അമേഠി (യു.പി): വരന്‍ അടക്കുള്ളവരുടെ കോവിഡ് പരിശോധനാഫലം വന്നത് വിവാഹ ദിവസം രാവിലെ. അപ്പോഴേക്കും വരന്റെ ബന്ധുക്കള്‍ വിവാഹ വേദിയിലേക്കുള്ള ഘോഷയാത്ര തുടങ്ങിയിരുന്നു. വരനും പിതാവിനും കോവിഡ് സ്ഥിരീകരിച്ചുകൊണ്ടുള്ള പരിശോധനാ ഫലമാണ് വന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ ഇരുവരെയും തിരഞ്ഞെത്തിയതോടെ വിവാഹ ഘോഷയാത്ര മുടങ്ങി. വിവാഹവും മാറ്റിവച്ചു. ഉത്തര്‍പ്രദേശിലെ അമേഠി ജില്ലയില്‍ രണ്ടു ദിവസം മുമ്പാണ് സംഭവം നടന്നത്.
അമേഠിയിലെ കാംറൗളി ഗ്രാമത്തില്‍നിന്ന് വിവാഹം നടക്കുന്ന ബരാബങ്കിയിലെ ഹൈദര്‍ഗഢിലേക്കാണ് വരന്റെ സംഘം ഘോഷയാത്രയായി പോയത്. അതിനിടെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരെ തേടി ആരോഗ്യ പ്രവര്‍ത്തകരെത്തി. വരനെയും പിതാവിനെയും ആശുപത്രിയിലേക്ക് മാറ്റി. വരന്റെ കുടുംബാംഗങ്ങളെ ക്വാറന്റീനിലാക്കുകയും ചെയ്തു.
വരനും കുടുംബവും ജൂണ്‍ 15നാണ് ഡല്‍ഹിയില്‍നിന്ന് അമേഠിയില്‍ എത്തിയത്. പിന്നാലെ എല്ലാവരുടെയും സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. വിവാഹ ദിവസമായ ജൂണ്‍ 19ന് രാവിലെയാണ് പരിശോധനാ ഫലം വന്നത്. വരനും പിതാവും പൂര്‍ണമായും സുഖം പ്രാപിച്ചശേഷം വിവാഹ തീയതി നിശ്ചയിക്കാമെന്നാണ് കുടുംബത്തിന്റെ തീരുമാനം.
follow us: PATHRAM ONLINE
Leave a Comment