പണവും രാഷ്ട്രീയവും അധോലോകബന്ധങ്ങളും ഉപയോഗിച്ച് ആരെയും ഇല്ലാതാക്കാൻ സൽമാൻ ഖാൻ മടിക്കില്ല: ‘ദബങ്’ സംവിധായകൻ

ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരെ ഗുരുതര ആരോപണങ്ങളുമായി ‘ദബങ്’ സംവിധായകന്‍ അഭിനവ് സിങ് കശ്യപ്. പണവും രാഷ്ട്രീയവും അധോലോകബന്ധങ്ങളും ഉപയോഗിച്ച് ആരെയും ഭീഷണിപ്പെടുത്താനും ഇല്ലാതാക്കാനും സല്‍മാന്‍ ഖാന്‍ മടിക്കില്ലെന്ന അഭിനവ് വെളിപ്പെടുത്തി.

കഴി‍ഞ്ഞ 10 വര്‍ഷമായി ഇത് താന്‍ നേരിട്ട് അനുഭവിക്കുന്നതാണെന്നും തന്റെ പക്കല്‍ തെളിവുകളുണ്ടെന്നും അഭിനവ് സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി. സുശാന്തിനെപ്പോലെ താന്‍ ആത്മഹത്യ ചെയ്യില്ലെന്നും അവസരങ്ങള്‍ നഷ്ടപ്പെട്ടതിന്റെ പേരിലോ അഭിമാനത്തോടെ ജോലി ചെയ്യാന്‍ കഴിയാത്തതിന്റെ പേരിലോ ഇനിയൊരാള്‍ ബോളിവുഡില്‍ ബലിയാട് ആകാതിരിക്കുന്നതിനാണ് തന്റെ ശ്രമമെന്നും അഭിനവ് പറഞ്ഞു.

സല്‍മാന്‍ ഖാന്റെ കുടുംബത്തിനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് അഭിനവ് നടത്തിയത്. സല്‍മാന്‍ ഖാന്‍ നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം ദബാങ്ങിന്റെ സംവിധായകനായിരുന്നു അഭിനവ് സിങ് കശ്യപ്. എന്നാല്‍, ആ ചിത്രത്തിനു ശേഷം സ്വതന്ത്രമായി മറ്റൊരു സിനിമ ചെയ്യാന്‍ ശ്രമിച്ച അഭിനവിന് സല്‍മാന്‍ ഖാന്റെ കുടുംബത്തില്‍ നിന്ന് നേരിടേണ്ടി വന്നത് നിരന്തരമായ പീഡനങ്ങളായിരുന്നു.

മറ്റ് നിര്‍മാണ കമ്പനികളുമായി കരാറില്‍ ഏര്‍പ്പെടാന്‍ ശ്രമിച്ചെങ്കിലും സല്‍മാന്‍ ഖാന്റെ ഭീഷണികള്‍ക്കു മുന്‍പില്‍ ആ കമ്പനികള്‍ പിന്മാറി. ഒടുവില്‍ റിലയന്‍സുമായി സഹകരിച്ച് ‘ബേശരം’ എന്ന സിനിമ സംവിധാനം ചെയ്യാന്‍ അഭിനവിനായി. എന്നാല്‍ ആ ചിത്രത്തിനെതിരെ മോശം പ്രചാരണമാണ് സല്‍മാന്‍ ഖാന്റെ ഏജന്‍സി അഴിച്ചുവിട്ടതെന്ന് അഭിനവ് ആരോപിച്ചു.

ചിത്രത്തിന്റെ റിലീസ് തടയാന്‍ സല്‍മാന്റെ ഭാഗത്തു നിന്ന് വഴിവിട്ട ശ്രമങ്ങളുണ്ടായി. അതോടെ വിതരണ കമ്പനികള്‍ പിന്മാറി. എങ്കിലും റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ് ചിത്രം തിയറ്ററുകളിലെത്തിച്ചു. സിനിമയെയ്ക്കെതിരെ വ്യാപക ട്രോളുകളും പ്രചാരണങ്ങളും നടത്തി ചിത്രത്തെ പരാജയപ്പെടുത്താനും സല്‍മാന്‍ ഖാന്‍‍ ശ്രമിച്ചെന്ന് അഭിനവ് പറയുന്നു. ബോക്സ് ഓഫീസില്‍ ചിത്രം പരാജയപ്പെട്ടെങ്കിലും 58 കോടി നേടാന്‍ സിനിമയ്ക്കു കഴിഞ്ഞു. പിന്നീട് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം വില്‍ക്കാന്‍ ശ്രമിച്ചപ്പോഴും സല്‍മാന്‍ ഖാന്റെ കുടുംബത്തിന്റെ ഇടപെടലുണ്ടായെന്ന് അഭിനവ് ആരോപിച്ചു.

കരിയര്‍ മാത്രമല്ല വ്യക്തിജീവിതം തകര്‍ക്കാനും സല്‍മാന്‍ ഖാന്റെ കുടുംബം ശ്രമിച്ചതായി അഭിനവ് വെളിപ്പെടുത്തി. സല്‍മാന്‍ ഖാന്‍, പിതാവ് സലിം ഖാന്‍, സഹോദരങ്ങളായ അര്‍ബാസ് ഖാന്‍, സൊഹൈല്‍ ഖാന്‍ എന്നിവര്‍ക്കും ഇതില്‍ പങ്കുണ്ടെന്ന് അഭിനവ് പറയുന്നു. കുടുംബാംഗങ്ങളെ അപകടപ്പെടുത്തുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഭീഷണികളുണ്ടായി. ഇവരുടെ നിരന്തരശല്യം നിമിത്തം വിവാഹബന്ധം വരെ വേര്‍പ്പെടുത്തേണ്ടി വന്നതായി അഭിനവ് വെളിപ്പെടുത്തി.

പൊലീസില്‍ പരാതിപ്പെട്ടെങ്കിലും അവിടെ നിന്നും സഹായം ലഭിച്ചില്ലെന്നും അഭിനവ് പറയുന്നു. സല്‍മാന്‍ ഖാന്റെ ഇഷ്ടത്തിനനുസരിച്ച് നില്‍ക്കാന്‍ തയാറാവാത്തതിന്റെ പേരിലാണ് ഇത്രയും പീഡനങ്ങള്‍ നേരിടേണ്ടി വന്നത്. എന്നാല്‍, താരത്തിന്റെ ഭീഷണിക്കു മുന്നില്‍ മുട്ടു മടക്കാന്‍ തന്നെ കിട്ടില്ലെന്നും സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ അഭിനവ് വ്യക്തമാക്കി. ‘അവര്‍ക്കു മുന്‍പില്‍ ഇനി മുട്ടുമടക്കില്ല. ഇതിന് ഒരു അന്ത്യം കാണുന്നതു വരെ പോരാടും. ഇതില്‍ കൂടുതല്‍ സഹിക്കാന്‍ കഴിയില്ല. തിരിച്ചു പൊരുതേണ്ട സമയമായി,’ അഭിനവ് കുറിച്ചു.

മീ ടൂ, ബോയ്കോട്ട് സല്‍മാന്‍ ഖാന്‍ എന്നീ ഹാഷ്‍ടാഗുകളോടെ അഭിനവ് പങ്കുവച്ച കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലായി. നിരവധി പേര്‍ അഭിനവിന്റെ പോസ്റ്റ് പങ്കുവച്ചു. പലരും പുറത്തു പറയാന്‍ ധൈര്യം കാണിക്കാത്ത സത്യങ്ങളാണ് അഭിനവ് വിളിച്ചു പറഞ്ഞിരിക്കുന്നതെന്നും ബോളിവുഡ് വിചിന്തനത്തിന് തയാറാകണമെന്നും സിനിമാപ്രേമികള്‍ ആവശ്യപ്പെട്ടു.

Follow us pathram online latest news updates

pathram desk 2:
Leave a Comment