നിപ പ്രതിരോധ സമയത്ത് എംപിയായിരുന്ന മുല്ലപ്പള്ളിയെ ഗസ്റ്റ് റോളില്‍ പോലും കാണ്ടിട്ടില്ലെന്ന് സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ്

ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ക്കെതിരെ അധിക്ഷേപിച്ച് പരാമര്‍ശം നടത്തിയ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് മറുപടിയുമായി നിപ പ്രതിരോധത്തിനിടെ ജീവന്‍ നഷ്ടമായ സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ്. കോഴിക്കോട് നിപ പടര്‍ന്നുപിടിച്ചപ്പോള്‍ തിരിഞ്ഞ് നോക്കുക പോലും ചെയ്യാതിരുന്ന ആളാണ് അന്ന് വടകര എം.പിയായിരുന്ന മുല്ലപ്പള്ളിയെന്ന് സജീഷ് പറഞ്ഞു. ലിനയുടെ മരണ ശേഷവും തങ്ങളെ വിളിക്കുക പോലും ചെയ്തില്ല. നിപ പ്രതിരോധ സമയത്ത് ഗസ്റ്റ് റോളില്‍ പോലും ഇല്ലാതിരുന്ന ആളാണ് മുല്ലപ്പള്ളിയെന്നും സജീഷ് കൂട്ടിച്ചേര്‍ത്തു.

നിപ രാജകുമാരി, കൊവിഡ് റാണി എന്നിങ്ങനെയുള്ള പദപ്രയോഗങ്ങളിലൂടെയാണ് മുല്ലപ്പള്ളി ആരോഗ്യ മന്ത്രിയെ അധിക്ഷേപിച്ച് സംസാരിച്ചത്. പ്രസ്താവന വിവാദമായിട്ടും താന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും സ്ത്രീത്വത്തെ അപമാനിച്ചിട്ടില്ലെന്നുമാണ് മുല്ലപ്പള്ളിയുടെ നിലപാട്. നിപ രാജകുമാരി എന്ന് പേരെടുത്ത ശേഷം ആരോഗ്യ മന്ത്രി ഇപ്പോള്‍ കൊവിഡ് റാണി എന്ന പദവിക്കായി ശ്രമിക്കുകയാണെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രസ്താവന. നിപ പടര്‍ന്നുപിടിച്ച സമയത്ത് ഗസ്റ്റ് ആര്‍ട്ടിസ്റ്റായി അവിടെ തമ്പടിച്ച ആരോഗ്യ മന്ത്രി പേരെടുക്കാനാണ് ശ്രമിച്ചത്. നിപ പ്രതിരോധത്തിന്റെ യഥാര്‍ത്ഥ ക്രെഡിറ്റ് ആത്മാര്‍ത്ഥമായി സേവനം ചെയ്ത ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

പ്രവാസികളെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ അവഗണിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുവെയാണ് മുല്ലപ്പള്ളി അവഹേളനപരമായ പരാമര്‍ശം നടത്തിത്. പ്രസ്താവന വിവാദമായതോടെ മുല്ലപ്പള്ളി മാപ്പ് പറയണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇതോടെയാണ് പ്രസ്താവന പിന്‍വലിക്കില്ലെന്ന് വ്യക്തമാക്കി മുല്ലപ്പള്ളി രംഗത്ത് വന്നത്.

അതേസമയം മുല്ലപ്പള്ളിയുടെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസിനുള്ളിലും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പ്രവാസി പ്രശ്‌നത്തില്‍ പ്രതിരോധത്തിലായ സര്‍ക്കാരിന് പ്രതിപക്ഷത്തെ അടിക്കാന്‍ മുല്ലപ്പള്ളി വടി നല്‍കിയെന്നാണ് ഒരു വിഭാഗത്തിന്റെ വിമര്‍ശനം. ആരോഗ്യ മന്ത്രിക്ക് മീഡിയ മാനിയയാണെന്ന ചെന്നിത്തലയുടെ പ്രസ്താവന പ്രതിപക്ഷത്തിന് തന്നെ തിരിച്ചടിയായെന്നും കോണ്‍ഗ്രസില്‍ നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

FOLLOW US: pathram online latest news

pathram:
Related Post
Leave a Comment