‘ഒരേയൊരു മകനെ നഷ്ടപ്പെട്ടതില്‍ വിഷമമുണ്ട്, മാതൃരാജ്യത്തിന് വേണ്ടിയാണ് ജീവന്‍ വെടിഞ്ഞതെന്നോര്‍ക്കുമ്പോള്‍ അഭിമാനവും, ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ കൊല്ലപ്പെട്ട കേണല്‍ ബി.സന്തോഷ് ബാബുവിന്റെ അമ്മ

ഹൈദരാബാദ്: മാതൃരാജ്യത്തിന് ജീവന്‍ വെടിഞ്ഞ മകനെ ഓര്‍ത്ത് അഭിമാനമുണ്ടെന്ന് ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ കൊല്ലപ്പെട്ട സൈനികന്‍ കേണല്‍ ബി.സന്തോഷ് ബാബുവിന്റെ അമ്മ മഞ്ജുള. ‘ഒരേയൊരു മകനെ നഷ്ടപ്പെട്ടതില്‍ വിഷമമുണ്ട്, അതേസമയം, അവന്‍ രാജ്യത്തിന് വേണ്ടിയാണ് ജീവന്‍ വെടിഞ്ഞത് എന്നത് അഭിമാനം നല്‍കുന്ന കാര്യമാണെന്ന് മഞ്ജുള വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസിനോട് പ്രതികരിച്ചു.

ഞായറാഴ്ചയാണ് അവസാനമായി മകനോട് സംസാരിച്ചത്. ആ പ്രദേശത്ത് നിന്നും പുറത്തുവരുന്ന സംഘര്‍ഷങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ റിപ്പോര്‍ട്ടുകളൊന്നും വിശ്വസിക്കേണ്ടെന്നും യഥാര്‍ഥ സ്ഥിതി വ്യത്യസ്തമാണ് എന്നാണ് സന്തോഷ് പറഞ്ഞത്- മജ്ഞുള കൂട്ടിച്ചേര്‍ത്തു.

മകനെ നഷ്ടമായെന്ന വിവരം ആദ്യം വിശ്വസിക്കാന്‍ സാധിച്ചില്ലെന്ന് കേണല്‍ സന്തോഷിന്റെ പിതാവ് ഉപേന്ദര്‍ പ്രതികരിച്ചു. ഉച്ചയോടെയാണ് ഞങ്ങള്‍ വിവരമറിഞ്ഞത്. മരണവാര്‍ത്ത വിശ്വസിക്കാന്‍ സാധിച്ചില്ലെങ്കിലും അത് സത്യമായിരുന്നു, ഏക മകനെ ഞങ്ങള്‍ക്ക് നഷ്ടമായിരിക്കുന്നുവെന്ന് ഉപേന്ദര്‍ പ്രതികരിച്ചു. റിട്ട. ബാങ്ക് ഉദ്യോഗസ്ഥനാണ് ഉപേന്ദര്‍.

‘ആറാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്താണ് സന്തോഷ് സൈനിക് സ്‌കൂളില്‍ ചേര്‍ന്നത്. എനിക്കും സൈന്യത്തില്‍ ചേരാനായിരുന്നു ആഗ്രഹം. എന്നാല്‍ അത് പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ല. മകനിലൂടെ ഈ ആഗ്രഹം സഫലമാക്കുകയായിരുന്നു. സന്തോഷ് വളരെ കഴിവുള്ളവനും 15 വര്‍ഷത്തെ സര്‍വീസിനിടെ കേണല്‍ റാങ്ക് വരെയുള്ള സ്ഥാനക്കയറ്റങ്ങള്‍ സ്വന്തമാക്കിയ സൈനികനുമായിരുന്നു’- കേണല്‍ സന്തോഷിനെക്കുറിച്ചുള്ള ഓര്‍മകള്‍ അദ്ദേഹം പങ്കുവെച്ചു.

16 ബിഹാര്‍ റെജിമെന്റില്‍ നിന്നുള്ള ഉദ്യോഗസ്ഥനാണ് കേണല്‍ സന്തോഷ് ബാബു. ഒന്നരവര്‍ഷമായി ഇന്ത്യ-ചൈന അതിര്‍ത്തിയിലാണ് സേവനം ചെയ്തിരുന്നത്. ഹൈദരാബാദിലേക്ക് സ്ഥലമാറ്റം ലഭിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്.

ഇന്നലെ രാത്രിയാണ് കേണല്‍ സന്തോഷ് ബാബു ഉള്‍പ്പെടെ മൂന്ന് സൈനികര്‍ കിഴക്കന്‍ ലഡാക്കിലെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്.

pathram:
Related Post
Leave a Comment