ചൈനീസ് സ്മാര്‍ട്ഫോണുകള്‍ക്കു പകരം ഇനി ഇന്ത്യന്‍ സ്മാര്‍ട്ഫോണ്‍; മൂന്ന് ഫോണുകള്‍ ഉടന്‍ പുറത്തിറക്കാന്‍ ഇന്ത്യന്‍ കമ്പനി

ഇന്ത്യന്‍ സ്മാര്‍ട്ഫോണ്‍ ബ്രാന്‍ഡായ മൈക്രോമാക്സ് മൂന്ന് പുതിയ സ്മാര്‍ട്ഫോണുകള്‍ പുറത്തിറക്കാനൊരുങ്ങുന്നു. ഇക്കാര്യം ട്വീറ്റുകളിലൂടെ കമ്പനി സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫോണുകള്‍ അടുത്തമാസം പുറത്തിറക്കുമെന്ന് ഗാഡ്ജെറ്റ് 360 റിപ്പോര്‍ട്ട് ചെയ്യുന്നു. ഏല്ലാ സ്മാര്‍ട്ഫോണുകളും 10000 രൂപയില്‍ താഴെ വിലയുള്ളവയായിരിക്കും. അതില്‍ ഒന്ന് പ്രീമിയം ഫീച്ചറുകള്‍ ഉള്‍ക്കൊള്ളുന്ന ആധുനിക രൂപകല്‍പനയിലുള്ള ഒന്നായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ചൈനീസ് സ്മാര്‍ട്ഫോണുകള്‍ക്ക് പകരം ഫോണുകള്‍ പുറത്തിറക്കാമോ എന്നുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് മൈക്രോമാക്സ് ട്വിറ്ററിലൂടെ പുതിയ സ്മാര്‍ട്ഫോണുകള്‍ ഒരുക്കുന്ന വിവരം സ്ഥിരീകരിച്ചത്.

ഇന്ത്യാ ചൈന സംഘര്‍ഷത്തിനിടെ വലിയ രീതിയില്‍ ചൈന വിരുദ്ധ വികാരം രാജ്യത്ത് ഉടലെടുത്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി ചൈനീസ് സ്മാര്‍ട്ഫോണുകള്‍ ബഹിഷ്‌കരിച്ച് പകരം മൈക്രോ മാക്സ് പോലുള്ള ഇന്ത്യന്‍ നിര്‍മിത ബ്രാന്‍ഡുകളുടെ ഫോണുകള്‍ ഉപയോഗിക്കാനുള്ള ആഹ്വാനം ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്.

#VocalForLocal എന്ന പേരില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ സജീവമാണ്.

അതേസമയം നേരത്തെ ചൈനീസ് ഫോണുകള്‍ റീബ്രാന്‍ഡ് ചെയ്ത് ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടുള്ള കമ്പനിയാണ് മൈക്രോമാക്സ്. യു യുറേക്ക എന്ന ഫോണ്‍ കൂള്‍പാഡ് എഫ്2 8675 ന്റെ റീബ്രാന്‍ഡ് ചെയ്ത പതിപ്പാണ്. മൈക്രോമാക്സ് ഡ്യുവല്‍ 4 സെഡിടിഇ ബ്ലേഡ് വി8 ന്റെ റീബ്രാന്‍ഡ് ചെയ്ത പതിപ്പായിരുന്നു.

ചൈനാവിരുദ്ധ വികാരം ഒരുക്കിയിരിക്കുന്ന അവസരം മുതലെടുത്ത് ഇന്ത്യന്‍ സ്മാര്‍ട്ഫോണ്‍ വിപണിയില്‍ സ്ഥാനം ഉറപ്പിക്കാന്‍ മൈക്രോമാക്സിന് സാധിക്കുമോ എന്ന് കണ്ടറിയേണ്ടിരിക്കുന്നു.

FOLLOW US: pathram online

pathram:
Leave a Comment