കോവിഡ് ടെസ്റ്റ്; സർക്കാറിനെതിരെ തിരിഞ്ഞ് പ്രവാസലോകം

പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റും രോഗമില്ലെന്ന സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട് വന്‍ രാഷ്ട്രീയ വിവാദമായി വളരുന്നു. പ്രവാസികള്‍ സര്‍ക്കാര്‍ നിലപാടില്‍ കടുത്ത പ്രതിഷേധത്തിലാണ്. പ്രതിപക്ഷം ഇത് രാഷ്ട്രീയ ആയുധമാക്കിക്കഴിഞ്ഞു. എന്നാല്‍ആരോഗ്യസുരക്ഷയില്‍ വിട്ടുവീഴ്ചയില്ലെന്ന ഉറച്ച നിലപാടിലാണ് മുഖ്യമന്ത്രിയും സര്‍ക്കാരും.

സംസ്ഥാനത്തേക്ക് മടങ്ങുന്നവരുടെയും ഇവിടെയുള്ളവരുടെയും ആരോഗ്യസുരക്ഷ കരുതിയാണ് ഈ നിലപാടെന്നാണ് മുഖ്യമന്ത്രിയുംസര്‍ക്കാരും വിശദീകരിക്കുന്നത്.ലോകാരോഗ്യസംഘടനയുടെ മാനദണ്ഡമനുസരിച്ച് രോഗമുള്ളവര്‍ക്ക് ഇതര രാജ്യങ്ങളിലേക്ക് യാത്രാനുമതിയില്ല. എന്നാല്‍ പ്രവാസലോകത്തെ ഇത് ബോധ്യപ്പെടുത്തുക എളുപ്പമല്ല. ചികിത്സ കിട്ടുമോ എന്ന് ഉറപ്പില്ലാത്ത രാജ്യങ്ങളില്‍ , ജോലിയും സമ്പാദ്യവുമെല്ലാം നഷ്ടപ്പെട്ടു നില്‍ക്കുന്നവരോട് ഇക്കാര്യം വിശദീകരിക്കുക സംസ്ഥാന സര്‍ക്കാരിന് എളുപ്പമാവില്ല. എങ്ങനെയും നാടിന്‍റെ സുരക്ഷിതത്വത്തിലേക്ക് എത്തണമെന്ന് ആഗ്രഹിക്കുന്നവരുടെ മുന്നില്‍ ഇടതനുകൂല പ്രവാസിസംഘടനകള്‍ക്കും സര്‍ക്കാര്‍ നിലപാട് ന്യായീകരിക്കാന്‍ പറ്റില്ല. അതേസമയം സര്‍ക്കാര്‍ നിലപാട് പ്രവാസികളോടുള്ള വഞ്ചനയാണെന്ന് പറഞ്ഞ് സമരപരിപാടികള്‍ക്ക് ഒരുങ്ങുകയാണ് പ്രതിപക്ഷം. യുഡിഎഫ് എനുകൂല പ്രവാസിസംഘടനകളും സമൂഹമാധ്യമങ്ങളിലടക്കം സര്‍ക്കാരിനെതിരെ പ്രതിഷേധമഴിച്ചുവിട്ടിരിക്കുകയാണ്.

പ്രതിപക്ഷനേതാവ് നാളെ സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപവസിക്കുന്നതോടെ സമരപരിപാടികള്‍ വ്യാപകമാക്കാനാണ് യുഡിഎഫിന്‍റെ ആലോചന. ബിജെപിയാകട്ടെ സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ക്കുന്നുവെന്ന് മാത്രമല്ല, ടെസ്റ്റ് നടത്തേണ്ടചുമതല കേന്ദ്രത്തിന് മുകളിലേക്ക് വെക്കുന്നതിനെയും നിശിതമായി വിമര്‍ശിക്കുന്നു. ഇതോടെ ശബരിമല പ്രശ്നത്തിന് ശേഷം സര്‍ക്കാര്‍നേരിടുന്ന ഏറ്റവും കടുത്ത പ്രതിസന്ധിയായി പ്രവാസികളുടെ മടങ്ങി വരവ് മാറുകയാണ്.

Follow us: pathram online

pathram desk 2:
Related Post
Leave a Comment