എസി പ്രവര്‍ത്തിപ്പിക്കാന്‍ വെന്റിലേറ്ററിന്റെ പ്ലഗ് ഊരി; രോഗി മരിച്ചു

വെന്റിലേറ്ററിന്റെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെ തുടര്‍ന്ന് രോഗി മരിച്ചു. എസിയുടെ പ്ലഗ് കുത്തുന്നതിനായി വെന്റിലേറ്ററിന്റെ പ്ലഗ് ഊരിയതെന്ന് ആരോപണമുണ്ട്. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. 40 വയസുകാരനാണ് മരിച്ചത്.

കോവിഡ്19 സംശയത്തെ തുടര്‍ന്ന് ജൂണ്‍ 13ന് മഹാറാവു ഭീം സിംഗ് ആശുപത്രിയിലെ ഐസിയുവില്‍ ഇയാളെ പ്രവേശിപ്പിച്ചു. എങ്കിലും പിന്നീട് ഇയാളുടെ പരിശോധന ഫലം നെഗറ്റീവായി. ഐസിയുവിലെ മറ്റൊരു രോഗിക്ക് കോവിഡ്19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സുരക്ഷയ്ക്കായി ഇയാളെ ജൂണ്‍ 15ന് ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു.

ഐസോലേഷന്‍ വാര്‍ഡില്‍ ചൂട് കൂടുതലായതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ അന്നേ ദിവസം തന്നെ എയര്‍ കൂളര്‍ കൊണ്ടുവന്നു. കൂളര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് സോക്കറ്റ് കാണാതിരുന്നതിനെ തുടര്‍ന്ന് വെന്റിലേറ്ററിന്റെ പ്ലഗ് ഊരിയശേഷം കൂളറിന്റേത് ഘടിപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വെന്റിലേറ്ററിന്റെ പ്രവര്‍ത്തനം നിലച്ചു. പെട്ടെന്ന് തന്നെ ഡോക്ടര്‍മാരേയും മറ്റും വിവരം അറിയിച്ചു. സിപിആര്‍ നല്‍കിയെങ്കിലും രോഗിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

മൂന്നംഗ കമ്മിറ്റിയെ അന്വേഷണത്തിനായി നിയോഗിച്ചുവെന്ന് ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ നവീന്‍ സക്‌സേന പറയുന്നു. ഡെപ്യൂട്ടി സൂപ്രണ്ട്, നഴ്‌സിങ് സൂപ്രണ്ട്, ചീഫ് മെഡിക്കല്‍ ഓഫീസര്‍ എന്നിവരാണ് സംഭവം അന്വേഷിക്കുന്നത്.

സംഭവത്തിന് കാരണക്കാരായവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണ കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ അദ്ദേഹം വെളിപ്പെടുത്തിയില്ല.

വാര്‍ഡില്‍ ഒരു ഡോക്ടറും 45 മെഡിക്കല്‍ ജീവനക്കാരും ഉണ്ടായിരുന്നുവെന്നും അവരോട് കുടുംബാംഗങ്ങള്‍ അനുവാദം ചോദിച്ചിരുന്നില്ലെന്നും ആരോപണമുണ്ട്. കൂടാതെ, രോഗി മരിച്ചപ്പോള്‍ ജീവനക്കാരോടും ഡോക്ടറോടും ബന്ധുക്കള്‍ മോശമായി പെരുമാറിയെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

pathram:
Related Post
Leave a Comment