കാണ് സൂരജിനെ ഏറം വെള്ളേശ്ശേരില്‍ വീട്ടില്‍ കൊണ്ടുവന്നത്. നാട്ടുകാര്‍ സൂരജിനെതിരേ പ്രതിഷേധവുമായി എത്തുമെന്നറിഞ്ഞ വനംവകുപ്പ് അമ്പതോളം സായുധരായ ഗാര്‍ഡുമാരും ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍മാരും ഉള്‍പ്പെടുന്ന സുരക്ഷാവലയം തീര്‍ത്തിരുന്നു. സൂരജിനെ വാഹനത്തില്‍നിന്ന് ഇറക്കിയ ഉടനെ പ്രദേശവാസികള്‍ കൂവുകയും അസഭ്യം പറയുകയും ചെയ്തു. വനപാലകര്‍ കവചം തീര്‍ത്താണ് സൂരജിനെ വീടിനകത്തേക്ക് കൊണ്ടുപോയത്. തിരികെ കൊണ്ടുപോകുമ്പോള്‍ ഹെല്‍മെറ്റ് വെച്ച് സൂരജിന്റെ മുഖം മറച്ചിരുന്നു.

വരുംദിവസങ്ങളിലും തെളിവെടുപ്പ് തുടരുമെന്ന് അഞ്ചല്‍ റേഞ്ച് ഓഫീസര്‍ ബി.ആര്‍.ജയന്‍ പറഞ്ഞു. പോലീസും ഫൊറന്‍സിക് വിഭാഗവും ഉത്രയുടെ വീട്ടിലെത്തി വീണ്ടും തെളിവെടുപ്പ് നടത്തി. ഫൊറന്‍സിക് സര്‍ജന്‍ ഡോ. ശശികലയുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.

ശാസ്ത്രീയ തെളിവെടുപ്പിന്റെ ഭാഗമായി ഉത്ര കിടന്ന മുറിയും പരിസരവും പരിശോധിച്ചു. ഉത്രയുടെ അമ്മ മണിമേഖല, അച്ഛന്‍ വിജയസേനന്‍, സഹോദരന്‍ വിഷു എന്നിവരില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു. ലിറ്റില്‍ ഫഌര്‍ ഹോസ്പിറ്റലിലെ വിഷചികിത്സാവിഭാഗം മേധാവി ഡോ. ജോസഫ് കെ.ജോസ്, ഫോറസ്റ്റ് വെറ്ററിനറി അസിസ്റ്റന്റ് സര്‍ജന്‍ ഡോ. കിഷോര്‍ എന്നിവരും ഫൊറന്‍സിക് സംഘത്തിലുണ്ടായിരുന്നു. അഡീഷണല്‍ പോലീസ് സൂപ്രണ്ട് എസ്.മധുസൂദനന്‍, െ്രെകംബ്രാഞ്ച് ഡിവൈ.എസ്.പി. എ.അശോകന്‍ എന്നിവരും എത്തിയിരുന്നു.

FOLLOW US: pathram online

pathram:
Related Post
Leave a Comment