നാസയുടെ റോബട്ടിനെ ഉല്‍ക്ക വന്നിടിച്ചാല്‍ എന്ത് ചെയ്യും? ഉത്തരം പറഞ്ഞ് മലയാളി വിദ്യാര്‍ഥി

ദുബായ്: നാസയുടെ രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തിലെ റോബട്ടായ ആസ്‌ട്രോബിയെ ഒരു ഉല്‍ക്ക വന്നിടിച്ചാല്‍ എന്ത് ചെയ്യും. ഇങ്ങനെ ചിന്തിച്ച് അതിന് പ്രതിവിധിയായി ചെയ്യാവുന്ന കാര്യങ്ങളുടെ കംപ്യൂട്ടര്‍ ഭാഷ വികസിപ്പിക്കുകയാണ് നെല്‍വിന്‍ ചുമ്മാര്‍ വിന്‍സെന്റെന്ന എയ്‌റോ സ്‌പേസ് എന്‍ജിനിയറിങ് വിദ്യാര്‍ഥിയും കൂട്ടരും ചെയ്തത്.

ജപ്പാന്‍ ബഹിരാകാശ ഏജന്‍സിയായ ജാക്‌സ സംഘടിപ്പിച്ച കിബോ റോബട്ട് പ്രോഗ്രാമിങ് ചലഞ്ചില്‍ പങ്കെടുത്ത നെല്‍വിന്‍ അടങ്ങിയ സംഘം വിജയിക്കുകയും ചെയ്തു.അമിറ്റി ഇന്റര്‍നാഷനല്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയായ നെല്‍വിന്‍ ഉള്‍പ്പെടെയുള്ള ആറംഗ സംഘം 999 ഇന്‍ സ്‌പേസ് ഫൈനലില്‍ പ്രവേശിച്ചു.

യുഎഇയില്‍ നിന്നുള്ള 38 ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. അഞ്ചാഴ്ച കൊണ്ടാണ് ആറംഗ സംഘം ആസ്‌ട്രോബിക്കായി ജാവ എന്ന കംപ്യൂട്ടര്‍ ഭാഷയില്‍ കോഡിങ് നടത്തിയത്. ജപ്പാനില്‍ ഓഗസ്റ്റില്‍ നടക്കുന്ന അവസാന റൗണ്ടില്‍ ഏഴു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ മാറ്റുരയ്ക്കും. ജപ്പാനിലെ ഷുക്കുബാ ബഹിരാകാശ കേന്ദ്രത്തിലിരുന്ന് രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തിലെ യഥാര്‍ഥ റോബട്ടിനായി നെല്‍വിനും സംഘവും കാര്യങ്ങള്‍ ചെയ്യും.

മത്സരത്തില്‍ ജയിച്ച യുഎഇ സംഘത്തില്‍ ഉള്‍പ്പെടാനായതില്‍ സന്തോഷവും അഭിമാനവും ഉണ്ടെന്ന് പറഞ്ഞ നെല്‍വിന്‍ അധ്യാപകനായ ശരത് രാജിനും പ്രത്യേക നന്ദി അറിയിക്കുന്നു. അമിറ്റിയില്‍ നാലാം വര്‍ഷം വിദ്യാര്‍ഥിയായ നെല്‍വിന്‍ കോട്ടയം സ്വദേശിയും പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനുമായ കോട്ടയം ഉഴവൂരില്‍ വലിയ വീട്ടില്‍ വിന്‍സന്റിന്റെയും എല്‍സിയുടെയും മകനാണ്.

pathram:
Leave a Comment