കൂടുതല്‍ നിര്‍ണായക മൊഴികള്‍ ലഭിച്ചു; സൂരജിന്റെ അമ്മയെ വീണ്ടും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് ഒരുങ്ങുന്നു

അഞ്ചല്‍ സ്വദേശിനി ഉത്ര മരിച്ച സംഭവത്തില്‍ സൂരജിന്റെ അമ്മ രേണുകയെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. ഇതിനായി പ്രത്യേക ചോദ്യാവലി തയാറാക്കി. മുന്‍പു പലതവണ സൂരജിന്റെ അമ്മയെയും സഹോദരിയെയും ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തിരുന്നു. ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം കുടുംബാംഗങ്ങള്‍ക്കെതിരെ കേസുണ്ട്. അതേ സമയം, സൂരജിനെതിരെ അന്വേഷണ സംഘത്തിന് നിര്‍ണായകമായ മൊഴികള്‍ ലഭിച്ചു. പാമ്പു കടിയേറ്റ ഉത്രയെ ചികില്‍സിച്ച ഡോക്ടര്‍മാരാണ് സൂരജിനെതിരെ മൊഴി നല്‍കിയത്.

പാമ്പിനെ വിലയ്ക്കു വാങ്ങിയതിനും തല്ലിക്കൊന്നതിനും സൂരജിനെതിരെ വനംവകുപ്പ് കേസെടുത്തിരുന്നു. പാമ്പിനെ അതിന്റെ ആവാസ വ്യവസ്ഥയില്‍ നിന്നു പിടിക്കുകയും വില്‍ക്കുകയും ചെയ്തതിന് രണ്ടാം പ്രതി സുരേഷിനെതിരെയും കേസുണ്ട്. റിമാന്‍ഡിലുള്ള ഇരുവരെയും കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന വനം വകുപ്പിന്റെ അപേക്ഷ പുനലൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ചു. നാളെ ഇരുവരുമായി വനം വകുപ്പ് തെളിവെടുപ്പു നടത്തും.

ഉത്ര വധക്കേസില്‍ ഭര്‍ത്താവ് സൂരജും ഇയാളുടെ അച്ഛന്‍ സുരേന്ദ്രനും പാമ്പ് പിടുത്തക്കാരന്‍ സുരേഷുമാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. സാക്ഷികള്‍ ഇല്ലാത്ത കൊലപാതമായതിനാല്‍ പരമാവധി വേഗത്തില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച് തൊണ്ണൂറ് ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുമെന്ന് റൂറല്‍ എസ്പി ഹരിശങ്കര്‍ പറഞ്ഞു.

FOLLOW US: pathram online latest news

pathram:
Leave a Comment