കത്തികൊണ്ട് വയറില്‍ കുത്തി പാലത്തില്‍നിന്ന് പുഴയിലേക്ക് ചാടി; മീന്‍പിടിത്തക്കാര്‍ കരക്കെത്തിച്ചപ്പോള്‍ കോവിഡ് ആണെന്ന് പറഞ്ഞു; പിപിഇ ധരിച്ചെത്തിയ ഫയര്‍ഫോഴ്‌സ് ആശുപത്രിയിലെത്തിച്ചു; ഒടുവില്‍ പരിശോധനാഫലം വന്നപ്പോള്‍..

തേവര പാലത്തില്‍ നിന്ന് ആത്മഹത്യ ചെയ്യുന്നതിന് ചാടി രക്ഷപ്പെടുത്തിയപ്പോള്‍ കോവിഡാണെന്ന് പറഞ്ഞ് ഭീതി പരത്തിയ ആള്‍ക്ക് പരിശോധനാ ഫലം നെഗറ്റീവ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു പിന്നാലെ സ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്റെ ഫലം വന്നപ്പോള്‍ ഇയാള്‍ കോവിഡ് പോസിറ്റീവല്ലെന്നു വ്യക്തമായി. വയറില്‍ കത്തികൊണ്ട് സ്വയം മുറിവേല്‍പിച്ച ശേഷമായിരുന്നു ഇയാള്‍ പാലത്തില്‍ നിന്നു ചാടിയത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. മലപ്പുറം താനൂര്‍ ഒഴൂര്‍ സ്വദേശിയായ ഇയാള്‍ മകനുമായി പിണങ്ങിയതിനെത്തുടര്‍ന്നാണ് ആത്മഹത്യയ്ക്കു ശ്രമിച്ചതത്രെ.

ഏതെങ്കിലും കാരണവശാല്‍ ആരെങ്കിലും രക്ഷപ്പെടുത്തിയാലും വയറിലെ മുറിവുകൊണ്ട് മരിക്കുമെന്ന് കരുതിയായിരുന്നു ഇയാള്‍ കത്തി ഉപയോഗിച്ച് വയറിന് സ്വയം മുറിവേല്‍പിച്ചത്. കുത്തേറ്റ് കുടല്‍ മുറിഞ്ഞിരുന്നു. ഞണ്ടുപിടിക്കുകയായിരുന്ന മത്സ്യത്തൊഴിലാളികള്‍ വലയുപയോഗിച്ച് വലിച്ച് കരയ്ക്കിട്ടതോടെയാണ് ആത്മഹത്യാ ശ്രമം പാളിയെന്നു മനസിലായത്. ഇതോടെ അവസാന ശ്രമം എന്ന നിലയിലാണ് തനിക്ക് കോവിഡാണെന്ന് പറഞ്ഞത്. ആരും ധൈര്യമായി രക്ഷപ്പെടുത്തില്ലെന്നായിരുന്നു ഇയാള്‍ വിചാരിച്ചത്. ഈ സമയം അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ പിപിഇ കിറ്റ് ധരിച്ചെത്തി ഇയാളെ രക്ഷപെടുത്തി കരയിലെത്തിച്ചു.

തുടര്‍ന്ന് ആംബുലന്‍സില്‍ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കാനായി ശ്രമം. ഈ സമയമത്രയും വെണ്ടുരുത്തി പാലത്തില്‍ കിടത്തിയിരിക്കുകയായിരുന്നു. ഇയാള്‍ കോവിഡ് ഉണ്ടെന്ന് അവകാശപ്പെട്ടതോടെ സ്ഥലത്തെത്തിയവരും ഭീതിയിലായി. സമീപത്തേയ്ക്ക് ആരും അടുക്കാനും തയാറായില്ല. ഫയര്‍ഫോഴ്‌സ് ജില്ലാ ഓഫിസര്‍ എ.എസ്. ജോജിയുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. ആശുപത്രിയിലെത്തിച്ച് ഇയാള്‍ക്ക് ശസ്ത്രക്രിയ നടത്തി. നിലവില്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.

FOLLOW US: pathram online latest news

pathram:
Leave a Comment