വീട് നിര്‍മിക്കാന്‍ സഹായത്തിനായി നാലുവര്‍ഷം നടന്നിട്ടും ലഭിച്ചില്ല; ഗൃഹനാഥന്‍ ജീവനൊടുക്കി

വയനാട് പുല്‍പ്പള്ളി മുള്ളന്‍ കൊല്ലിയില്‍ കഴിഞ്ഞ നാലുവര്‍ഷമായി ഭവന നിര്‍മാണ സഹായത്തിനായി അലഞ്ഞ ഗൃഹനാഥന്‍ ജീവനൊടുക്കി. വീടു ലഭിക്കാത്തതിലുള്ള കടുത്ത മനോവിഷമത്തിലാണ് പാറക്കടവ് വിജയകുമാര്‍ താമസിക്കുന്ന ഷെഡില്‍ കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചതെന്ന് കുടുംബം. ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും ക്രമക്കേടുകള്‍ കാരണം കാലതാമസം വന്നെന്നാണ് ആരോപണം. പൊളിഞ്ഞ ഷെഡിലാണ് മൂന്നു കുട്ടികളടങ്ങിയ കുടുംബം ദുരിതജീവിതം നയിക്കുന്നത്.

പുല്‍പ്പള്ളി പാറക്കടവിലെ ഇടിഞ്ഞു പൊളിയാറായ വീട്ടിലായിരുന്നു വിജയകുമാറും കുടുംബവും കഴിഞ്ഞിരുന്നത്. 2016 ല്‍ രണ്ടുലക്ഷം രൂപ സഹായം നല്‍കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയെങ്കിലും കാലതാമസം വന്നു. തുടര്‍ന്ന് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടാനായി പാവപ്പെട്ട കുടുംബത്തിന്റെ ശ്രമം. ഈ പദ്ധതിയില്‍ ഓടുമേഞ്ഞ വീടുള്ളവരെ ഉള്‍പ്പെടുത്തില്ലെന്നും ഷെഡ് കെട്ടി താമസിക്കണമെന്നും പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥനും മെമ്പറും അറിയിച്ചെന്ന് കുടുംബം പറയുന്നു.

ഇതേത്തുടര്‍ന്ന് മൂന്ന് വര്‍ഷം മുമ്പ് കാലപ്പഴക്കം ചെന്ന വീട് പൊളിച്ചുമാറ്റി ചെറിയ ഷെഡിലേക്ക് താമസം മാറി. ലൈഫ് പദ്ധതയില്‍ വീട് ലഭിച്ചില്ലെങ്കിലും പിഎംഎവൈ പദ്ധതിയില്‍ ഉള്‍പ്പെട്ടു. പട്ടികയില്‍ മുന്നിലുണ്ടായിരുന്ന കുടുംബം പിന്നീട് ക്രമക്കേടുകളെത്തുടര്‍ന്ന് പിന്നിലേക്ക് മാറ്റപ്പെട്ടെന്ന് കുടുംബം ആരോപിക്കുന്നു. അടുത്തകാലത്തൊന്നും വീട് ലഭിക്കില്ല എന്നറിഞ്ഞതാണ് ഗൃഹനാഥന്‍ ജീവനൊടുക്കാന്‍ കാരണമായി ബന്ധുക്കള്‍ പറയുന്നത്. അധികൃതരോട് പരാതി പറഞ്ഞെങ്കിലും ഗൗനിച്ചില്ലെന്ന് കുടുംബം പറയുന്നു. നടപടികള്‍ സ്വീകരിച്ചില്ലങ്കില്‍ സമരം നടത്താനാണ് കുടുംബത്തിന്റെ തീരുമാനം. ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി.

follow us: PATHRAM ONLINE

pathram:
Leave a Comment