ചൈനീസ് ആക്രമണത്തില്‍ ലഡാക്കില്‍ ജവാന്റെ വീരമൃത്യുവില്‍ വികാരനിര്‍ഭരമായ പോസ്റ്റുമായി ബിജെപി നേതാവ്. വീരമൃത്യു വരിച്ച തമിഴ്‌നാട്ടില്‍ നിന്നുള്ള സൈനികന്‍ ഹവില്‍ദാര്‍ പളനിയുടെ മൃതദേഹം സംസ്ഥാനം കാട്ടിയ ആതിഥ്യ മര്യാദയ്ക്കുള്ള പ്രതിഫലമാണോ എന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനോട് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി പി മുരളീധര്‍ റാവു ചോദിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷി ജിന്‍പിങ്ങും 2019 ഒക്ടോബറില്‍ തമിഴ്‌നാട്ടിലെ മാമല്ലപുരത്തുവച്ച് നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് സൂചിപ്പിച്ചാണ് ബിജെപി നേതാവിന്റെ ട്വീറ്റ്.
ലഡാക്കിലെ ഗല്‍വാന്‍ വാലിയില്‍ തിങ്കളാഴ്ച രാത്രി ചൈനീസ് സൈനികരുമായുണ്ടായ സംഘര്‍ഷത്തിനിടെയാണ് പളനി അടക്കമുള്ള 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചത്. ‘ഹവില്‍ദാര്‍ പളനിയുടെ മൃതദേഹം ഏറ്റുവാങ്ങേണ്ടിവന്ന തമിഴ്‌നാട്ടിലെ ജനങ്ങള്‍ ചോദിക്കുന്നത് ഇത് ഷി ജിന്‍പിങ്ങിനോട് മാസങ്ങള്‍ക്ക് മുമ്പ് കാട്ടിയ ആതിഥ്യ മര്യാദയ്ക്കുള്ള സമ്മാനമാണോ എന്നാണ്’ മുരളീധര്‍ റാവു ട്വീറ്റ് ചെയ്തു.
135 കോടി ജനങ്ങളുടെ വിശ്വാസമാണ് ചൈന നഷ്ടപ്പെടുത്തിയത്. വര്‍ഷങ്ങള്‍കൊണ്ട് മാത്രം ആര്‍ജിക്കാനാവുന്ന വിശ്വാസമാണത്. ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യത്തെ ജനങ്ങളുടെ മനസിലുള്ള സല്‍പ്പേരിന് മൂല്യം ഏറെയാണ്. അക്കാര്യം തിരിച്ചറിയണം. സംഘര്‍ഷത്തിന്റെ പാതയിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കാനാവില്ല. ചതിയിലൂടെയും വഞ്ചനയിലൂടെയും സുഹൃത്തുക്കളെ നഷ്ടപ്പെടുത്താം എന്നല്ലാതെ ഒരു നേട്ടവും ഉണ്ടാക്കാനാവില്ല. ഇതിന്റെ പേരില്‍ ചൈനയ്ക്ക് ദുഃഖിക്കേണ്ടി വരുന്ന ദിവസം അകലെയല്ലെന്നും പി മുരളീധര്‍ റാവു ട്വീറ്റ് ചെയ്തു.
വീരമൃത്യു വരിച്ച ഹവില്‍ദാര്‍ കെ പളനി (40)യുടെ മൃതദേഹം തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയിലുള്ള കടുക്കല്ലൂര്‍ ഗ്രാമത്തില്‍ വെള്ളിയാഴ്ച രാവിലെ സൈനിക ബഹുമതികളോടെ സംസ്‌കരിച്ചിരുന്നു. പിന്നാലെയാണ് ട്വീറ്റ്.
follow us: PATHRAM ONLINE
Leave a Comment