ആണി തറച്ച ബാറ്റും ഇരുമ്പ് കമ്പി ചുറ്റിയ ദണ്ഡും ഉപയോഗിച്ച് ഇന്ത്യന്‍ സംഘത്തെ ക്രൂരമായി ആക്രമിച്ചു

അതിര്‍ത്തിയിലുണ്ടാകുന്ന വാക്കുതര്‍ക്കങ്ങള്‍ പലപ്പോഴും കല്ലേറിലാണു കലാശിക്കാറുള്ളത്.. ഇത്തരം സംഘട്ടനങ്ങളില്‍ സേനകള്‍ ഉപയോഗിക്കുന്ന പ്രധാന ആയുധമാണു കല്ല്. എന്നാല്‍, ആക്രമണത്തിനായി കരുതിക്കൂട്ടിയെത്തിയ ചൈനീസ് സേന ആണിതറച്ച ബേസ്‌ബോള്‍ ബാറ്റും ഇരുമ്പുകമ്പി ചുറ്റിയ ദണ്ഡും ഉപയോഗിച്ച് സന്തോഷിനെയും സംഘത്തെയും ക്രൂരമായി ആക്രമിച്ചു. തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും എണ്ണത്തില്‍ കൂടുതലായിരുന്ന ചൈനക്കാര്‍ ഇവരെ കീഴ്‌പ്പെടുത്തി.

വയര്‍ലസില്‍ വിവരം ലഭിച്ചതോടെ ഇന്‍ഫന്‍ട്രി ബറ്റാലിയനില്‍ നിന്നു കൂടുതല്‍ ഇന്ത്യന്‍ സൈനികര്‍ സംഭവസ്ഥലത്തേക്കു കുതിച്ചെത്തി. തങ്ങളുടെ ഭാഗത്തേക്കു കടന്നുകയറിയ ഇന്ത്യ രണ്ടാമതും അതിര്‍ത്തി ലംഘിച്ചെന്ന് ചൈനയുടെ ആരോപണം. പട്രോള്‍ പോയിന്റിന്റെ 5 കിലോമീറ്റര്‍ പിന്നിലായി നിലയുറപ്പിച്ചിരുന്ന കൂടുതല്‍ ചൈനീസ് സേനാംഗങ്ങളും സ്ഥലത്തെത്തി.

കമാന്‍ഡിങ് ഓഫിസര്‍ ചോരയില്‍ കുളിച്ചു കിടക്കുന്നതു കണ്ട ഇന്ത്യന്‍ ജവാന്‍മാര്‍ ചൈനീസ് സംഘത്തിനു നേരെ കുതിച്ചു. ഇരുമ്പു ദണ്ഡും ബാറ്റും കല്ലുമുപയോഗിച്ച് എണ്ണൂറോളം പേര്‍ ഏറ്റുമുട്ടി. ഒട്ടേറെ പേര്‍ക്കു തലയ്ക്കുള്‍പ്പെടെ ഗുരുതരമായി പരുക്കേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചെ 2 മണി വരെ സംഘട്ടനം നീണ്ടു. കൂട്ടപ്പൊരിച്ചിലിനിടയില്‍ സമീപമുള്ള ഗര്‍ത്തത്തിലേക്കും ഗല്‍വാന്‍ നദിയിലേക്കും ഇരുരാജ്യങ്ങളുടെയും ഭടന്മാര്‍ വീണു. മുങ്ങിപ്പോകാനുള്ള വെള്ളമില്ലാത്ത നദിയിലെ കൊടുംതണുപ്പും മരണകാരണമായി.

സൈനികര്‍ നദിയില്‍ വീണുവെന്ന സന്ദേശം ഇന്‍ഫന്‍ട്രി ആസ്ഥാനത്ത് ലഭിച്ചെങ്കിലും രാത്രിയായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിനു ഹെലികോപ്റ്റര്‍ അയയ്ക്കാനായില്ല. ചൊവ്വാഴ്ച രാവിലെ ഗല്‍വാന്‍ നദിയുടെ തെക്കന്‍ തീരത്ത് ഹെലികോപ്റ്ററില്‍ ഇന്ത്യന്‍ സേനാംഗങ്ങള്‍ പറന്നിറങ്ങിയെങ്കിലും സ്ഥലത്തുണ്ടായിരുന്ന ചൈനീസ് സൈനികര്‍ രക്ഷാപ്രവര്‍ത്തനം തടഞ്ഞു.

പിന്നാലെ സേനയുടെ ഡിവിഷനല്‍ കമാന്‍ഡര്‍ മേജര്‍ ജനറല്‍ അഭിജിത് ബാപത് ഹെലികോപ്റ്ററില്‍ സ്ഥലത്തെത്തി. ഏറെ നേരത്തേ വാഗ്വാദത്തിനു ശേഷമാണു ചൈനീസ് സേന പിന്‍മാറിയത്. അപ്പോഴേക്കും പലരും മരണത്തിനു കീഴടങ്ങിയിരുന്നു. ഗുരുതരമായി പരുക്കേറ്റവരെ ലേയിലെ സൈനിക ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

follow us: PATHRAM ONLINE LATEST NEWS

pathram:
Leave a Comment