കണ്ണൂര്‍ ജില്ലയില്‍ അഞ്ചു വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണ്‍; പുതുതായി രോഗബാധ 10 പേര്‍ക്ക്; അവരുടെ വിവരങ്ങള്‍…

കണ്ണൂര്‍ ജില്ലയില്‍ 10 പേര്‍ക്കു ഇന്ന് (ജൂണ്‍ 21) കോവിഡ് 19 ബാധ സ്ഥിരീകരിച്ചു. ഇവരില്‍ നാലും പേര്‍ വിദേശത്തുനിന്നും ആറു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന മൂന്നു പേര്‍ കൂടി ഇന്ന് രോഗം ഭേദമായി ആശുപത്രി വിട്ടു.
വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവരില്‍ പുതുതായി രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലയിലെ അഞ്ചു വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.

പുതുതായി രോഗബാധ 10 പേര്‍ക്ക്

കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 10ന് സൗദി അറേബ്യയില്‍ നിന്ന് ജി5 7058 വിമാനത്തിലെത്തിയ ശ്രീകണ്ഠാപുരം സ്വദേശി 45കാരന്‍, ജൂണ്‍ 18ന് കുവൈറ്റില്‍ നിന്ന് ജെ9 1415 വിമാനത്തിലെത്തിയ മുഴപ്പിലങ്ങാട് സ്വദേശി 36കാരന്‍, അന്നേദിവസം ഒമാനില്‍ നിന്ന് ഒവി 1409 വിമാനത്തിലെത്തിയ പെരളശ്ശേരി സ്വദേശി 39കാരന്‍, കരിപ്പൂര്‍ വിമാനത്താവളം വഴി ജൂണ്‍ 12ന് കുവൈറ്റില്‍ നിന്ന് കെയു 1373 വിമാനത്തിലെത്തിയ മേലെ ചൊവ്വ സ്വദേശി 59കാരന്‍ എന്നിവരാണ് വിദേശത്ത് നിന്ന് എത്തിയവര്‍.

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ആറു പേരില്‍ മൂന്നു പേര്‍ സിഐഎസ്എഫുകാരാണ്. ജൂണ്‍ 12ന് ലക്നൗവില്‍ നിന്ന് ബെംഗളൂരു വഴി ഇന്‍ഡിഗോ 6ഇ 7974 വിമാനത്തില്‍ കണ്ണൂരിലെത്തിയ ഉത്തര്‍ പ്രദേശ് സ്വദേശി 25കാരന്‍, ജൂണ്‍ മൂന്നിന് ഡല്‍ഹിയില്‍ എഐ 425 വിമാനത്തില്‍ കണ്ണൂരിലെത്തിയ മറ്റൊരു ഉത്തര്‍പ്രദേശ് സ്വദേശി 25കാരന്‍, അന്നേദിവസം ഡല്‍ഹിയില്‍ നിന്ന് എത്തിയ രാജസ്ഥാന്‍ സ്വദേശി 36കാരന്‍ എന്നിവരാണ് സിഐഎസ്എഫുകാര്‍.

മെയ് 27ന് മുംബൈയില്‍ നിന്ന് സ്‌പെഷ്യല്‍ ട്രെയിനില്‍ എറണാകുളം വഴിയെത്തിയ രാമന്തളി സ്വദേശി 26കാരന്‍, ജൂണ്‍ എട്ടിന് മംഗള എക്സ്പ്രസില്‍ ഡല്‍ഹിയില്‍ നിന്നെത്തിയ നടുവില്‍ സ്വദേശി 25കാരി, ജൂണ്‍ 18ന് ചെന്നൈയില്‍ നിന്ന് ബസ് മാര്‍ഗം എത്തിയ പാനൂര്‍ സ്വദേശി 44കാരന്‍ എന്നിവരാണ് രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 346 ആയി.

മൂന്നു പേര്‍ക്കു കൂടി രോഗമുക്തി

മൂന്നു പേരാണ് ഇന്ന് രോഗം ഭേദമായി ആശുപത്രി വിട്ടത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന തില്ലങ്കേരി സ്വദേശി 24കാരന്‍, കണ്ണൂര്‍ സ്വദേശി 14കാരന്‍, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്ന ഉദയഗിരി സ്വദേശി 44കാരന്‍ എന്നിവരാണിവര്‍. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 230 പേരായി.

16773 പേര്‍ നിരീക്ഷണത്തില്‍

നിലവില്‍ ജില്ലയില്‍ 16773 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 80 പേരും കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 106 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 15 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 18 പേരും വീടുകളില്‍ 16554 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

ഇതുവരെ 12152 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 11603 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇനി 549 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

അഞ്ചു വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണ്‍

വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവരില്‍ പുതുതായി രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അഞ്ചു വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. പയ്യന്നൂര്‍ നഗരസഭയിലെ 31, 42 വാര്‍ഡുകള്‍, മാടായി പഞ്ചായത്തിലെ ഏഴാം വാര്‍ഡ്, ശ്രീകണ്ഠാപുരം നഗരസഭയിലെ 26-ാം വാര്‍ഡ്, പാനൂര്‍ നഗരസഭയിലെ 31-ാം വാര്‍ഡ് എന്നിവയാണ് പുതുതായി കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയത്.
അതേസമയം, കണ്ടെന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടിരുന്ന നടുവില്‍-1, പന്ന്യന്നൂര്‍-6, പാനൂര്‍-31, 32, ചെറുപുഴ-14, മട്ടന്നൂര്‍-19, മുഴപ്പിലങ്ങാട്-8 എന്നീ വാര്‍ഡുകളെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

follow us: pathram online

pathram:
Related Post
Leave a Comment