സംഘര്‍ഷം രമ്യമായി പരിഹരിക്കും; ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ച നടത്തി

ഗല്‍വാന്‍ താഴ്‌വരയിലുണ്ടായ സംഘര്‍ഷത്തിന് ശേഷം ആദ്യമായി നയതന്ത്ര തലത്തില്‍ ഇന്ത്യചൈന വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ച നടത്തി. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയും തമ്മില്‍ നടന്ന ടെലിഫോണ്‍ സംഭാഷണത്തില്‍ അതിര്‍ത്തിയിലെ നിലവിലെ സ്ഥിതിഗതികളെക്കുറിച്ച് ചര്‍ച്ച ചെയ്തു. ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ നടന്ന ക്രൂരമായ ആക്രമണങ്ങള്‍ അടക്കമുള്ള വിഷയങ്ങള്‍ ജയശങ്കര്‍ ചൈനീസ് വിദേശകാര്യ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

അതിര്‍ത്തിയില്‍ എത്രയും വേഗം സൈനികരുടെ പിന്‍മാറ്റം പൂര്‍ത്തിയാക്കാന്‍ ചര്‍ച്ചയില്‍ തീരുമാനമായതായി ചൈനീസ് വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. സംഘര്‍ഷം രമ്യമായി പരിഹരിക്കുന്നതിന് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയതായും ചൈനയെ ഉദ്ധരിച്ച് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഇരുരാജ്യങ്ങളും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്നും മുന്‍നിര സൈനികരെ നിയന്ത്രിക്കണമെന്നും ചൈനീസ് വിദേശകാര്യമന്ത്രി ഇന്ത്യയോട് ആവശ്യപ്പെട്ടു. ചൈനീസ് സൈനികരെ പ്രകോപിപ്പിക്കുകയും അക്രമിക്കുകയും ചെയ്തതാണ് കിഴക്കന്‍ ലഡാക്കിലുണ്ടായ ഏറ്റുമുട്ടലില്‍ കലാശിച്ചതെന്നാണ് ചൈനയുടെ നിലപാട്. ഇന്ത്യയുമായി കൂടുതല്‍ അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്ക് ആഗ്രഹിക്കുന്നില്ലെന്നും പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ സമാധാനപരമായി പരിഹരിക്കുന്നതിനാണ് ശ്രമിക്കുന്നതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഷാവോ ലി ജിയാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

pathram:
Related Post
Leave a Comment