ചീട്ടുകളിയില്‍ പോലീസ് പിടിച്ചെടുത്ത പണം തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് യുവാവ് കോടതിയില്‍

വഡോദര: ചീട്ടുകളിക്കുന്നതിനിടെ ഉണ്ടായ പോലീസ് റെയ്ഡില്‍ നഷ്ടപ്പെട്ട പണം തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് യുവാവ് കോടതിയെ സമീപിച്ചു. വഡോദര മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ശുചീകരണ തൊഴിലാളിയായ ഹിതേഷ് പര്‍മര്‍ എന്നയാളാണ് കോടതിയെ സമീപിച്ചത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് പരാതിക്കാധാരമായ പോലീസ് റെയ്ഡ് നടന്നത്. അന്ന് ചീട്ടുകളിക്കിടെ നടന്ന റെയ്ഡില്‍ ഹിതേഷിന്റെ 15,500 രൂപ പോലീസ് പിടിച്ചെടുത്തിരുന്നു. ഈ തുക തിരികെ വേണമെന്ന് ആവശ്യപ്പെട്ടാണ് ഇയാള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.

ലോക്ക്ഡൗണ്‍ തുടങ്ങിയ ശേഷം ശമ്പളം ലഭിച്ചിട്ടില്ലെന്നും അതിനാല്‍ വീട്ടുചെലവുകള്‍ നടത്താന്‍ പോലീസ് പിടിച്ചെടുത്ത പണം തിരികെ വേണമെന്നുമാണ് ഹിതേഷിന്റെ ആവശ്യം. പോലീസ് കസ്റ്റഡിയില്‍ വെറുതെയിരിക്കുന്ന പണം തിരികെ ലഭിച്ചാല്‍ തനിക്ക് വീട്ടിലേക്ക ആവശ്യമായ അരിയും പച്ചക്കറികളും വാങ്ങാന്‍ കഴിയുമെന്നും ഇയാള്‍ അഭിഭാഷകന്‍ മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. ചീട്ടുകളിക്കിടെ 25830 രൂപയാണ് പോലീസ് പിടിച്ചെടുത്തത്. ഇതില്‍ 15500 രൂപ ഹിതേഷിന്‍െ്റയാണ്.

ശുചീകരണ തൊഴിലാളിയായ ഹിതേഷിന് മാസം 9000 രൂപയാണ് ശമ്പളം. അമ്മയും ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബം ഇയാളുടെ വരുമാനത്തെ ആശ്രയിച്ചാണ് കഴിയുന്നത്. നേരത്തെ ശമ്പളം ക്രമപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വഡോദര മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ശുചീകരണ തൊഴിലാളികള്‍ സമരം ചെയ്തിരുന്നു. ഇവര്‍ സമരം അവസാനിപ്പിച്ചതിന് തൊട്ടുപിന്നാലെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇതോടെ മൂന്ന് മാസമായി ശമ്പളമില്ലാത്ത അവസ്ഥയിലാണ് തൊഴിലാളികള്‍.

follow us: PATHRAM ONLINE LATEST NEWS

pathram:
Leave a Comment